കോഴിക്കോട്: അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ സംഘം, ലഹരി വിൽപ്പനയുടെ പുതുവഴി. കോഴിക്കോട് ജില്ലയിൽ നടന്ന പോലീസിന്റെ ലഹരിവേട്ടയുടെ വാർത്ത കേട്ട് കേരളം ഒന്നാകെയാണ് ഞെട്ടിയിരിക്കുന്നത്. കുഞ്ഞുങ്ങൾക്ക് അറിവ് പകരേണ്ടവർ മയക്കുമരുന്ന് ലോബിയുടെ ഭാഗമായത് പിടികൂടാനായത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് എന്ന നിഗമനത്തിലേക്കാണ് പോലീസും എത്തിയിരിക്കുന്നത്. ലഹരിമാഫിയാ കണ്ണിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി പേരാമ്പ്ര ബിആർസിയിലെ മൂന്നാമത്തെ അധ്യാപികയും പിടിയിലായതോടെ നാട്ടുകാരും ആശങ്കയിലായിരിക്കുകയാണ്.
അധ്യാപികമാർ ആയതിനാൽ ഇവർ കുട്ടികളെ എതെങ്കിലും തരത്തിൽ ലഹരി സംഘങ്ങളുടെ ഭാഗമാക്കിയിട്ടുണ്ടോ എന്നാണ് പോലീസും സംശയിക്കുന്നത്. വടകര ആവിക്കൽ സ്വദേശി സഫ്വാനെ രണ്ട് ഗ്രാം എംഡിഎംഎയുമായി മാസങ്ങൾക്ക് മുമ്പ് അറസ്റ്റ് ചെയ്തതോടെയാണ് ലഹരിമാഫിയയെ കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ആദ്യം പേരാമ്പ്ര ബിആർസിയിലെ അധ്യാപിക കീർത്തനയിലേക്കെത്തുന്നത്. ജൂലായ് 12-ാം തീയതി മരുതോങ്കര സ്വദേശിയും 31 കാരിയുമായ കീർത്തനയെ പോലീസും ഡാൻസാഫും ചേർന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു.
അന്വേഷണത്തിൽ കീർത്തനയുടെ അക്കൗണ്ടിലേക്കാണ് ആവശ്യക്കാരുടെ പണം എത്തുന്നത് കണ്ടെത്തി. കീർത്തനയെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം സമാനമായി ബിആർസിയിലെ മറ്റൊരു അധ്യാപികയായ കൂരാച്ചുണ്ട് സ്വദേശി കാവ്യയിലേക്കെത്തുന്നത്. ചൊവ്വാഴ്ച്ച അറസ്റ്റ് രേഖപ്പെടുത്തി. കാവ്യയുടെ അക്കൗണ്ട് വഴിയും ലഹരി സംഘത്തിന് പണം കൈമാറിയിട്ടുണ്ടുണ്ടായിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ബുധനാഴ്ച്ച ഇതേ ബിആർസിയിലെ മറ്റൊരു അധ്യാപികയായ ആവള സ്വദേശി നീഷ്മയെ കൂടി കേസിൽ പോലീസ് അറസ്റ്റു ചെയ്യുന്നത്.
ഇൻസ്റ്റഗ്രാം വഴിയാണ് മൂന്ന് പേരും ലഹരി സംഘങ്ങളുമായി ബന്ധപ്പെടുന്നത്. പെട്ടെന്ന് പണം ലഭിക്കാനുള്ള വഴിയായി എംഡിഎംഎ കണ്ണികളായി. മൂന്ന് പേരും ലഹരി ഉപയോഗിക്കുന്നവരാണെന്നും പോലീസ് പറയുന്നു. ഇതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. മാത്രമല്ല വലിയ ശ്യംഖല തന്നെ ഇവരുടെ പിന്നിലുണ്ടെന്നും പോലീസ് സംശയിക്കുന്നുണ്ട്. ആദ്യം സ്വന്തം ആവശ്യത്തിന് എം.ഡി.എം.എ വാങ്ങുകയും പിന്നീട് വിൽപ്പനക്കാർ ആവുകയുമായിരുന്നു. മൂന്നുപേരും അധ്യാപികമാർ ആയതിനാൽ സംശയം വരില്ലെന്നതിനാൽ മയക്കുമരുന്ന് മാഫിയ അത് പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്തു.
ആവശ്യക്കാരിൽ നിന്ന് പണം അക്കൗണ്ട് വഴി വാങ്ങിച്ച ശേഷം ഇവർ ലൊക്കേഷൻ അയച്ചുകൊടുക്കും. വിൽപ്പനക്കാർ സ്ഥലത്തെത്തി ലഹരി കൈമാറും. ഇതിന് കാവ്യയ്ക്കും കീർത്തനയ്ക്കും നീഷ്മയ്ക്കും കമ്മിഷൻ ലഭിക്കും. 50,000 രൂപയ്ക്ക് 3000 രൂപയാണ് കമ്മിഷൻ എന്നാണ് പിടിയിലായവർ പോലീസിന് മൊഴി നൽകിയിരിക്കുന്നത്. എന്നാൽ ഇത് പോലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. എംഡിഎംഎ ഇടപാടുകാർ ഇവരുടെ അക്കൗണ്ടിലേക്ക് അയക്കുന്ന പണം സ്വന്തം ആവശ്യത്തിനായി മൂന്നുപേരും ഉപയോഗിച്ചിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
മംഗളൂരുവിലെ ഒരു സുഹൃത്ത് വഴിയാണ് ഇവർ ആദ്യമായി എംഡിഎംഎ ഉപയോഗിച്ചത്. പിന്നീട് വിൽപ്പനക്കാരാവുകയായിരുന്നു. അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസ് അന്വേഷിക്കാൻ റൂറൽ എസ്പി മെറിൻ ജോസഫ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. കൂടുതൽ പേർ ലഹരി വലയത്തിൽ പെട്ടിട്ടുണ്ടെന്ന സംശയവും പോലീസിനുണ്ട്.
Content Highlights: Three teachers from Perambra BRC arrested for involvement in MDMA drug trafficking. The network operated via Instagram, using teacher status to avoid suspicion. Police investigation reveals funds transferred through teachers' bank accounts. Special investigation team formed by Rural SP Merin Joseph to track the wider network. Suspects allegedly moved from personal consumption to commission-based drug sales.
Published: 28 Jul 2026, 05:44 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented