
ഷില്ലോങ് (മേഘാലയ): യുവാവിനെ ഷില്ലോങിലെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അസമിലെ ഗുവാഹാട്ടിയില്‍ താമസക്കാരനായ സിജോ ജോസഫി(47)നെയാണ് ഷില്ലോങ് പോലീസ് ബസാറിലെ 'അസംബ്ലി' ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടത്. ഇദ്ദേഹം മലയാളിയാണെന്നാണ് പോലീസിന്റെ സംശയം.
ഹോട്ടലില്‍ മുറിയെടുത്ത യുവാവിനെ പുറത്തുകാണാത്തതിനാല്‍ ജീവനക്കാരാണ് പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസെത്തി വാതില്‍ തകര്‍ത്ത് അകത്തുകടന്നതോടെയാണ് യുവാവിനെ കട്ടിലില്‍ മരിച്ചനിലയില്‍ കണ്ടത്. അമിതമായ അളവില്‍ മരുന്ന് കഴിച്ചതാകാം മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. മുറിയില്‍നിന്ന് മരുന്ന് കുപ്പികളും കണ്ടെടുത്തിട്ടുണ്ട്.
അതേസമയം, യുവാവിന്റെ ബന്ധുക്കള്‍ക്കായി പോലീസ് ഗുവാഹാട്ടിയില്‍ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് വിവരം. മുറിയില്‍നിന്ന് കിട്ടിയ ആധാര്‍ കാര്‍ഡില്‍നിന്നാണ് മരിച്ചയാളെ പോലീസ് തിരിച്ചറിഞ്ഞത്. യുവാവ് മലയാളിയാണെന്ന സംശയത്തെത്തുടര്‍ന്ന് ബന്ധുക്കളെ കണ്ടെത്താനായി ഷില്ലോങിലെ മലയാളി അസോസിയേഷന്റെ സഹായവും പോലീസ് തേടിയിട്ടുണ്ട്.
ഗുവാഹാട്ടി വിലാസത്തില്‍ അന്വേഷണം നടത്തിയപ്പോള്‍ ഒരു വളര്‍ത്തുനായയെ മാത്രമാണ് വീട്ടില്‍ കണ്ടതെന്ന് ഷില്ലോങ്ങിലെ മലയാളി അസോസിയേഷന് ഭാരവാഹിയായ പ്രദീപ് പിള്ള മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. സഹായംതേടി പോലീസ് ഗുവാഹാട്ടിയിലെ മലയാളി അസോസിയേഷനുമായി ചേര്‍ന്ന് അന്വേഷണം നടത്തിയിരുന്നു. പക്ഷേ, ഇങ്ങനെ ഒരാളെ അവിടെ ആര്‍ക്കും പരിചയമുണ്ടായിരുന്നില്ല. പള്ളി അധികൃതരോട് തിരക്കിയിട്ടും ബന്ധുക്കളെ കണ്ടെത്താനായില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: man found dead in a shillong hotel police suspects he is malayali
Published: 07 Mar 2024, 04:58 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented