കൊല്ലം: കല്ലുവാതുക്കലിൽ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ചനിലയിൽ കണ്ട നവജാതശിശു മരിച്ച കേസിൽ കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിൽ വിചാരണ ചൊവ്വാഴ്ച തുടങ്ങും. ജഡ്ജി പി.എൻ.വിനോദ് വാദം കേൾക്കും. കുഞ്ഞിന്റെ അമ്മ കല്ലുവാതുക്കൽ ഈഴായ്ക്കോട് പേഴുവിള വീട്ടിൽ രേഷ്മയാണ് പ്രതി. കരുതിക്കൂട്ടിയുള്ള കൊലപാതകം, നവജാതശിശുവിനെ ഉപേക്ഷിക്കൽ, തെളിവുനശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
2021 ജനുവരി അഞ്ചിന് പുലർച്ചെയാണ് ജനിച്ച് അധികസമയമാകാത്ത ആൺകുഞ്ഞിനെ കരിയിലക്കൂട്ടത്തിൽ അവശനിലയിൽ കണ്ടത്. പൊക്കിൾക്കൊടിപോലും മുറിച്ചുമാറ്റാത്തനിലയിലായിരുന്നു. രേഷ്മയ്ക്കും ഭർത്താവിനും മൂന്നു വയസ്സുള്ള ഒരു പെൺകുട്ടിയുമുണ്ടായിരുന്നു. രണ്ടാമതൊരു കുഞ്ഞുകൂടിയുണ്ടെങ്കിൽ സ്വീകരിക്കാനാകില്ലെന്ന് ഫെയ്‌സ്ബുക്കിലെ കാമുകൻ പറഞ്ഞതിനാൽ ഗർഭിണിയായ വിവരം രേഷ്മ എല്ലാവരിൽനിന്നും മറച്ചുവെച്ചിരിക്കുകയായിരുന്നു.
2021 ജനുവരി നാലിന് രാത്രി ഒൻപതോടെ വീടിനു പുറത്തുള്ള കുളിമുറിയിൽ പ്രസവിച്ച രേഷ്മ സമീപത്തെ റബർതോട്ടത്തിലെ കരിയിലകൾ കൂട്ടിയിടുന്ന സ്ഥലത്ത് കുഞ്ഞിനെ ഉപേക്ഷിച്ചു. അതിനുശേഷം പ്രസവിച്ച കുളിമുറി കഴുകി വൃത്തിയാക്കി ഭർത്താവിനൊപ്പം കിടന്നുറങ്ങുകയും ചെയ്തു. പുലർച്ചെ കണ്ടെത്തിയശേഷം കുഞ്ഞിനെ കൊല്ലം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വൈകീട്ടോടെ മരിച്ചു. പ്രദേശത്തെ സ്ത്രീകളുടെ രക്തസാമ്പിൾ ഡി.എൻ.എ. പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. ഈ പരിശോധനയിലാണ് കുഞ്ഞ് രേഷ്മയുടേതാണെന്നു കണ്ടെത്തിയത്.
ഫെയ്‌സ്ബുക്കിലെ വ്യാജ പ്രൊഫൈൽ വഴി രേഷ്മയുമായി ചാറ്റ് ചെയ്തിരുന്നത് ഭർത്താവിന്റെ സഹോദരഭാര്യയും സഹോദരിപുത്രിയുമായിരുന്നു. രേഷ്മയുടെ അറസ്റ്റിനെ തുടർന്ന് ഇവർ ഇത്തിക്കരയാറ്റിൽച്ചാടി ആത്മഹത്യ ചെയ്തു. രേഷ്മയുടെ ഭർത്താവുൾപ്പെടെ 54 സാക്ഷികളുള്ള കേസിൽ പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിസിൻ ജി.മുണ്ടയ്ക്കൽ, ചേതന ടി.കർമ്മ എന്നിവർ ഹാജരാകും. പാരിപ്പള്ളി പോലീസ് സബ് ഇൻസ്പെക്ടർമാരായ എൻ.അനീസ, ജി.ജയിംസ്, ഇൻസ്പെക്ടർമാരായ എസ്.രൂപേഷ് രാജ്, ടി.സതികുമാർ, എ.അൽജബ്ബർ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.
Content Highlights: kollam kalluvathukkal new born baby death and reshma case
Published: 12 Dec 2023, 06:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented