
വണ്ടൂർ(മലപ്പുറം): സ്‌കൂളിലേക്കു പുറപ്പെട്ട ഒൻപതാംക്ലാസുകാരിയുടെ മൃതദേഹം കിലോമീറ്ററുകൾപ്പുറത്ത് റെയിൽവേ പുറമ്പോക്കുഭൂമിയിലെ കാട്ടിൽ കണ്ടെത്തി. വിദ്യാർഥിനിയുടെ മൃതദേഹമാണ് നിലമ്പൂർ-ഷൊർണൂർ പാതയിലെ തൊടിയപ്പുലത്തിനും വാണിയമ്പലത്തിനും ഇടയിലുള്ള പുള്ളിപ്പാടത്താണ് വെള്ളിയാഴ്ച രാവിലെ കണ്ടെത്തിയത്.
വ്യാഴാഴ്ച സ്‌കൂളിലേക്കുപോയ വിദ്യാർഥിനി വൈകീട്ട് തിരിച്ചെത്തിയില്ല. വീട്ടുകാർ കരുവാരക്കുണ്ട് പോലീസിൽ പരാതി നൽകി. പോലീസും നാട്ടുകാരും ബന്ധുക്കളും തിരച്ചിൽ തുടങ്ങി. വിവരമൊന്നും ലഭിച്ചില്ല. പെൺകുട്ടിയുടെ സുഹൃത്തായ പതിനാറുകാരനെ വ്യാഴാഴ്ച രാത്രിതന്നെ പോലീസ് ചോദ്യംചെയ്തു. ഒന്നും അറിയില്ലെന്നുപറഞ്ഞ ഇയാൾ, വെള്ളിയാഴ്ച രാവിലത്തെ ചോദ്യംചെയ്യലിൽ നൽകിയ വിവരത്തിൽനിന്നാണ് പതിനൊന്നരയോടെ മൃതദേഹം കണ്ടെത്തിയത്. സ്‌കൂൾ യൂണിഫോമിലായിരുന്നു മൃതദേഹം. തോളിൽ സ്‌കൂൾബാഗും ഉണ്ടായിരുന്നു. കുട്ടിയുടെ കൈകൾ മുൻപിലേക്ക് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. വായിൽ തുണി തിരുകി കഴുത്തിൽ മുറിവേറ്റ നിലയിലുമായിരുന്നു.
വ്യാഴാഴ്ച സ്‌കൂൾ ഗേറ്റുവരെ വിദ്യാർഥിനി എത്തിയത് സിസിടിവി ദൃശ്യത്തിലുണ്ട്. വൈകീട്ട് ആറുമണിയോടെ പെൺകുട്ടി അമ്മയുടെ ഫോണിലേക്ക് വേറൊരു നമ്പറിൽനിന്ന് വിളിച്ചു. താൻ ഇപ്പോൾ വരുമെന്ന് പറയുകയുംചെയ്തു. പോലീസ് ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ, ഏറെ അകലെയുള്ള തൊടിയപ്പുലത്താണെന്നു കണ്ടെത്തി.
പിന്നീട് ഈ നമ്പർ സ്വിച്ച് ഓഫ് ആയി. രാത്രി പോലീസ് തൊടിയപ്പുലത്ത് എത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീടാണ് ആൺസുഹൃത്തും ഇതേസമയം ഇവിടെയുണ്ടായിരുന്നുവെന്ന വിവരം നാട്ടുകാരിൽനിന്നു ലഭിച്ചത്.
രാത്രിയിലെ ചോദ്യംചെയ്യലിൽ പരസ്പരവിരുദ്ധമായ മൊഴികളാണു നൽകിയത്. വൈകീട്ട് ആറരവരെ പെൺകുട്ടി കൂടെയുണ്ടായിരുന്നുവെന്നും പിന്നീട് ട്രെയിനിൽ കയറി പോയെന്നും ആദ്യം പറഞ്ഞു. പിന്നീട് രണ്ടുപേരുംകൂടി ട്രെയിനിൽ പോയി തൊടിയപ്പുലത്തുനിന്ന് രണ്ടുവഴിക്ക് പിരിഞ്ഞുവെന്ന് മാറ്റിപ്പറഞ്ഞു. തൊടിയപ്പുലത്തുനിന്ന് പെൺകുട്ടി മറ്റാരുടെയോകൂടെ പോയെന്ന് പിന്നീട് പറഞ്ഞു. ഒടുവിൽ വെള്ളിയാഴ്ച രാവിലെയോടെ ഇയാൾ കുറ്റം സമ്മതിച്ചു. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായും ഇയാൾ സമ്മതിച്ചു.
ആൺകുട്ടി ലഹരിക്ക് അടിമയാണെന്നും ഇയാളുമായുള്ള ബന്ധത്തെ എതിർക്കുകയും നേരത്തേ പോലീസിൽ പരാതിനൽകുകയും ചെയ്തിരുന്നുവെന്നും പെൺകുട്ടിയുടെ വീട്ടുകാർ പറഞ്ഞു. ബന്ധം അവസാനിപ്പിക്കാനുള്ള ധാരണയായതായും പറയപ്പെടുന്നു. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടാകാനുള്ള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്.
തൃശ്ശൂർ റെയ്ഞ്ച് ഐജി അരുൾ ആർ.ബി. കൃഷ്ണ അടക്കമുള്ള ഉന്നതർ സ്ഥലത്തെത്തി പ്രതിയെ ചോദ്യംചെയ്തു. വിരലടയാളവിദഗ്ധരും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി. നിലമ്പൂർ ഡിവൈഎസ്പി സാജു കെ. അബ്രഹാം ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം വൈകീട്ടോടെ മഞ്ചേരി മെഡിക്കൽ കോളേജിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം ശനിയാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും.
Content Highlights: A 16-year-old confessed to the murder of a 9th-grade student in Malappuram, Kerala, after contradictory statements. Read the shocking details.
Published: 17 Jan 2026, 08:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented