കോഴിക്കോട്: കൂടത്തായി റോയ് തോമസ് വധക്കേസില്‍ ഒരു സാക്ഷികൂടി പ്രതിഭാഗത്തേക്ക് കൂറുമാറി. അറുപതാംസാക്ഷിയും കേസിലെ മൂന്നാംപ്രതി പ്രജികുമാറിന്റെ ഭാര്യയുമായ താമരശ്ശേരി തച്ചംപൊയില്‍ ശരണ്യയാണ് പ്രതികള്‍ക്ക് അനുകൂലമായി കോടതിയില്‍ മൊഴിമാറ്റിയത്.
പ്രജികുമാറിന്റെ കുറ്റസമ്മതമൊഴിപ്രകാരം താമരശ്ശേരിയിലെ ദൃശ്യകല ജ്വല്ലറി വര്‍ക്സ് എന്ന സ്ഥാപനത്തില്‍നിന്നും പോലീസ് സയനൈഡ് കണ്ടെടുത്തിരുന്നു. രണ്ടാംപ്രതി എം.എസ്. മാത്യു, പ്രജികുമാറിന്റെ സുഹൃത്താണെന്നും കടയില്‍ സ്വര്‍ണപ്പണിക്ക് സയനൈഡ് ഉപയോഗിക്കാറുണ്ടെന്നും ശരണ്യ നേരത്തെ മൊഴിനല്‍കിയിരുന്നു. അറസ്റ്റിനുശേഷം പോലീസ് പ്രജികുമാറിനെയുമായി വന്നപ്പോള്‍ താന്‍ നല്കിയ താക്കോലുപയോഗിച്ച് കടതുറന്നു പ്രജികുമാര്‍ സയനൈഡ് എടുത്ത് പോലീസിന് നല്‍കിയിരുന്നുവെന്നും ശരണ്യ പോലീസില്‍ മൊഴിനല്‍കിയിരുന്നു. പ്രജികുമാറിന്റെ കടയില്‍നിന്നും സയനൈഡ് കണ്ടെടുത്തതിന്റെ പരിശോധനപ്പട്ടികയില്‍ സാക്ഷിയായിരുന്നു ശരണ്യ. കൂറുമാറിയതിനെത്തുടര്‍ന്ന് പ്രോസിക്യൂഷനുവേണ്ടിയുള്ള ക്രോസ് വിസ്താരത്തില്‍ പട്ടികയിലെ ഒപ്പ് തന്റേതാണെന്ന് ശരണ്യ സമ്മതിച്ചു.
അന്വേഷണസംഘത്തില്‍ അംഗമായ കണ്ണൂര്‍ ആലക്കോട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ 150-ാം സാക്ഷി എ.പി. വിനീഷ് കുമാറിനെയും കോടതിയില്‍ വിസ്തരിച്ചു. ഒന്നാംപ്രതി ജോളിയുടെ ഇടുക്കി ജില്ലയിലെ തറവാട്ടുവീട്ടിലും ബന്ധുവീടുകളിലും പരിശോധന നടത്തിയിരുന്നുവെന്നും ജോളി പഠിച്ച വാഴവര സെയ്ന്റ് മേരീസ് ഹൈസ്കൂളില്‍നിന്ന് അഡ്മിഷന് രജിസ്റ്ററും ടി.സി. കൗണ്ടര്‍ഫോയലും ഉള്‍പ്പെടെയുള്ള രേഖകള്‍ ശേഖരിച്ചുവെന്നും വിനീഷ് കുമാര്‍ മൊഴിനല്‍കി. ജോളി ബി.എഡിന് പഠിച്ചിട്ടുണ്ടോ എന്നറിയാന്‍ പാലാ സെയ്ന്റ് തോമസ് ടീച്ചേഴ്സ് എജുക്കേഷന്‍ കോളേജില്‍ പോയി അന്വേഷണംനടത്തിയെന്നും ജോളി ജോസഫ് ആ കോളേജില്‍ പഠിച്ചിട്ടില്ലെന്ന് വ്യക്തമായെന്നും സാക്ഷി കോടതിയില്‍ പറഞ്ഞു. അതുസംബന്ധിച്ച് പ്രിന്‍സിപ്പലില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചുവെന്നും സാക്ഷി മാറാട് പ്രത്യേകകോടതി ജഡ്ജി എസ്.ആര്. ശ്യാംലാല്‍ മുമ്പാകെ മൊഴിനല്‍കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എന്‍.കെ. ഉണ്ണികൃഷ്ണന് അഡീഷണല്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഇ. സുഭാഷ് എന്നിവര്‍ ഹാജരായി. അന്വേഷണസംഘത്തിലെ അംഗമായിരുന്ന സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. കെ.കെ. ബിജുവിനെ വ്യാഴാഴ്ച കോടതിയില്‍ വിസ്തരിക്കും.
Content Highlights: koodathayi case roy thomas murder case trial in court
Published: 10 Jan 2024, 02:03 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented