
കോട്ടയം താഴത്തങ്ങാടി അറുപുറയിൽ നിന്നും വർഷങ്ങൾക്കുമുൻപ് കാണാതായ സ്വന്തം ബാപ്പയ്ക്കും ഉമ്മയ്ക്കും വേണ്ടി കാത്തിരിക്കുകയാണ് രണ്ടു കുട്ടികൾ. 2017 ഏപ്രിൽ ആറ് ഹർത്താൽ ദിനത്തിൽ രാത്രി ഭക്ഷണം വാങ്ങാൻ എന്ന് പറഞ്ഞാണ് രജിസ്റ്റർ പോലും ചെയ്യാത്ത പുതിയ കാറിൽ ഹാഷിമും ഭാര്യ ഹബീബയും വീട്ടിൽ നിന്ന് ഇറങ്ങിയത്. വർഷങ്ങൾ ഇത്രയും കഴിഞ്ഞിട്ടും ഇവരെക്കുറിച്ച് യാതൊരു വിവരവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ലോക്കൽ പോലീസിൽ തുടങ്ങി പിന്നീട് പ്രത്യേക അന്വേഷണ സംഘവും ഒടുവിൽ ഇപ്പോൾ ക്രൈംബ്രാഞ്ചുമാണ് ഈ കേസ് അന്വേഷിക്കുന്നത്.
ഭർത്താവും ഭാര്യയും തമ്മിലുള്ള പ്രശ്‌നമായിരുന്നെങ്കിൽ ആർക്കെങ്കിലും ഒരാൾക്ക് എന്തെങ്കിലും പറ്റണമായിരുന്നു- ഷിഹാബ് (ഹബീബയുടെ സഹോദരൻ)
'എന്റെ ഇളയ സഹോദരി ഹബീബയും അവളുടെ ഭർത്താവ് ഹാഷിമിനെയുമാണ് കാണാതായിരിക്കുന്നത്. 2017 ഏപ്രിൽ ആറാം തീയതിയാണ് രണ്ട് പേരെയും കാണാതാകുന്നത്. ഇപ്പോൾ ഒൻപത് വർഷമാകുന്നു. അവർക്ക് രണ്ടു മക്കളാണ്. രണ്ട് പേരെയും കാണാതാകുമ്പോൾ അവരൊക്കെ ചെറുതായിരുന്നു. ഇപ്പോൾ മക്കൾ വലുതായി. മൂത്ത പെൺകുട്ടിയെ വിവാഹം കഴിച്ചുവിട്ടു. ഇളയ കുട്ടി മൂന്നാറിൽ പഠിക്കുന്നു. കുമരകം സ്റ്റേഷനിൽ നിന്നാണ് ഇങ്ങനെയൊരു കാര്യം ഞാൻ ആദ്യം അറിയുന്നത്.
ഈ കേസ് അന്വേഷിക്കാനായിട്ട് സിസിടിവിയടക്കമുള്ള മറ്റു കാര്യങ്ങൾ ഒക്കെ ആ സമയത്ത് തന്നെ പോലീസ് ശേഖരിച്ചിരുന്നു. പക്ഷേ പെട്ടന്ന് ഇതൊരു സുപ്രധാനമായ കേസ് ആണെന്ന് പറഞ്ഞ് അന്ന് കുമരകം സ്റ്റേഷനിൽ നിന്നും കേസ് വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. സംഭവം നടന്ന് ഒരാഴ്ച പോലും തികയുന്നതിന് മുമ്പ് കേസ് മാറ്റി. ഇതോടെ പിന്നീട് അങ്ങോട്ട് ഒരു ഉഷാറില്ലാത്ത രീതിയിലാണ് കേസ് മുന്നോട്ട് പോയത്.
ഈ സംഭവത്തിൽ രണ്ട് പേരും ഭക്ഷണം വാങ്ങാൻ പോയി എന്നാണ് പറഞ്ഞിരിക്കുന്നത്. എസ്‌ഐ വീട്ടിൽ വന്ന് പരിശോധിക്കുമ്പോൾ അന്ന് ഭക്ഷണം ഉണ്ടാക്കിയതിന്റെ ലക്ഷണങ്ങളെല്ലാം ഉണ്ടായിരുന്നു. എല്ലാവരും ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. അന്ന് അവർ അതിന്റെ മൊഴിയും കാര്യങ്ങളും കൊടുത്തിട്ടുണ്ട്. ഭക്ഷണം വാങ്ങാൻ പോയി എന്നുള്ളതിനെകുറിച്ച് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല. ഭക്ഷണം വാങ്ങാൻ പോയി എന്നുള്ളതിനെക്കുറിച്ച് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല.
എല്ലാ കുടുംബങ്ങളിലും ഉള്ളതുപോലെ ചെറിയ ചെറിയ പ്രശ്‌നങ്ങൾ അവർക്കിടയിലും ഉണ്ടായിരുന്നതായി അറിയാം. പക്ഷേ അതൊന്നും ഇത്തരമൊരു സംഭവത്തിലേക്ക് വഴിവെക്കുന്ന തരത്തിലുള്ളതായിരുന്നില്ല. മാത്രമല്ല ഭർത്താവും ഭാര്യയും തമ്മിലുള്ള പ്രശ്‌നമായിരുന്നെങ്കിൽ ആർക്കെങ്കിലും ഒരാൾക്ക് എന്തെങ്കിലും പറ്റണമായിരുന്നു, ഒരാളെയെങ്കിലും നമുക്ക് കിട്ടണമായിരുന്നു. പക്ഷേ രണ്ടുപേരുടെയും നഷ്ടപ്പെടലാണ് നമുക്ക് ഏറ്റവും കൂടുതൽ പ്രയാസം വരുത്തുന്നത്.
കേസിന്റെ ആദ്യ സമയങ്ങളിലൊക്കെ ഒരുപാട് പ്രയാസങ്ങൾ നേരിടേണ്ടി വന്നു. എനിക്ക് അഞ്ചു പെങ്ങന്മാരാണ്. അഞ്ചാമത്തെ ആളെയാണ് കാണാതായത്. ബാക്കി നാല് പെങ്ങന്മാരുടെ വീടുകളിലും ഒന്നൊഴിയാതെ പോലീസ് കയറി ഇറങ്ങുമായിരുന്നു. അതിന് ഞങ്ങൾ ഒരുപാട് പ്രയാസപ്പെട്ടു. കാരണം അവരുടെയൊക്കെ വീടുകളിൽ ചെല്ലാതെ അവരൊക്കെ വിവാഹം കഴിച്ചു പോയ സ്ഥലങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥർ പല തവണ കയറി ഇറങ്ങിയത്.
അത് അവർക്ക് വലിയ ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയതോടെ ഞാൻ മുഖ്യമന്ത്രിയെ കണ്ടു. ഞങ്ങൾ എന്ത് തെറ്റ് ചെയ്തിട്ടാ എന്ന് ചോദിച്ചു. ഞങ്ങളെ ഒരുപാട് ബുദ്ധിമുട്ടിച്ചു. ഞങ്ങൾ എന്ത് തെറ്റ് ചെയ്തിട്ടാ.. കാരണം ആ വീട്ടിൽ നിന്ന് കാണാതായി, അവിടുന്ന് നഷ്ടപ്പെട്ട ആൾക്ക് വേണ്ടിയാണ് അന്വേഷണം. എന്റെ സഹോദരിമാരുമായിട്ടോ സഹോദരങ്ങളുമായിട്ടോ ഞാനുമായിട്ടോ ബന്ധമില്ല. പക്ഷേ ഞങ്ങളുടെ വീടുകളിലെല്ലാം പോലീസ് അന്വേഷണമായിട്ട് കയറിയിറങ്ങി നടന്നു.
അങ്ങനെ പോലീസിലുളള വിശ്വാസം നഷ്ടപ്പെട്ടാണ് കേസ് ക്രൈം ബ്രാഞ്ചിനെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി പിണറായി സാറിനെ പോയി കാണുന്നത്. കാര്യങ്ങൾ വിശദീകരിച്ച് നൽകിയതോടെ അദ്ദേഹം അത് ഗൗരവമായി തന്നെ എടുത്തു. ഒറ്റ ദിവസം കൊണ്ട് തന്നെ ഈ കേസ് ക്രൈം ബ്രാഞ്ചിലേക്ക് വിടുകയും ചെയ്തു. അന്വേഷം തൃപ്തികരമല്ലാത്തത് കൊണ്ടാണല്ലോ നമ്മൾ ക്രൈം ബ്രാഞ്ചിന് കേസ് വിട്ടത്. അങ്ങനെ ഇത് ക്രൈം ബ്രാഞ്ചിന്റെ കൈയിൽ കുറെ നാളുകൾ അങ്ങനെ മുന്നോട്ടു പോയി.
അവർ അന്വേഷണം തുടങ്ങി അന്ന് അജ്മീറിൽ എന്തോ ഒരു അന്വേഷണമായിട്ട് ബന്ധപ്പെട്ടു നിൽക്കുന്ന ആ സമയത്ത് ഹാഷിമിന്റെ ബാപ്പ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം ശരിയല്ല എന്നും പറഞ്ഞു സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. അന്വേഷണം തുടങ്ങിയിട്ട് 10 ദിവസമെങ്കിലും ആയിട്ടുണ്ടായിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു. ഇവർ അന്വേഷണംതുടങ്ങി അതിനകത്ത് എന്തോ ഒരു ദുരൂഹത ഉണ്ടെന്നുള്ള ഒരു കാര്യം നമുക്ക് മനസ്സിലായതുകൊണ്ടാണ് കേസിൽ ഞാൻ കഷി ചേർന്നത്. അന്ന് നമ്മൾ സിബിഐ അന്വേഷണം വേണ്ടെന്നും ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം തൃപ്തികരമാണെന്നും പറഞ്ഞു. ഞാൻ അവർക്ക് മൊഴി കൊടുത്തത് അന്വേഷണം തൃപ്തികരമാണെന്നായിരുന്നു.’
എങ്ങുമെത്താതെ പോയി അന്വേഷണം
കേസിൽ ആദ്യം പ്രധാനമായി അന്വേഷണം നടത്തിയത് സിസിടിവി കേന്ദ്രീകരിച്ചായിരുന്നു. അന്ന് ഇരുന്നൂറ്റിയമ്പതോളം സിസിടിവികൾ ശേഖരിച്ചതിൽ നിന്നും ഒന്നോ രണ്ടോ വിഷ്വലുകളിൽ മാത്രമാണ് അവരെക്കുറിച്ചുള്ള വിവരം ലഭിച്ചത്. അതിനുശേഷം ഇടുക്കി ജില്ല കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഹാഷിമിനെ കാണാതാകുന്നതിന് മൂന്ന് ദിവസം മുന്നേ ഒരു യാത്ര നടത്തിയിരുന്നു. തനിച്ചായിരുന്നു ഹാഷിമിന്റെ യാത്ര.
ടവർ ലൊക്കേഷൻ പരിശോധിച്ചതിൽ നിന്നുമാണ് കുട്ടിക്കാനം, പാമ്പനാർ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഹാഷിം യാത്ര ചെയ്തതായി വിവരം ലഭിച്ചത്. അതുകൊണ്ട് തന്നെ ഇടുക്കിയിലെ കൊക്കകളും ജലാശയങ്ങളുമെല്ലാം അരിച്ചുപെറുക്കിയായിരുന്നു അന്വേഷണം നടത്തിയത്. ക്യാമറയും ഹെലിക്യാമറ ഉപയോഗിച്ചുമെല്ലാം നല്ല രീതിയിൽ ഇവർക്കായുള്ള തിരച്ചിൽ നടത്തി. എന്നിട്ടും അവരെ കണ്ടെത്താനായില്ല.
ബാപ്പക്കും ഉമ്മക്കും എന്തെങ്കിലും പറ്റിയോ ഇല്ലയോ എവിടെയുണ്ട് എന്നെങ്കിലും അറിയണം- ബിലാൽ (മകൻ)
‘ബാപ്പയേയും ഉമ്മയേയും കാണാതെ പോകുന്ന സമയത്ത് ഞാൻ നാലിൽ പഠിക്കുകയാണ്. അവർ ഭക്ഷണം വാങ്ങിക്കാൻ പോവുകയാണെന്ന് പറഞ്ഞ് പുറത്തേക്ക് ഇറങ്ങിയതാണ്. ആ സമയത്ത് എനിക്ക് എന്റെ ഉമ്മ എനിക്ക് ഭക്ഷണം വാരി തന്നിട്ടാ പോയത്. ഞാൻ അന്ന് നാലിൽ പഠിക്കുകയാണ്, പക്ഷേ അതെല്ലാം എനിക്ക് ഇപ്പോഴും നല്ല ഓർമയുണ്ട്. ബാപ്പ പുറത്ത് പോകണം എന്ന് പറഞ്ഞ് ഉമ്മയെ കൂടി കൂട്ടിക്കൊണ്ട് പോയതാണ്.
വാപ്പയും ഉമ്മയും പോയെങ്കിലും ബാക്കിയുള്ളവരൊക്കെ കൂടെ ഉണ്ടായിരുന്നു. എന്നാലും ഒരു പോയിന്റ് എത്തുമ്പോൾ നമുക്ക് ഉള്ളിൽ ഒരു ഭയങ്കര ഒരു വിഷമായിരുന്നു. സ്‌കൂളിലൊക്കെ പോകുമ്പോഴും അങ്ങനെ രക്ഷാകർത്താക്കളുടെ മീറ്റിങ് വരുമ്പോൾ.. അങ്ങനെയൊക്കെ വിഷമം വന്നിട്ടുണ്ട്. അങ്ങനെ ഒരു സംഭവം നടന്നിട്ടില്ല എന്ന് വിചാരിച്ചിട്ട് മുന്നോട്ട് പോവുകയാണ്. അങ്ങനെയേ മുന്നോട്ട് പോകാൻ പറ്റുമായിരുന്നുള്ളൂ.
ഇതുവരേയും അവർ എവിടെയാണെന്ന് അറിയാൻ കഴിഞ്ഞിട്ടില്ല. എന്തെങ്കിലും പറ്റിയോ ഇല്ലയോ എവിടെയുണ്ട് എങ്ങനൊണ് എന്നൊക്കെ നമുക്ക് അറിയണമെന്നുണ്ട്. പക്ഷേ ഇതുവരെ ഒരു തുമ്പ് പോലും കിട്ടിയിട്ടില്ല. പോലീസ് അന്വേഷണം നല്ല രീതിക്കാണ് മുന്നോട്ട് പോയത്. എന്നാൽ ക്രൈംബ്രാഞ്ച് എത്തിയതോടെ കേസ് അന്വേഷണം നിലച്ചു.’
ദുരൂഹമായി രജിസ്റ്റർ ചെയ്യാത്ത വാഗണർ കാർ
‘ഹാഷിമിന് സാമ്പത്തിക ഇടപാടുകളൊന്നുമില്ല. ഒന്നോ രണ്ടോ വർഷം കൂടുമ്പോഴും ഹാഷിം വാഹനം മാറ്റുമായിരുന്നു. അങ്ങനെ അവസാനമായി വാങ്ങിയ വണ്ടിയാണ് വാഗണർ കാർ. ഈ കാർ വാങ്ങി ഒരാഴ്ച കഴിയുമ്പോഴേക്കും ഞാൻ ആ വീട്ടിൽ ഒരു ദിവസം പോയായിരുന്നു. അന്ന് വണ്ടി നമ്പർ കിട്ടിയിട്ടില്ല. ഞാൻ ചോദിച്ചപ്പോൾ ഉടനെ കിട്ടുമെന്നാണ് ഹാഷിം പറഞ്ഞത്. അതിലും ദുരൂഹതയുണ്ട്. ഒരു മാസകാലമായിട്ട് നമ്പർ എടുത്തിട്ടില്ല.
അപ്പോൾ എന്തൊക്കെയോ ഇദ്ദേഹം തീരുമാനിച്ചിരുന്നു.. അത് എന്താണെന്നുള്ളത് അദ്ദേഹത്തിന് മാത്രമേ അറിയൂ. പിന്നീട് ഷോറൂമിൽ അന്വേഷിച്ചപ്പോൾ കമ്പനിയുടെ ഷോറൂമിൽ നിന്ന് പലതവണ വിളിച്ച് രജിസ്റ്റർ ചെയ്യാൻ പറഞ്ഞെങ്കിലും വേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ല എന്നാണ് അറിഞ്ഞത്. ഹാഷിം എന്തൊക്കെയോ നേരത്തെ മനസിൽ തീരുമാനിച്ച് ഉറപ്പിച്ചിരുന്നുവെന്നാണ് മനസിലാക്കുന്നത്.’
വാപ്പയ്ക്കും ഉമ്മയ്ക്കും വേണ്ടി ഇപ്പോഴും ഞങ്ങൾ കാത്തിരിക്കുകയാണ്- മകൾ
‘എല്ലാ കുടുംബത്തിലേയും പോലെ സന്തോഷമായിട്ട് മുമ്പോട്ട് പോവുകയായിരുന്നു ഞങ്ങളുടെ വീടും. പെട്ടെന്ന് ഒരു ദിവസം അവർ രണ്ട് പേരും ഇറങ്ങി പോയി. പിന്നീട് ഇങ്ങോട്ട് അത്ര നല്ല ദിവസങ്ങൾ ഒന്നും അല്ലായിരുന്നു ഞങ്ങൾക്ക്. അതൊരു ഹർത്താൽ ദിവസം ആയിരുന്നു. ഞാൻ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. അനുജന് ഉമ്മ ഭക്ഷണം കൊടുത്ത്, അവൻ ഉറങ്ങാനായി പോയി. ഒരു ഒൻപത് മണിയൊക്കെ ആയപ്പോൾ ഇവർ രണ്ട് പേരും പുറത്ത് പോവുകയാണെന്ന് പറഞ്ഞിട്ട് പോയി.
അന്നേരം ഞാൻ കരുതി അവർ പോയ പോലെ തന്നെ തിരികെ വരുമെന്ന്. പന്ത്രണ്ട് മണിയൊക്കെ ആയിട്ടും ഇവരെ കാണാഞ്ഞിട്ട് വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം കഴിച്ചിട്ട് കയറി കിടന്ന് ഉറങ്ങി. പിന്നീട് രാവിലെ എഴുന്നേറ്റ് നോക്കുമ്പോഴാണ് അവർ തിരികെ വന്നിട്ടില്ല എന്ന് മനസിലായത്. അങ്ങനെയാണ് ബാക്കി അടുത്തുള്ള ബന്ധുക്കളെയെല്ലാം വിളിച്ചതും പോലീസിനെ അറിയിച്ചതുമെല്ലാം. അന്നത്തെ ആ ദിവസം എന്റെ ബാപ്പ ഇറങ്ങുമ്പോഴത്തേക്കും പേഴ്‌സോ, പാസ്‌പോർട്ടോ എടിഎം കാർഡോ അങ്ങനെ ഒരു കാര്യങ്ങളും എടുത്തിട്ടുണ്ടായിരുന്നില്ല.
ഇവർ എവിടേക്കെങ്കിലും പോവുകയാണെങ്കിൽ പണം എന്നത് വേണമല്ലോ. അതില്ലാതെ ഇവർക്ക് എത്രത്തോളം പോകാൻ പറ്റും, അത്രയല്ലേ പോകാൻ പറ്റുകയുള്ളൂ. അവർക്ക് അധിക ദൂരം യാത്ര ചെയ്യാൻ സാധിക്കില്ലല്ലോ. ഞങ്ങളടെ വാപ്പക്കും ഉമ്മക്കും വേണ്ടി ഞങ്ങൾ ഇപ്പോഴും കാത്തിരിക്കുകയാണ്. ഏതെങ്കിലും ഒരു കാലത്ത് വരുമെന്ന് തന്നെയാണ് ഞങ്ങളുടെ ഒരു പ്രതീക്ഷ.’
കേസ് സിബിഐക്ക് വിടണം
പോലീസും ക്രൈംബ്രാഞ്ചും വർഷങ്ങളോളം അന്വേഷിച്ചിട്ടും കണ്ടെത്താനാകാത്ത ഹബീബയ്ക്കും ഹാഷിമിനും വേണ്ടി ഇനി സിബിഐ അന്വേഷം നടത്തണം എന്നാണ് കുടുംബത്തിന്റെ ആവശ്യം. രണ്ട് പേർക്കും എന്താണ് സംഭവിച്ചത് എന്നാണ് കുടുംബത്തിന് അറിയേണ്ടത്. വർഷങ്ങളിത്രയും കഴിഞ്ഞിട്ടും ബാപ്പയ്ക്കും ഉമ്മയ്ക്കും വേണ്ടി കാത്തിരിക്കുകയാണ് രണ്ട് കുട്ടികൾ.
Content Highlights: Hashim and Habeeba went missing on April 6, 2017, from Thazhathangadi, Kottayam. The couple left in an unregistered car, which remains a key point of mystery. Despite police and Crime Branch investigations covering forest and water bodies in Idukki, no trace was found. The family, including their two children, now demands a CBI probe as the current investigation has stalled. The case has remained unsolved for nine years, leaving the family in deep distress.
Published: 03 Jul 2026, 05:20 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented