കൊടുമൺ: വടക്ക് പോലീസ് എത്തുമ്പോൾ തെക്കോട്ട് മുങ്ങും. പക്ഷേ, അവിടെ പൊങ്ങുകയുമില്ല. കാലം കുറച്ചായി കാക്കിയിട്ടവരെ കറക്കി നടക്കുകയായിരുന്നു അങ്ങാടിക്കൽ വടക്ക് സ്വദേശി കിച്ചുവെന്ന് വിളിക്കുന്ന 30-കാരനായ കാർത്തിക്.

To advertise here,

ഇത്തവണ കണക്കുകൂട്ടി കൊടുമൺ പോലീസ് നടത്തിയ നീക്കത്തിൽ കാപ്പാ കേസ് പ്രതിയായ ഇയാൾ കുടുങ്ങി. പരിചയക്കാരിയുടെ വീട്ടിൽ പതുങ്ങി കഴിഞ്ഞുവരുമ്പോൾ പോലീസ് നടത്തിയ പാതിരാ ഒാപ്പറേഷനിലാണ് പിടിയിലായത്. തിരുവനന്തപുരം തിരുപുറത്ത് കാർത്തിക് എത്തിയെന്ന വിവരത്തെ തുടർന്നാണ് വെള്ളിയാഴ്ച കൊടുമൺ പോലീസ് സ്റ്റേഷനിൽനിന്നുള്ള നാലംഗ സംഘം അവിടെയെത്തിയത്.

ഇയാൾ തിരുവനന്തപുരത്ത് എത്തിയാൽ തങ്ങുന്ന പരിചയക്കാരിയുടെ വീട് പോലീസ് തിരിച്ചറിഞ്ഞു. സാധാരണ വേഷത്തിൽ ആ വീടിന്റെ പരിസരത്ത് അവർ നിരീക്ഷണം നടത്തി. പരിചയക്കാരിയുടെ അച്ഛനും ജ്യേഷ്ഠനും അല്ലാതെ മറ്റൊരു പുരുഷനുംകൂടി വീട്ടിലുണ്ടെന്ന് മനസ്സിലാക്കിയ അവർ രാത്രി ആവാൻ കാത്തിരുന്നു. രാത്രി 12.30 ആയപ്പോഴേക്കും കാർത്തിക് ഉറങ്ങിക്കാണും എന്ന പ്രതീക്ഷയിൽ പോലീസ് സംഘം വീട്ടിലേക്ക് ചെന്നു. എന്നാൽ, കാർത്തിക് ഉറങ്ങിയിരുന്നില്ല.

പോലീസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ ഇയാൾ അടുക്കളയുടെ ഭാഗത്തുകൂടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, അവിടെയും പോലീസ് ജാഗ്രതയോടെ ഉണ്ടായിരുന്നു. മൽപ്പിടിത്തമുണ്ടാക്കി പോലീസിനെ ആക്രമിക്കാൻ മുതിർന്ന കാർത്തിക്കിനെ അവർ ബലമായി കീഴ്പെടുത്തി ബന്ധനസ്ഥനാക്കി. പിന്നെ ജീപ്പിൽ കയറ്റി ശനിയാഴ്ച കൊടുമൺ പോലീസ് സ്റ്റേഷനിൽ എത്തിച്ചു.

തൃശ്ശൂർ രാഗം തിയേറ്റർ ഉടമ സുനിലിനെ വധിക്കാൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയാണ് കാർത്തിക്. കൂടുതൽ കേസുകളും തൃശ്ശൂർ ജില്ലയിലാണ്. കൊലപാതകശ്രമം, മോഷണം, കുഴൽപ്പണം, സ്വർണക്കടത്ത് തുടങ്ങി നിരവധി ക്രിമിനൽ കേസുകൾ ഇയാളുടെ പേരിലുണ്ട്. ക്വട്ടേഷൻ സംഘാംഗമാണെന്നും പോലീസ് പറഞ്ഞു.

മിക്ക കേസുകളിലും ഇയാളെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. കോടതിയിൽ കീഴടങ്ങുകയാണ് പതിവ്. കുറച്ചുനാളുകളായി പോലീസ് നിരീക്ഷണത്തിലായിരുന്നു. തൃശ്ശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇയാളെ തേടി പോലീസ് തൃശ്ശൂരിൽ എത്തിയെങ്കിലും കടന്നുകളഞ്ഞു.

പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ട് ആനന്ദിന്റെ നിർദേശത്തെ തുടർന്ന് കൊടുമൺ എസ്.എച്ച്.ഒ. ശ്രീലാൽ ചന്ദ്രശേഖരൻ, എസ്.ഐ. ജെ.യു. ജിനു, സി.പി.ഒ. മാരായ അഭിലാഷ്, ബിൻഷാദ്, അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്. ഇയാളെ ആറ് മാസത്തേക്ക് ജയിലിലേക്ക് മാറ്റി.