കൂത്താട്ടുകുളം: കാക്കൂര്‍ പാലച്ചുവട് കല്ലുവളവിങ്കല്‍ സണ്ണി വര്‍ക്കിയുടെ മകന്‍ സോണി (32) അയല്‍വാസിയുടെ കുത്തേറ്റ് മരിച്ചു. സംഭവത്തില്‍ കാക്കൂര്‍ മണക്കാട്ട് താഴം മഹേഷിനെ (44) പോലീസ് പിടികൂടി. തിങ്കളാഴ്ച രാത്രി ഏഴോടെയാണ് സംഭവം.

To advertise here,

റൂഫിങ് തൊഴിലാളിയായ സോണി പണി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ മഹേഷ് വീട്ടില്‍നിന്ന് വിളിച്ചിറക്കി കുത്തുകയായിരുന്നു. തലയ്ക്കും നെഞ്ചിനും കുത്തേറ്റ് മുറ്റത്തുവീണ സോണിയെ അയല്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

സോണിയുടെ നിലവിളി കേട്ട് അയല്‍ക്കാര്‍ ഓടിയെത്തിയപ്പോഴേക്കും മഹേഷ് ഓടി സമീപത്തുള്ള സ്വന്തം വീട്ടില്‍ കയറി വാതിലടച്ചു. കൂത്താട്ടുകുളം പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. മൃതദേഹം കൂത്താട്ടുകുളം ദേവമാതാ ആശുപത്രി മോര്‍ച്ചറിയില്‍.

സോണിയും മഹേഷും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നെന്നും ഞായറാഴ്ചയും സോണിയെ മഹേഷ് വീടുകയറി ഭീഷണിപ്പെടുത്തിയിരുന്നെന്നും അയല്‍ക്കാര്‍ പറഞ്ഞു.

മഹേഷ് വിവാഹിതനാണെങ്കിലും തനിച്ചാണ് താമസം. മരിച്ച സോണിയുടെ മാതാവ് : മോളി. സഹോദരന്‍ : പരേതനായ സലി.