ശൂരനാട്(കൊല്ലം) :സഹപാഠിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി സ്ഥിരമായി ബഹളമുണ്ടാക്കുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ശൂരനാട് തെക്ക് കുമരന്‍ചിറ തപസ്യയില്‍ ആദിത്യന്‍ (20) ആണ് അറസ്റ്റിലായത്. യുവാവിന്റെ ആക്രമണത്തില്‍, പിടികൂടാനെത്തിയ പോലീസുകാരന്റെ കാലൊടിഞ്ഞു. സിപിഒ ശ്രീകാന്തിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

To advertise here,

ശൂരനാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞദിവസമാണ് സംഭവം. പോലീസ് പറയുന്നത്: നേരത്തെ ഒപ്പം പഠിച്ച സഹപാഠിയുടെ വീട്ടിലാണ് യുവാവ് അതിക്രമം കാട്ടിയത്. ഇവിടെ അമ്മയും മകളുംമാത്രമാണ് താമസിക്കുന്നത്. രാത്രി വീടിന്റെ മതില്‍ചാടി മുകള്‍നിലയിലെത്തിയ യുവാവ് വീട്ടിലുണ്ടായിരുന്നവരെ അസഭ്യം പറയുകയും ബഹളംവയ്ക്കുകയും ചെയ്തു. ഇതുകേട്ടെത്തിയ നാട്ടുകാരെയും യുവാവ് ഭീഷണിപ്പെടുത്തി.

തുടര്‍ന്ന് ശൂരനാട് പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് പോലീസിനെ ആക്രമിച്ചത്. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ യുവാവിനെ പോലീസ് വാഹനത്തില്‍ കയറ്റി സ്റ്റേഷനിലേക്കു മാറ്റി. മുന്‍പും ഈ വീട്ടില്‍ അതിക്രമിച്ചുകയറി ബഹളംവെച്ചതിന് മൂന്നു കേസ് ഇയാള്‍ക്കെതിരേയുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.