
ഒട്ടാവ: ഇന്ത്യയിൽനിന്ന് വിദ്യാർഥിവിസയിൽ കാനഡയിലെത്തിയ യുവാക്കളെ മാഫിയാ നേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സംഘം സംഘടിത കുറ്റകൃത്യങ്ങൾക്കുപയോഗിച്ചെന്ന് കാനഡ ബോർഡർ സർവീസ് ഏജൻസി(സി.ബി.എസ്.എ.)യുടെ രഹസ്യാന്വേഷണ റിപ്പോർട്ട്.
2025 ഡിസംബറിൽ തയ്യാറാക്കിയ 'ബിഷ്‌ണോയ് സംഘം; കാനഡയിൽ വളർന്നുവരുന്ന പുതിയ ഭീഷണി' എന്ന റിപ്പോർട്ടിലാണ് സംഘം രാജ്യത്ത് എങ്ങനെ പ്രവർത്തിക്കുന്നുവെന്നും പുതിയ അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നതിനെക്കുറിച്ചും വിശദീകരിക്കുന്നത്. കോടതി നടപടികളുടെ ഭാഗമായാണ് ഈ രഹസ്യറിപ്പോർട്ടിന്റെ ഒരു ഭാഗം പുറത്തുവന്നത്.
പഠനത്തിനായി കാനഡയിലെത്തിയ ഇന്ത്യൻ യുവാക്കളെ സംഘം ഭീഷണിപ്പെടുത്തൽ, വെടിവെപ്പ്, കൊലപാതകം ഉൾപ്പെടെയുള്ള സംഘടിത കുറ്റകൃത്യങ്ങൾക്കായി ഉപയോഗിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു. തുടക്കത്തിൽ ഖലിസ്താൻ അനുകൂലികളെയും പഞ്ചാബി വ്യവസായികളെയുമാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, 2025-ഓടെ മറ്റ് ഇന്ത്യൻ വംശജരിലേക്കും പണംതട്ടാനുള്ള പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു. 2024-ൽ കാനഡയിൽ ഭീഷണിപ്പെടുത്തൽ, കവർച്ച, തട്ടിപ്പുകേസുകൾ ഏകദേശം 10 ശതമാനം കുറഞ്ഞെങ്കിലും ഇന്ത്യൻ പൗരർക്കെതിരേയുള്ള ഇത്തരം പരാതികൾ 47 ശതമാനം വർധിച്ചു.
2023 ജൂണിൽ ഖലിസ്താൻ നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നാലെ എതിർ ഗുണ്ടാസംഘമായ ബംബിഹായുടെ അംഗം സുഖ്ദുൽ സിങ് ഗില്ലിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ബിഷ്ണോയ് സംഘം ഏറ്റെടുത്തിരുന്നു. ഇതോടെയാണ് ബ്രിട്ടീഷ് കൊളംബിയ, ആൽബെർട്ട, ഒണ്ടാറിയോ എന്നിവിടങ്ങളിൽ സംഘം കൂടുതൽ സജീവമായത്. 2018-ൽ വിദ്യാർഥി വിസയിലെത്തിയ അഭിജീത് കിംഗ്ര പിന്നീട് ബിഷ്‌ണോയ് സംഘത്തിന്റെ പ്രധാന വെടിവെപ്പുകാരനായി മാറിയ കാര്യവും റിപ്പോർട്ടിൽ പരാമർശിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടിരുന്ന തന്നെ 4,000 കനേഡിയൻ ഡോളർ വാഗ്ദാനം ചെയ്താണ് സംഘത്തിൽ ചേർത്തതെന്ന് ഇയാൾ നാടുകടത്തൽ വിചാരണയ്ക്കിടെ പറഞ്ഞിരുന്നു. 2024 സെപ്റ്റംബറിൽ പഞ്ചാബി ഗായകൻ എ.പി. ധില്ലന്റെ വീട്ടിലേക്ക് വെടിയുതിർക്കുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്ത കേസിൽ കുറ്റക്കാരനാണിയാൾ.
ബിഷ്‌ണോയുടെ ഏറ്റവും അടുത്ത അനുയായിയായ ഗോൾഡി ബ്രാറാണ് കാനഡയിലെ സംഘത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. 2017-ൽ വിദ്യാർഥി വിസയിലെത്തിയ ബ്രാർ പിന്നീട് പഠനം തുടരാതെ ഉത്തര അമേരിക്കയിൽ ബിഷ്‌ണോയ് സംഘത്തിന്റെ കുറ്റകൃത്യശൃംഖല വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ദക്ഷിണേഷ്യൻ വംശജരായ വ്യവസായികളെ വാട്ട്സാപ്പ് കോളുകളിലൂടെയും സന്ദേശമയച്ചും ഭീഷണിപ്പെടുത്തി കോടിക്കണക്കിന് ഡോളർ ആവശ്യപ്പെടുകയും പണം നൽകാൻ വിസമ്മതിച്ചാൽ വീടുകൾക്കും കടകൾക്കും നേരേ വെടിവെപ്പ് നടത്തുകയും ചെയ്യുന്നതാണ് സംഘത്തിന്റെ രീതി.
Content Highlights: CBSA report confirms Lawrence Bishnoi gang uses Indian students for organized crime., Crimes against Indian nationals in Canada increased by 47% by 2025., Gang operations expanded from targeting Khalistan supporters to extortion of Indian businesses., Goldy Brar identified as the key coordinator for Canadian operations., Recruitment often targets financially vulnerable students with cash incentives.
Published: 07 Aug 2026, 09:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented