
ബാരാമതി: മഹാരാഷ്ട്രയിലെ ബാരാമതിയിൽ ഭർത്താവിനെ കൊല്ലാൻ ഗൂഢാലോചന നടത്തിയ 38-കാരി അറസ്റ്റിൽ. ഭർത്താവിന് മയക്കുമരുന്ന് നൽകിയ ശേഷം ബാറ്റ് കൊണ്ട് മർദ്ദിച്ച് കൊലപ്പെടുത്തി വീടിനുള്ളിൽ പ്രത്യേകമായി നിർമിച്ച അറയിലിട്ട് മൂടാനായിരുന്നു ഭാര്യയുടെ ശ്രമം. പ്രവീൺ ജഗ്താപ് എന്നയാളാണ് മരണത്തിന്റെ വായിൽനിന്നും ഭാഗ്യംകൊണ്ടുമാത്രം രക്ഷപ്പെട്ടത്. കേസിൽ പ്രവീണിന്റെ ഭാര്യ ശർമിളയെ പോലീസ് അറസ്റ്റുചെയ്തു.
ഇക്കഴിഞ്ഞ ജൂലൈ 30-നാണ് ശർമിള പ്രവീണിനെ കൊലപ്പെടുത്തുന്നതിനായുള്ള ആസൂത്രണം ആരംഭിച്ചത്. ജ്യൂസിൽ ഉറക്കഗുളികകൾ കലർത്തുക എന്നതായിരുന്നു ആദ്യ പടി, ഇത് വിജയിച്ചു. തുടർന്ന് രണ്ട് ദിവസത്തോളം പ്രവീൺ അബോധാവസ്ഥയിലായിരുന്നു. ഇതിനിടെ ശർമിള തന്നെ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് ക്രൂരമായി പ്രവീണിനെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തിരുന്നു.
വീടിനുള്ളിൽ ഇഷ്ടികയും സിമന്റും കൊണ്ട് ഒരാൾക്ക് കിടക്കാവുന്ന തരത്തിൽ ഒരു പ്രത്യേക അറയും നിർമിച്ചിരുന്നു ശർമിള. പ്രവീണിനെ മർദ്ദിച്ച് അവശനാക്കി ഇതിനുള്ളിൽ കിടത്തി മൂടാനായിരുന്നു ശർമിളയുടെ പദ്ധതി. എന്നാൽ ഈ പ്രത്യേക അറ നിർമിച്ച തൊഴിലാളികളുടെ ഉള്ളിൽ ഉടലെടുത്ത സംശയമാണ് പ്രവീണിന്റെ ജീവൻ രക്ഷിച്ചത്.
എന്തോ പന്തികേടുതോന്നി വീടിനുള്ളിലെത്തിയ തൊഴിലാളികൾ ഞെട്ടിപ്പോയി. പ്രവീണിനെ അറയ്ക്കുള്ളിൽ കിടത്താൻ ശ്രമിക്കുകയായിരുന്നു ശർമിള, അയാളുടെ കാലിന്റെയോ കൈയുടെയോ ഭാഗമാണ് തൊഴിലാളികൾ കണ്ടത്. അവർ ഉടൻതന്നെ പോലീസിൽ വിവരമറിയിച്ചു. പ്രവീണിന്റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ശർമിളയെ അറസ്റ്റ് ചെയ്തത്.
'അവൾ എനിക്ക് ഉറക്കഗുളികകൾ നൽകി, ഞാൻ രണ്ട് ദിവസത്തോളം ഉറങ്ങിപ്പോയി. മൂന്നാം ദിവസം അവൾ എന്നെ ബാറ്റ് കൊണ്ട് അടിക്കുന്നതിനിടയിലാണ് എനിക്ക് നേരിയ ബോധം വന്നത്. എന്നെ അടിക്കരുതെന്ന് ഞാൻ അവളോട് പറഞ്ഞുകൊണ്ടിരുന്നു, പക്ഷേ അവൾ കേട്ടില്ല. അതിനുശേഷം അവൾ എന്നെ എടുത്ത് ബാൽക്കണിയിലെ കുഴിയിൽ കിടത്തി. എന്നാൽ പണിക്കാർ വന്നപ്പോൾ എന്റെ കൈയോ കാലോ അനങ്ങുന്നത് അവർ കണ്ടു. അവർ പോലീസിനെ വിളിച്ചതുകൊണ്ടാണ് എന്റെ ജീവൻ രക്ഷപെട്ടത്.' പ്രവീൺ പറഞ്ഞു.
ഈ സമയത്ത് വീട്ടിലുണ്ടായിരുന്ന അയാളുടെ അമ്മയ്ക്കും ശർമിള ഉറക്കഗുളിക നൽകിയിരുന്നുവെന്ന് പ്രവീൺ പറഞ്ഞു. എന്നാൽ ഭാര്യ തന്നെ ക്രൂരമായി മർദ്ദിക്കുന്നതിനിടയിൽ അമ്മയ്ക്ക് ബോധം വരികയും, തുടർന്ന് അമ്മ തന്റെ മറ്റൊരു മകനെ വിവരമറിയിക്കുകയുമായിരുന്നു. 'എന്റെ സഹോദരൻ വന്ന് വാതിൽ തുറന്നപ്പോൾ ഞാൻ കുഴിക്കുള്ളിൽ കിടക്കുന്നതാണ് കണ്ടത്. അവൻ ഉടൻ തന്നെ എന്നെ എടുത്ത് ആശുപത്രിയിലെത്തിച്ചു' പ്രവീൺ പറഞ്ഞു.
തന്റെ ഭാര്യ ശർമിള ഇത്തരത്തിൽ തന്നെ ഉപദ്രവിച്ചതിനും കൊലപ്പെടുത്താൻ ശ്രമിച്ചതിനും പിന്നിൽ ദുർമന്ത്രവാദത്തിലുള്ള വിശ്വാസമാണെന്ന് പ്രവീൺ ആരോപിക്കുന്നു. 'ശർമിള കലണ്ടറിലെ ജൂലായ് 13, 14 തീയതികളിൽ 'ഫലമില്ല' (no result) എന്ന് എഴുതിവെച്ചിരുന്നു. ഈ രണ്ടു ദിവസവും അമാവാസി ദിവസങ്ങളായിരുന്നു. എന്താണ് അതിന്റെ അർത്ഥം?' അദ്ദേഹം ചോദിച്ചു.
ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഭാര്യയ്ക്ക് വീര്യമേറിയ ഉറക്കഗുളികകൾ നൽകിയ മെഡിക്കൽ സ്റ്റോർ ഉടമയ്‌ക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും പ്രവീൺ ആവശ്യപ്പെട്ടു. 'അവരുടെ ലൈസൻസ് റദ്ദാക്കണം. എന്റെ പരാതികളിൽ ഒന്നാണിത്.' അദ്ദേഹം പറഞ്ഞു.
ദമ്പതികൾക്ക് രണ്ട് മക്കളാണുള്ളത്. തന്റെ മകളെയും മകനെയും ഭാര്യയുടെ മാതാപിതാക്കൾ കൂട്ടിക്കൊണ്ടുപോയതായും കുട്ടികളുടെ ജീവൻ അപകടത്തിലാണെന്ന് താൻ ഭയപ്പെടുന്നതായും പ്രവീൺ പറയുന്നു. ഭാര്യവീട്ടുകാർ തന്റെ രണ്ട് മക്കളെയും കൊണ്ടുപോയതിനെതിരെ പ്രവീൺ പോലീസിൽ അപ്പീൽ നൽകിയിട്ടുണ്ട്. കുട്ടികളുടെ കസ്റ്റഡി അടിയന്തരമായി തനിക്ക് കൈമാറാൻ അധികൃതർ തയ്യാറാകണമെന്നാണ് പ്രവീണിന്റെ ആവശ്യം.
Content Highlights: A 38-year-old woman in Baramati, Maharashtra, plotted to kill her husband by drugging and burying him. The crime mirrors the plot of the Bollywood thriller 'Drishyam'. Alert labourers became suspicious of the construction pit and informed the police, saving the husband's life. The victim has alleged a possible black magic angle and demanded action against the medical store that sold illegal sleeping pills. The accused wife has been arrested following a complaint by the victim's father.
Published: 13 Aug 2026, 07:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented