കോഴിക്കോട്: കൊടുവള്ളിയിലെ സ്വർണക്കവർച്ചാ കേസിൽ അഞ്ചുപേർ പോലീസ് പിടിയിൽ. രമേശ്, വിപിൻ, ഹരീഷ്, ലതീഷ്, വിമൽ എന്നിവരാണ് അന്വേഷണസംഘത്തിന്റെ പിടിയിലായത്. ജ്വല്ലറി ഉടമയിൽനിന്ന് രണ്ട് കിലോ സ്വർണം കവർന്ന കേസിലാണ് അറസ്റ്റ്. തൃശ്ശൂർ പാലക്കാട് എന്നിവിടങ്ങളിൽനിന്നാണ് പ്രതികളെ പിടികൂടിയത്. 1.3 കിലോ സ്വർണം പ്രതികളിൽനിന്ന് കണ്ടെടുത്തു.

To advertise here,

ബുധനാഴ്ച രാത്രി പത്തോടെ കൊടുവള്ളി-ഓമശ്ശേരി റോഡിൽ മുത്തമ്പലത്തുവെച്ചാണ് കടയടച്ച് വീട്ടിൽ പോകുകയായിരുന്ന മുത്തമ്പലം കാവിൽ 'ദീപ'ത്തിൽ ബൈജുവിൽനിന്ന് കാറിലെത്തിയ സംഘം സ്വർണം കവർന്നത്. സ്‌കൂട്ടറിൽ സഞ്ചരിച്ച ബൈജുവിനെ കാറിൽ വന്ന സംഘം ഇടിച്ചിടുകയായിരുന്നു. കാർ നിർത്തി മൂന്നുപേർ ഇറങ്ങിവന്ന് സ്‌കൂട്ടറിൽ വെച്ചിരുന്ന ബാഗെടുത്ത് പോവാനൊരുങ്ങുന്നതിനിടെ ബാഗ് പിടിച്ചുവാങ്ങാൻ ശ്രമം നടത്തിയെങ്കിലും ബൈജുവിനെ തള്ളിയിട്ട് സംഘം കടന്നുകളയുകയായിരുന്നു. ഇവരുടെ കൈയിൽ കത്തിയുണ്ടായിരുന്നതായും ബൈജു പറഞ്ഞു.

സ്‌കൂട്ടർ മറിഞ്ഞ് റോഡിൽ വീണ തന്നെ സഹായിക്കാനാണ് സംഘം കാറിൽനിന്നിറങ്ങി വന്നതെന്നാണ് ആദ്യം കരുതിയത്. എന്നാൽ, സ്‌കൂട്ടറിന്റെ മുൻഭാഗത്ത് വെച്ചിരുന്ന സ്വർണമടങ്ങിയ ബാഗ് പെട്ടെന്നുതന്നെ ഇവർക്ക് ലഭിച്ചതിനാലാണ് സംഘം കടന്നുകളഞ്ഞതെന്നും അല്ലെങ്കിൽ തന്നെ ആക്രമിക്കുമായിരുന്നെന്നും ബൈജു പറഞ്ഞു. സ്‌കൂട്ടർ മറിഞ്ഞ് ബൈജുവിന്റെ വലതുകൈയ്ക്കും വലതുകാലിനും പരിക്കുണ്ട്. വർഷങ്ങളായി കൊടുവള്ളിയിൽ സ്വർണാഭരണ നിർമാണ യൂണിറ്റ് നടത്തിവരുകയാണ് ബൈജു.