കുറ്റിപ്പുറം: വീടെന്ന സ്വപ്നം യാഥാർഥ്യമാകുംമുൻപ് ആ ദമ്പതിമാർ യാത്രയായി. വെള്ളിയാഴ്ച അർധരാത്രിയോടെ വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ടാണ് സ്‌കൂട്ടർ യാത്രക്കാരായ കുറ്റിപ്പുറം എടച്ചലം നിലംപതി പട്ടിപ്പാറ അഫ്‌സൽ (37), ഭാര്യ സാബിറ (43) എന്നിവർ മരിച്ചത്.

To advertise here,

കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന, സാബിറയുടെ ബന്ധുവിനെ സന്ദർശിച്ചശേഷം വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വളാഞ്ചേരിയിലെ ഒരു ചെരുപ്പുകടയിൽ ജീവനക്കാരനായിരുന്നു അഫ്‌സൽ.

ഇവിടെനിന്നു ലഭിക്കുന്ന വരുമാനം സ്വരുക്കൂട്ടിവെച്ചാണ് ഒരു വർഷം മുൻപ് ഇവർ വീട് നിർമാണം ആരംഭിച്ചത്. വീട് പണി നടക്കുന്നതിനാൽ കഴിഞ്ഞ ഒരു വർഷമായി ഇവർ എടച്ചലം പള്ളിക്ക് സമീപത്തുള്ള വീട്ടിലായിരുന്നു താമസം.

പൊന്നാനി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയശേഷം ശനിയാഴ്ച വൈകീട്ട് മൃതദേഹങ്ങൾ എടച്ചലത്തെ വീട്ടിൽ പൊതുദർശനത്തിന് വെച്ചു. കബറടക്കം തൃക്കണാപുരം ജുമാ മസ്ജിദ് കബർസ്ഥാനിൽ നടന്നു. വിദ്യാർഥികളായ ഫൈഹ ഫാത്തിമ, ഫൈമിൽ ഫാതു എന്നിവരാണ് മക്കൾ.

ആറുവരിപ്പാതയിൽ വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിലാണ് അപകടമുണ്ടായത്.