മുംബൈ: മഹാരാഷ്ട്രയിലെ രേവ്ദണ്ഡയില്‍ അവിവാഹിതരായ സഹോദരിമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സഹോദരനായ 36-കാരന്‍ അറസ്റ്റില്‍. രേവ്ദണ്ഡ സ്വദേശിയും പാല്‍ഘറില്‍ വനംവകുപ്പ് ഉദ്യോഗസ്ഥനുമായ ഗണേഷ് മോഹിതിനെയാണ് ഇരട്ടക്കൊലക്കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സഹോദരിമാരായ സ്‌നേഹ(30), സൊനാലി(34) എന്നിവരെ സൂപ്പില്‍ വിഷംകലര്‍ത്തിയാണ് ഗണേഷ് കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. സംഭവത്തിന് പിന്നാലെ ബന്ധുവാണ് കൊലപാതകം നടത്തിയതെന്ന് സ്ഥാപിക്കാനായിരുന്നു ഇയാളുടെ ശ്രമം. സംശയങ്ങളെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സഹോദരിമാരുടെ ജീവനെടുത്തത് ഏകസഹോദരന്‍ തന്നെയാണെന്ന് വ്യക്തമായത്. 

To advertise here,

പിതാവിന്റെ പേരിലുള്ള സ്വത്തില്‍ സഹോദരിമാര്‍ അവകാശമുന്നയിച്ചേക്കാമെന്ന ആശങ്കയും തന്റെ ശമ്പളത്തിന്റെ ഭൂരിഭാഗവും സഹോദരിമാര്‍ക്കായി ചെലവഴിക്കുന്നതുമാണ് പ്രതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം. ബോളിവുഡ് സിനിമയായ 'ദൃശ്യം' കൊലപാതകത്തിന് പ്രചോദനമായെന്നും വിഷവുമായി ബന്ധപ്പെട്ട് നിരവധി തവണ ഇയാള്‍ ഇന്റര്‍നെറ്റില്‍ തിരച്ചില്‍ നടത്തിയതായും പോലീസ് പറഞ്ഞു. 

ഒക്ടോബര്‍ 15-നാണ് പ്രതി കൃത്യം നടത്തിയത്. പാല്‍ഘറില്‍ ജോലിചെയ്യുന്ന പ്രതി അന്നേദിവസം നവരാത്രി ആഘോഷങ്ങള്‍ക്കായി കുടുംബത്തെ രേവദണ്ഡയിലെ കുടുംബവീട്ടിലേക്ക് കൊണ്ടുപോയി. പാല്‍ഘറില്‍വെച്ച് കൃത്യം നടത്തിയാല്‍ തന്നെ സംശയിക്കുമെന്ന് കരുതിയാണ് ബന്ധുക്കളെല്ലാം താമസിക്കുന്ന രേവ്ദണ്ഡയില്‍വെച്ച് പദ്ധതി നടപ്പിലാക്കാന്‍ പ്രതി തീരുമാനിച്ചത്. വീടിന് സമീപത്തുള്ള ബന്ധുവുമായി നേരത്തെ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ഇയാളെ സംശയിക്കുമെന്നും ബന്ധുവാണ് കൃത്യം നടത്തിയതെന്ന് സ്ഥാപിക്കാന്‍ കഴിയുമെന്നും പ്രതി കരുതി. 

ഒക്ടോബര്‍ 15-ന് രേവ്ദണ്ഡയിലെ വീട്ടിലെത്തിയ പ്രതി സഹോദരിമാര്‍ക്കായി സൂപ്പുണ്ടാക്കിയിരുന്നു. ഈ സൂപ്പിലാണ് എലിവിഷം കലര്‍ത്തിനല്‍കിയത്. സഹോദരിമാര്‍ക്ക് സൂപ്പ് നല്‍കിയതിന് പിന്നാലെ വീടിന്റെ വരാന്തയില്‍ സൂക്ഷിച്ചിരുന്ന വെള്ളം കുടിക്കാനായി കൊണ്ടുവരാന്‍ പ്രതി ആവശ്യപ്പെട്ടു. തുടര്‍ന്ന് ഈ വെള്ളം കുടിക്കാന്‍ നല്‍കി. ഇതിനുപിന്നാലെ ഗര്‍ബ നൃത്തത്തിനായി പ്രതി വീട്ടില്‍നിന്ന് പുറത്തുപോയി. അന്നേവരെ ഗര്‍ബ നൃത്തത്തില്‍ പങ്കെടുക്കാത്ത ഗണേഷ് ഇത്തവണ നൃത്തംചെയ്യാനായി പോയതില്‍ പോലീസിന് തുടക്കത്തിലേ സംശയമുണ്ടായിരുന്നു. മാത്രമല്ല, സുഖമില്ലെന്ന് പറഞ്ഞ് സഹോദരി വിളിച്ചപ്പോള്‍ ഇയാള്‍ വീട്ടിലെത്താന്‍ വൈകിയതും സംശയത്തിനിടയാക്കി. 

സംഭവദിവസം ഗര്‍ബ നൃത്തത്തിനിടെയാണ് തനിക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടെന്ന് പറഞ്ഞ് മൂത്തസഹോദരിയായ സൊനാലി പ്രതിയെ വിളിച്ചത്. എന്നാല്‍, ഗര്‍ബ നൃത്തത്തിന്റെ പേരുപറഞ്ഞ് പ്രതി വീട്ടിലെത്തുന്നത് മനഃപൂര്‍വം വൈകിപ്പിച്ചു. തുടര്‍ന്ന് ഏറെനേരം കഴിഞ്ഞ് വീട്ടിലെത്തിയ ഇയാള്‍ സൊനാലിയുമായി അലിഭാഗ് സിവില്‍ ആശുപത്രിയിലേക്ക് പോയി. ഇവിടെ ചികിത്സയിലിക്കെ ഒക്ടോബര്‍ 17-ന് സൊനാലി മരിച്ചു. ഇതേസമയം, ഇളയസഹോദരിയായ സ്‌നേഹയ്ക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടായി. സ്‌നേഹയെ എം.ജി.എം. ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. ചികിത്സയിലിരിക്കെ ഒക്ടോബാര്‍ 20-ന് സ്‌നേഹയും മരിച്ചു. 

സ്‌നേഹയും സൊനാലിയും ആശുപത്രിയില്‍ കഴിയുന്നതിനിടെയാണ് പ്രതി തന്റെ പദ്ധതിയിലെ ബാക്കി ഭാഗങ്ങള്‍ നടപ്പിലാക്കിയത്. വീട്ടിലെ വരാന്തയില്‍വെച്ച കുടിവെള്ളത്തില്‍ ബന്ധു വിഷം കലര്‍ത്തിയതാണെന്നും ഇതാണ് സഹോദരിമാരെ അപകടത്തിലാക്കിയതെന്നും ഇയാള്‍ അമ്മയോടും സഹോദരിയോടും പറഞ്ഞു. 20-ാം തീയതി വരെ ചികിത്സയിലായിരുന്ന സ്‌നേഹയോടും അമ്മയോടും ഇയാള്‍ ഇക്കാര്യം ആവര്‍ത്തിച്ചുപറഞ്ഞിരുന്നു. ബന്ധുവുമായി നേരത്തെ വസ്തുതര്‍ക്കമുണ്ടായതിനാല്‍ അമ്മയും മറ്റുള്ളവരും ഇത് വിശ്വസിച്ചു. ഇതോടെ ചികിത്സയിലായിരുന്ന സ്‌നേഹയും അമ്മയും ബന്ധുവിനെതിരേ പോലീസിന് മൊഴി നല്‍കി. 

സംഭവത്തിന് പിന്നില്‍ ബന്ധുവാണെന്ന് വരുത്തിതീര്‍ക്കാന്‍ കള്ളം പറഞ്ഞതും ഇക്കാര്യം പലതവണ ആവര്‍ത്തിച്ച് വിശ്വസിപ്പിക്കാന്‍ ശ്രമിച്ചതിനും 'ദൃശ്യം'  സിനിമയാണ് പ്രതിക്ക് പ്രചോദനമായതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ പ്രതിയുടെ പദ്ധതികള്‍ പാളി. ആദ്യഘട്ടത്തില്‍ വീടിന് പുറത്തുണ്ടായിരുന്ന സിസിടിവി ക്യാമറകള്‍ അന്വേഷണസംഘം പരിശോധിച്ചിരുന്നു. ഈ ദൃശ്യങ്ങളിലൊന്നും ആരും കുടിവെള്ളത്തില്‍ എന്തെങ്കിലും കലര്‍ത്തുന്നതായി കണ്ടില്ല. മാത്രമല്ല, ഇതേ വെള്ളം കുടിച്ച അമ്മയ്ക്ക് യാതൊരു ആരോഗ്യപ്രശ്‌നങ്ങളുമുണ്ടായില്ല എന്നതും സംശയത്തിനിടയാക്കി. ഇതോടെയാണ് ഇവരുടെ കുടുംബത്തെക്കുറിച്ച് പോലീസ് കൂടുതല്‍വിവരങ്ങള്‍ ശേഖരിച്ചത്. ഇതിനിടെ ഗണേഷിന്റെ മൊബൈല്‍ഫോണും പോലീസ് പരിശോധിച്ചു. ഈ പരിശോധനയില്‍ ഫോണിലെ സെര്‍ച്ച് ഹിസ്റ്ററി കണ്ടത് അന്വേഷണത്തില്‍ വഴിത്തിരിവായി. 

