മലപ്പുറം: പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ശമ്പളബില്ലുകളിലും മറ്റും തിരിമറി നടത്തി 2.31 ലക്ഷം രൂപ തട്ടിയ കേസിൽ യുഡി ക്ലാർക്കിന് 32 വർഷം കഠിനതടവും 1.40 ലക്ഷം രൂപ പിഴയും. നെടിയിരുപ്പ് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ജോലിചെയ്തിരുന്ന യുഡി ക്ലാർക്ക് സി. നാസിറിനെയാണ് കോഴിക്കോട് വിജിലൻസ് കോടതി ജഡ്‌ജി ഷിബു തോമസ് ശിക്ഷിച്ചത്.

To advertise here,

മലപ്പുറം മൊറയൂർ സ്വദേശിയാണിയാൾ. നെടിയിരുപ്പിൽ ജോലിചെയ്തിരുന്ന 2004-2006 കാലത്താണ് ക്രമക്കേട് നടത്തിയത്. ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ എന്നിവയുടെ ബില്ലുകൾ തയ്യാറാക്കൽ, തുക വിതരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചുമതലകൾ ഇദ്ദേഹം വഹിച്ചിരുന്നു. അതിനിടയിൽ ശമ്പളബില്ലുകളിൽ ക്രമക്കേടുകൾ നടത്തിയും രേഖകൾ കൃത്രിമമായുണ്ടാക്കിയും 2,31,767 രൂപ തട്ടിയെടുത്തതിന് മലപ്പുറം വിജിലൻസ് യൂണിറ്റാണ് കേസ് രജിസ്റ്റർചെയ്തത്.

വിജിലൻസിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. അരുൺനാഥ് ഹാജരായി.