കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ലിങ്ക് റോഡ് ശാഖയില്‍നിന്ന് കോഴിക്കോട് കോര്‍പ്പറേഷന്റെ ഫണ്ട് തട്ടിയെടുത്തത് സാങ്കേതികസംവിധാനത്തിലെ പഴുതുപയോഗിച്ചെന്ന് സൂചന. പണമിടപാട് വിവരം ആരും അറിയാത്ത രീതിയില്‍ സുരക്ഷാ സംവിധാനങ്ങളെ ദുരുപയോഗിച്ചെന്നാണ് നിഗമനം.

To advertise here,

ബാങ്കില്‍ പണമിടപാടിന് മേക്കര്‍ ചെക്കര്‍ സംവിധാനമുണ്ട്. പണം പിന്‍വലിക്കുന്നതിനുള്ള അപേക്ഷ നല്‍കിയാല്‍ ഒരുദ്യോഗസ്ഥന്‍ പരിശോധിച്ച് ഓഫീസര്‍ അതുറപ്പാക്കിയ ശേഷമാണ് ഇടപാട് നടക്കുക. ഈ സംവിധാനം ഹാക്ക് ചെയ്യുകയോ മറ്റേതെങ്കിലുംതരത്തില്‍ ദുരുപയോഗിക്കുകയോ ചെയ്തിട്ടുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. ഇടപാടിന്റെ വിശദാംശങ്ങള്‍ പണംപോയവര്‍ക്കോ അധികൃതര്‍ക്കോ അറിയാന്‍ കഴിയാഞ്ഞത് അതിനാലാണെന്നാണ് കരുതുന്നത്.

കോര്‍പ്പറേഷന്‍ അക്കൗണ്ടില്‍നിന്ന് പണം പോയപ്പോഴൊന്നും എസ്.എം.എസ്. വന്നില്ലെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു. കൂടാതെ ഫണ്ട് മറ്റിയതിന്റെ സ്റ്റേറ്റ്മെന്റിലും 'ട്രാന്‍സ്ഫര്‍' എന്ന് മാത്രമാണുണ്ടായിരുന്നത്. ആര്‍ക്ക് പണമിടുന്നുവെന്നതിന്റെ വിവരണം നല്‍കാത്തതിനാല്‍ അത്തരം വിശദാംശവും ലഭ്യമായില്ല. ഇതെല്ലാം സാങ്കേതികമായ കാര്യങ്ങളെ ദുരുപയോഗം ചെയ്തതിനാലാണെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

അതേസമയം ബാങ്കില്‍ ഉപയോഗിക്കുന്ന സുരക്ഷാ സംവിധാനങ്ങള്‍പോലും ചോദ്യംചെയ്യപ്പെടുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ചെന്നൈയില്‍നിന്നുള്ള ഓഡിറ്റിങ് പൂര്‍ത്തിയായിട്ടുണ്ടെന്ന് പറയുമ്പോഴും തിരിമറിയുടെ വ്യാപ്തി പുറത്തുവന്നിട്ടില്ല. ബാങ്കും കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല. നഷ്ടപ്പെട്ട തുകയുടെ വ്യാപ്തിക്കനുസരിച്ച് ബാങ്ക് തുടര്‍നടപടികളിലേക്ക് കടക്കും.

ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബാങ്കില്‍നിന്നുള്ള റിപ്പോര്‍ട്ടിനനുസരിച്ചാണ് തുടരന്വേഷണമുണ്ടാവുകയെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കണമെന്നും സമഗ്രാന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് ബിനോയ് വിശ്വം എം.പി., റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസിന് കത്തയച്ചിട്ടുണ്ട്.

കോടികള്‍ക്ക് പുറമേ ലക്ഷങ്ങള്‍ വേറെയും

കോര്‍പ്പറേഷന്‍ ഫണ്ടിന് പുറമേ മറ്റൊരു അക്കൗണ്ടില്‍നിന്ന് 18 ലക്ഷവും നഷ്ടമായതായി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. കൂടാതെ വേറെയും ലക്ഷങ്ങള്‍ ചില അക്കൗണ്ടുകളില്‍ നിന്ന് പോയിട്ടുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. കാര്‍ഷികലോണുമായി ബന്ധപ്പെട്ടതാണ് 18 ലക്ഷത്തിന്റെ പരാതി. ചില അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിച്ച പണം തിരിച്ചിട്ടതായും സൂചനയുണ്ട്. കോര്‍പ്പറേഷന്റെ 15.24 കോടിയാണ് നഷ്ടപ്പെട്ടത്. ഈ തുക തിങ്കളാഴ്ചയോടെ തിരിച്ചുകിട്ടുമെന്നാണ് കരുതുന്നത്. തട്ടിപ്പുനടന്ന സാഹചര്യത്തില്‍ കോര്‍പ്പറേഷന്‍ മറ്റ് ബാങ്കുകളിലെ അക്കൗണ്ടുകളും പരിശോധിക്കുമെന്ന് മേയര്‍ ബീനാ ഫിലിപ്പ് അറിയിച്ചു.

ജാമ്യഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ലിങ്ക് റോഡ് ശാഖയില്‍നിന്ന് കോര്‍പ്പറേഷന്റെ ഫണ്ട് തട്ടിയെടുത്ത കേസില്‍ മുന്‍ സീനിയര്‍ മാനേജര്‍ എം.പി. റിജിലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.

തന്റെ വിരലടയാളവും പാസ്വേഡും ബാങ്കിലെ ചിലര്‍ ഉപയോഗിക്കുകയായിരുന്നെന്ന് ജാമ്യഹര്‍ജിയില്‍ റിജില്‍ പറഞ്ഞിട്ടുണ്ട്. കൂടാതെ കോര്‍പ്പറേഷന് പണം തിരികെ നല്‍കിയത് ആരാണെന്ന് അന്വേഷിച്ചാല്‍ തട്ടിപ്പുനടത്തിയവരെ കണ്ടെത്താനാകുമെന്നും സൂചിപ്പിച്ചിട്ടുണ്ട്.