പാലക്കാട്: ആലത്തൂരില്‍ കെ.എസ്.ഇ.ബി. ഓഫീസ് ആക്രമിച്ച് ജീവനക്കാരെ മര്‍ദിച്ച കേസില്‍ സി.പി.എം. ലോക്കല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍. പാടൂര്‍ സി.പി.എം. ലോക്കല്‍ സെക്രട്ടറി പി.സി. പ്രമോദ്, കാവശ്ശേരി ലോക്കല്‍ സെക്രട്ടറി രജനീഷ്, സി.പി.എം. പ്രവര്‍ത്തകരായ പ്രസാദ്, രാധാകൃഷ്ണന്‍, അനൂപ് എന്നിവരെയാണ് പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്.
പൊതുപണിമുടക്കിനോട് അനുബന്ധിച്ചാണ് സമരാനുകൂലികള്‍ ആലത്തൂര്‍ പാടൂര്‍ കെ.എസ്.ഇ.ബി. ഓഫീസില്‍ ആക്രമണം നടത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. ഓഫീസിലേക്ക് വാഹനങ്ങളിലെത്തിയ സമരാനുകൂലികള്‍ ജോലിചെയ്തിരുന്ന ജീവനക്കാരെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഓഫീസിലെ സാമഗ്രികള്‍ നശിപ്പിക്കുകയും ചെയ്തു. ആക്രമണത്തില്‍ അസി. എന്‍ജിനീയര്‍ അടക്കം എട്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഇവര്‍ പിന്നീട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
സി.ഐ.ടി.യുവില്‍നിന്ന് അടുത്തിടെ ഐ.എന്‍.ടി.യു.സിയിലേക്ക് മാറിയവരാണ് മര്‍ദനമേറ്റവരില്‍ അഞ്ചുപേര്‍. ഒരാള്‍ ബി.എം.എസുകാരനും മറ്റൊരാള്‍ സി.ഐ.ടി.യുക്കാരനുമാണ്. ഇടതുപക്ഷ യൂണിയന്‍ അനുഭാവിയായ അസി. എന്‍ജിനീയര്‍ അടുത്തമാസം വിരമിക്കും. സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കാന്‍ ജോലി ചെയ്യാന്‍ തീരുമാനിച്ചതെന്ന് ജീവനക്കാര്‍ പറഞ്ഞു.
അതേസമയം, അക്രമമോ മര്‍ദനമോ ഉണ്ടായിട്ടില്ലെന്നും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ പിന്തിരിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും സി.പി.എം. നേതാക്കളും പ്രതികരിച്ചിരുന്നു.
Content Highlights: kseb office attacked on general strike day in alathur palakkad cpm local leaders arrested
Published: 30 Mar 2022, 02:40 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented