
കോഴിക്കോട്: റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഇൻസ്പെക്ടറുടെ ക്വാർട്ടേഴ്സിനുസമീപം നിർത്തിയിട്ടിരുന്ന കാർ മോഷ്ടിച്ചുകൊണ്ടുപോയി. കോഴിക്കോട് ആർ.പി.എഫ്. മുൻ ഇൻസ്പെക്ടർ ബിഹാർ പട്ന സ്വദേശി ഉപേന്ദ്രകുമാറിന്റെ കാറാണ് മോഷ്ടിച്ചത്. റെയിൽവേ സ്റ്റേഷനിലുള്ള സ്വകാര്യ പാർക്കിങ് മേഖലയ്ക്കും ആർ.പി.എഫ്. 139 എ നമ്പർ ക്വാർട്ടേഴ്സിനും സമീപത്തായി നിർത്തിയിട്ടതായിരുന്നു കാർ.
പഴയവാഹനമായതിനാൽ അത് വിൽപ്പനയ്ക്കുവേണ്ടി ഇൻസ്പെക്ടറുടെ നിർദേശപ്രകാരം അവിടെ നിർത്തിയിട്ടതായിരുന്നു. പലരും കാർ വാങ്ങാനായി വന്നുനോക്കുകയും ഓടിക്കുകയും ചെയ്തുകൊണ്ടിരുന്നതിനാൽ, താക്കോൽ കാറിനുള്ളിൽത്തന്നെ വെച്ചതായിരുന്നു. ജനുവരി 20-ന് രാത്രി 9.30-ന് കാർ കളവുപോയിട്ടുണ്ടാകാമെന്നാണ് പ്രാഥമികനിഗമനം. ഇവിടെനിന്ന് യുവാക്കളായ മൂന്നംഗസംഘം കാർ പുറത്തേക്ക് കൊണ്ടുപോകുന്നതുകണ്ട സെക്യൂരിറ്റി ജീവനക്കാരൻ ഇവരെ തടഞ്ഞിരുന്നു.
കാർ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് ചോദിച്ചപ്പോൾ ഇത് ആർ.പി.എഫ്. ഇൻസ്പെക്ടറുടെ കാറാണെന്നും പഴയതായതുകൊണ്ട് വിൽപ്പനയ്കോ അതല്ലെങ്കിൽ പൊളിച്ചുവിൽക്കാനോവേണ്ടി തങ്ങളെ ഏൽപ്പിച്ചതാണെന്നും കാർ ഓടിച്ച യുവാവ് പറയുകയുംെചയ്തു. ഇത് വിശ്വസിച്ച സുരക്ഷാജീവനക്കാരൻ പാർക്കിങ് മേഖലയിൽനിന്ന് കാർ കൊണ്ടുപോകാൻ അനുമതിനൽകുകയായിരുന്നു. എന്നാൽ, ഇൻസ്പെക്ടറുടെ കാർ വിൽപ്പനയ്ക്കുവെച്ചിട്ടുണ്ടെന്ന് നേരത്തേ അറിഞ്ഞിരുന്ന ഒരാൾ കാർ കാണാൻ എത്തുകയും സുരക്ഷാജീവനക്കാരനോട് കാറിനെപ്പറ്റി അന്വേഷിക്കുകയുംചെയ്തപ്പോഴാണ് തനിക്ക് അമളിസംഭവിച്ചെന്ന കാര്യം അയാൾ മനസ്സിലാക്കുന്നത്. തുടർന്ന്, ആർ.പി.എഫിനെയും ടൗൺ പോലീസിനെയും വിവരമറിയിച്ചു.
നിലവിൽ കോയമ്പത്തൂരിൽ സേവനമനുഷ്ഠിക്കുന്ന ഉപേന്ദ്രകുമാർ ഞായറാഴ്ച ഇതുസംബന്ധിച്ച് പരാതിനൽകി. ടൗൺ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Content Highlights: A car parked near RPF Inspector`s quarters in Kozhikode was stolen. The vehicle was kept for sale. Details of the incident and police investigation.
Published: 10 Feb 2026, 09:13 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented