തിരുവനന്തപുരം: വി.എസ്.എസ്.സി (വിക്രം സാരാഭായ് സ്പേസ് സെന്റര്‍) പരീഷയിലെ കോപ്പിയടി സംഘത്തിന് രാജ്യമാകെ വേരുകളെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ സി.എച്ച് നാഗരാജു. കോപ്പിയടി ഏറെ നാളത്തെ ആസൂത്രണത്തിന് പിന്നാലെയാണെന്നും അദ്ദേഹം പറഞ്ഞു.
കോപ്പിയടിക്കുന്നതിനായി പ്രത്യേകം തയ്യാറാക്കിയ ഇലക്ട്രോണിക് വസ്തുക്കൾ ഉപയോഗിച്ചതായി കമ്മീഷണർ വ്യക്തമാക്കി. ഇവ പ്രാദേശികമായി നിർമിച്ചതാണെന്നാണ് കരുതുന്നത്. മൊബൈൽ ഫോണിനു പുറമെ പ്രത്യേകമായി നിർമിച്ച ഹെഡ്സെറ്റും ഇതുമായി ബന്ധപ്പിച്ച മറ്റൊരു ഉപകരണവും ഇവർ ഉപയോഗിച്ചിട്ടുണ്ട്. ഈ ഉപകരണത്തിനകത്ത് സിം കാർഡ് ഇടുന്നതിനുള്ള സൗകര്യമുണ്ട്. ഇവ ബന്ധപ്പെട്ടിരിക്കുന്നത് കണ്ട്രോള് റൂം പോലുള്ള കേന്ദ്രത്തിൽ നിന്നുമാണ്. ഉത്തരം പറഞ്ഞു കൊടുക്കുന്നത് ഇത്തരം കേന്ദ്രങ്ങളിൽ നിന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്യാമറ ഘടിപ്പിക്കുന്നതിനായി പ്രത്യേകം തുന്നിയ ഷർട്ടാണ് കോപ്പിയടിച്ചവര്‍ ധരിച്ചത്. ബട്ടൺ ഹോളുകളിലാണ് ക്യാമറ വയ്ക്കുന്നത്. ഇത്തരത്തിലുള്ള സംവിധാനങ്ങൾ ഒരുക്കണമെങ്കിൽ കൃത്യമായ ആസൂത്രണം ആവശ്യമാണ്. മൂന്ന് ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ഇവയൊന്നും പുതിയവയല്ല. ഇത് മറ്റ് സ്ഥലങ്ങളിലും ഇവർ സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന വസ്തുതയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
വലിയ സംഖ്യ വാങ്ങിയതിന് ശേഷമാണ് ഇവരെല്ലാം ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത്. ഒരു സംഘത്തിന്റെ ഭാഗമാണ് പിടിയിലായവർ എന്നാണ് കരുതുന്നത്. വിമാനത്തിലാണ് സംഘം തിരുവനന്തപുരത്തെത്തിയത്. വിശദമായ അന്വേഷണത്തിന് ഹരിയാണ പോലീസിന്റെ സഹായം ആവശ്യമാണ്. 2022-ൽ ഡിഫൻസിന്റെ സി ഗ്രൂപ്പ് പരീക്ഷയുമായി ബന്ധപ്പെട്ടും സമാനമായ രീതിയിൽ 29 ഹരിയാണ സ്വദേശികളെ പിടികൂടിയിരുന്നു. ഇം സംഭവത്തിന് നിലവിലെ കോപ്പിയടിയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പരിശോധിക്കുന്നതിനായി തമിഴ്നാട് പോലീസിന്റെ സഹായം തേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരീക്ഷ എഴുതുന്നതിനായി 469 പേരാണ് ഹരിയാണയിൽനിന്നെത്തിയത്. ഇവരിൽ ഭൂരിഭാഗവും മറ്റു പലർക്കുംവേണ്ടി പരീക്ഷയെഴുതാനാണ് സ്ഥലത്തെത്തിയത്. കേന്ദ്രങ്ങളിൽ കയറുന്നവർക്കായി യഥാർഥ അപേക്ഷകരുടെ വ്യാജ ആധാറും മറ്റ് തിരിച്ചറിയൽ രേഖകളും നിർമിക്കും. പകരക്കാരൻ പരീക്ഷയെഴുതി വിജയിച്ചാൽ അഭിമുഖത്തിനും പിന്നീട് ജോലിയിൽ പ്രവേശിക്കാനുമെത്തുന്നത് യഥാർഥ അപേക്ഷകരാകും. ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കുമ്പോൾ ഫോട്ടോയ്ക്കുള്ള കൃത്യതക്കുറവ് ക്രമക്കേട് നടത്തുന്നവർക്ക് തുണയായെന്നാണ് വിവരം.
Content Highlights: malpractice in vssc examination is after long planning says ch nagaraju
Published: 22 Aug 2023, 09:08 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented