ആറ്റിങ്ങല്‍: തിരുവനന്തപുരം ആറ്റിങ്ങലില്‍ വന്‍ എംഡിഎംഎ വേട്ട. ഒന്നരക്കിലോ എംഡിഎംഎ ആണ് പിടികൂടിയത്. തിരുവനന്തപുരം കല്ലമ്പലം മാവിന്‍മൂട് വലിയകാവ് സ്വദേശികളില്‍ നിന്നാണ് എംഡിഎംഎ പിടികൂടിയത്. നാലുപേര്‍ ഡാന്‍സാഫിന്റെ പിടിയിലായിട്ടുണ്ട്. സഞ്ജു, നന്ദു, ഉണ്ണികൃഷ്ണൻ, പ്രവീൺ എന്നിവരാണ് പിടിയിലായത്. 

To advertise here,

വിദേശത്തുനിന്ന് കടത്തിക്കൊണ്ടുവന്ന എംഡിഎംഎ ആണ് പിടിച്ചെടുത്തത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരമണിയോടെയാണ് സംഭവം.പുലർച്ചെ ഒമാനിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയതാണ് സഞ്ജുവും നന്ദുവും. ഇവർ വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങി ശേഷം കല്ലമ്പലം ഭാഗത്തേക്ക് ഒരു ഇന്നോവ കാറിലാണ് സഞ്ചരിച്ചത്. ഇവരുടെ സാധനങ്ങൾ എല്ലാം തന്നെ മറ്റൊരു പിക്കപ്പിൽ എത്തിയ ഉണ്ണിക്കുട്ടനും പ്രവീണുമാണ് കൂടെ കൊണ്ടുവന്നത്. രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ വലയിലാകുന്നത്. 

വിമാനത്താവളം മുതല്‍ തന്നെ പോലീസ് നിരീക്ഷണത്തിലായിരുന്നു ഇവര്‍. സഞ്ചരിച്ച ഇന്നോവ കാര്‍ പോലീസ് കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോകുകയായിരുന്നു. പിന്തുടര്‍ന്ന് വാഹനം തടഞ്ഞ് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തുന്നത്. ഈന്തപ്പഴം പൊതിഞ്ഞ് കൊണ്ടുവന്ന ബാഗേജിനുള്ളിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്.  ഇവരിൽ നിന്നും 15 ലിറ്ററോളം വരുന്ന വിദേശമദ്യവും പിടികൂടി.

പിടിയിലായ പ്രതികള്‍ അടുത്തിടെ വിദേശസന്ദര്‍ശനം നടത്തിയിരുന്നു. സഞ്ജു ഈ മാസം ആദ്യയാഴ്ചയും നന്ദു കഴിഞ്ഞമാസവുമാണ് വിദേശത്തേക്ക് പോയത്. കസ്റ്റംസിന്റെ കയ്യില്‍പ്പെടാതെ ലഹരി എങ്ങനെ പുറത്തെത്തിച്ചു എന്നതിലടക്കം സംശയം ഉയരുന്നുണ്ട്.