കോഴിക്കോട്: പാളയത്ത് കിടപ്പുമുറിയിൽ യുവാവിനെ കുത്തിക്കൊന്ന കേസുമായി ബന്ധപ്പെട്ട് ബന്ധുവായ യുവാവ് കസബ പോലീസിന്റെ കസ്റ്റഡിയിൽ. പുതിയകോവിലകംപറമ്പ് ബി. ബിജു (38)വിനെയാണ് ഞായറാഴ്ച പുലർച്ചെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്.

To advertise here,

പ്രതിയെന്ന് സംശയിക്കുന്നയാൾ കോഴിക്കോട് മാങ്കാവ് കൊളങ്ങരപ്പീടിക സ്വദേശിയായ ഇരുപത്തിരണ്ടുകാരനാണെന്നാണ് വിവരം. നേരത്തേ ഇയാളെ മാനസികാസ്വാസ്ഥ്യത്തിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബിജുവും ബന്ധുക്കളും ചേർന്നാണ് ഇയാളെ ബലമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിന്റെ വൈരാഗ്യത്താലാണ് കൊലപാതകമെന്നാണ് സൂചന.

കോയമ്പത്തൂരിലേക്കുള്ള യാത്രയ്ക്കിടയിൽ ഞായറാഴ്ച പുലർച്ചെ 2.45-ന് പാലക്കാട് റെയിൽവേ സ്റ്റേഷനിൽനിന്ന് അച്ഛൻ രാജൻ, ബിജുവിനെ ഫോൺ ചെയ്തിരുന്നു. അപ്പോൾ ഫോൺ റിങ് ചെയ്‌തെങ്കിലും എടുത്തിരുന്നില്ല. പിന്നീട് പുലർച്ചെ മൂന്നിന് അമ്മ ബേബി വാതിൽതുറന്ന് നോക്കിയപ്പോഴാണ് കട്ടിലിൽ കൊല്ലപ്പെട്ടുകിടക്കുന്ന മകനെ കണ്ടത്. ഫോൺ ഉൾപ്പെടെയുള്ള സാധനങ്ങൾ വീടിന്റെ കിടപ്പുമുറിയിലില്ലെന്ന് തെളിവെടുപ്പിനായി എത്തിയ പോലീസ് സംഘവും വീട്ടുകാരോട് പറഞ്ഞിരുന്നു.

മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മിഷണർ കെ.എം. ബിജു, ടൗൺ അസിസ്റ്റന്റ് കമ്മിഷണർ കെ.വി. പ്രമോദൻ, കസബ ഇൻസ്‌പെക്ടർ പി.ജെ. ജിമ്മി, എസ്.ഐ. നിമിൻ കെ. ദിവാകരൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിച്ചത്.

െതളിവായി കൈയിലെ പരിക്ക്

ബിജുവിനെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന യുവാവിന് കുരുക്കായത് കൈയിലെ പരിക്കും സി.സി.ടി.വി. ദൃശ്യങ്ങളും. ബിജുവിന്റെ ഫോണും സ്‌കൂട്ടറിന്റെ താക്കോലും മൃതദേഹംകിടന്ന മുറിയുടെ താക്കോലും ഇയാൾ കൊണ്ടുപോയിരുന്നു.

മൃതദേഹം ഞായറാഴ്ച പാളയത്തെ തറവാട് വീട്ടിൽ എത്തിച്ചപ്പോൾ അവിടെ ഇയാൾവന്നിരുന്നു. കൈക്കും മറ്റും പരിക്കുണ്ടായിരുന്നു. മുറിവുകളുടെ സ്വഭാവവും സാഹചര്യത്തെളിവും വിലയിരുത്തിയ അന്വേഷണസംഘം തുടക്കത്തിൽ തന്നെ വീടുംപരിസരവും സംബന്ധിച്ച് നല്ല അറിവുള്ള ആളായിരിക്കാം കൊലനടത്തിയതെന്ന പ്രാഥമിക നിഗമനത്തിലെത്തിയിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. പ്രൊഫഷണൽ കില്ലറല്ല കൊലയ്ക്ക് പിന്നിലെന്നും മുറിവുകളുടെ സ്വഭാവം പരിശോധിച്ച അന്വേഷണസംഘം വിലയിരുത്തി. ലഹരിസംഘത്തെക്കുറിച്ച് പോലീസിന് വിവരം നൽകിയതിന്റെ പ്രതികാരമാണ് കൊലപാതകമെന്ന് വാർത്ത വന്നെങ്കിലും പോലീസ് ഇക്കാര്യം തള്ളി.

കൊലപാതകത്തിനുപിന്നിൽ ലഹരിസംഘമല്ല -കമ്മിഷണർ

പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരിസംഘമല്ലെന്ന് സിറ്റി പോലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലി. ലഹരിസംഘങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലീസിന് നൽകിയതാണ് ബിജുവിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന പ്രചാരണം ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.

കൊല്ലപ്പെട്ടയാൾ തുഫാനുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്ന ഇൻഫോർമറല്ല. രഹസ്യമായും പരസ്യമായും വിവരങ്ങൾ തരുന്നവരുണ്ട്. അവർക്കാർക്കും ഇതുവരെ ഒരു പ്രശ്നവുമുണ്ടായിട്ടില്ല. കേസുമായി ബന്ധപ്പെട്ട് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട്. ആ സൂചനകൾക്ക് ലഹരിസംഘങ്ങളുമായി ബന്ധമില്ലെന്ന് അദ്ദേഹം പറഞ്ഞു.