ഒക്ടോബര്‍ 11-ാം തീയതി മുതല്‍ 14-ാം തീയതി വരെ വിഷത്തെക്കുറിച്ചും അത് ഉപയോഗിക്കുന്നരീതികളെക്കുറിച്ചും ഗണേഷ് ഇന്റര്‍നെറ്റില്‍ തിരഞ്ഞതായി പോലീസ് കണ്ടെത്തി. ഈ ദിവസങ്ങളില്‍ ആകെ 53 തവണയാണ് വിഷവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രതി ഇന്റര്‍നെറ്റില്‍ തിരഞ്ഞത്. 'സ്വീറ്റ് പോയ്‌സണ്‍', 'മണം ഇല്ലാത്ത വിഷം', 'വിഷം കഴിച്ചാല്‍ എത്രദിവസം കൊണ്ട് മരിക്കും' എന്നിങ്ങനെയായിരുന്നു ഇയാള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞത്. മാത്രമല്ല, പ്രതിയുടെ കാറില്‍നിന്ന് എലിവിഷത്തിന്റെ പാക്കറ്റുകളും പോലീസ് കണ്ടെത്തി. തുടർന്ന് ഗണേഷിനെ വിശദമായി ചോദ്യംചെയ്തതോടെ കുറ്റംസമ്മതിക്കുകയായിരുന്നു. 

വിവാഹം കഴിക്കാന്‍ ആഗ്രഹമില്ലാതിരുന്ന സഹോദരിമാര്‍ക്കായി പണം ചെലവഴിക്കുന്നതില്‍ പ്രതി ഏറെ അസ്വസ്ഥനായിരുന്നു. മാത്രമല്ല, പിതാവിന്റെ പേരിലുള്ള സ്വത്തില്‍ സഹോദരിമാര്‍ അവകാശം ഉന്നയിക്കുമോ എന്ന ആശങ്കയും ഇയാള്‍ക്കുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രതികരണം. 

വനംവകുപ്പ് ഉദ്യോഗസ്ഥനായിരുന്ന പിതാവിന്റെ അപകടമരണത്തിന് പിന്നാലെ ആശ്രിതനിയമനത്തിലാണ് ഗണേഷിന് വനംവകുപ്പില്‍ ജോലി ലഭിച്ചത്. എന്നാല്‍, ആര് ജോലിയില്‍ പ്രവേശിക്കും എന്നത് സംബന്ധിച്ച് സഹോദരങ്ങള്‍ക്കിടയില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു. പ്രതിയുടെ സഹോദരിമാരിലൊരാള്‍ക്ക് ആശ്രിതനിയമനം നല്‍കണമെന്നായിരുന്നു അമ്മയുടെ ആവശ്യം. ഇതുസംബന്ധിച്ച് ദീര്‍ഘകാലം ഇവര്‍ക്കിടയില്‍ തര്‍ക്കം തുടര്‍ന്നു. ഒടുവില്‍ അമ്മയുടെയും സഹോദരിമാരുടെയും എല്ലാകാര്യങ്ങളും താന്‍ നോക്കാമെന്ന് ഗണേഷ് ഉറപ്പുനല്‍കി. ഇതോടെയാണ് ആശ്രിതനിയമനം സംബന്ധിച്ച് കുടുംബത്തിലെ തര്‍ക്കം അവസാനിച്ചതെന്നും പോലീസ് പറഞ്ഞു.