കോയമ്പത്തൂര്‍: ദേശീയപാതയില്‍ ചാവടിക്ക് സമീപം എട്ടിമട ബൈപ്പാസില്‍, പാലക്കാട് കണ്ണാടി സ്വദേശികളായ വ്യവസായികളെ ആക്രമിച്ച് കാര്‍ തട്ടിയെടുത്ത സംഭവം നടന്നത് 2024 ഫെബ്രുവരി 23-നാണ്. നാലുമാസത്തിനിടെ വീണ്ടും മൂന്ന് കവര്‍ച്ചക്കേസുകള്‍കൂടി. സ്വര്‍ണവും പണവും കുഴല്‍പ്പണവും ലക്ഷ്യമിട്ട് രാത്രിയിലെ വിജനതയില്‍ കവര്‍ച്ചസംഘങ്ങള്‍ അഴിഞ്ഞാടുമ്പോള്‍ സേലം-കൊച്ചി ദേശീയപാത 544-ല്‍, നീലാമ്പൂര്‍ മുതല്‍ വാളയാര്‍വരെയുള്ള 40 കിലോമീറ്റര്‍ ദൂരത്തെ യാത്ര യാത്രക്കാര്‍ക്ക് പേടിസ്വപ്നമാവുകയാണ്.

To advertise here,

ആക്രമിച്ചും തട്ടിക്കൊണ്ടുപോയുമുള്ള കവര്‍ച്ചയ്ക്ക് പിന്നില്‍ കൂടുതലും മലയാളികള്‍ തന്നെയെന്നതാണ് വസ്തുത. അര്‍ധരാത്രിക്കും വെളുപ്പിനുമാണ് ആക്രമണങ്ങളെല്ലാം നടക്കുന്നത്. കവര്‍ച്ചസംഘങ്ങളെ അടിച്ചമര്‍ത്തുന്ന കാര്യത്തില്‍ കേരള-തമിഴ്നാട് പോലീസിന്റെ ഏകോപനമില്ലായ്മയും പാതയില്‍ പോലീസ് സാന്നിധ്യം കുറഞ്ഞതും അക്രമികള്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്നു.

ചെന്നൈയില്‍ വ്യവസായികളായ കണ്ണാടിസ്വദേശികള്‍ മുഹമ്മദ് റിന്‍സി (29), മുഹമ്മദ് സഹല്‍ (28), അരുണ്‍കുമാര്‍ (25) എന്നിവര്‍ എട്ടിമട ബൈപ്പാസില്‍വെച്ചാണ് ആക്രമണത്തിന് ഇരകളായത്. ഫെബ്രുവരി 23-ന് ഇവര്‍ ചെന്നൈയില്‍നിന്ന് കാറില്‍ നാട്ടിലേക്ക് വരികയായിരുന്നു.

പുലര്‍ച്ചെ മൂന്നരയ്ക്ക് നീലാമ്പൂര്‍ കഴിഞ്ഞതോടെ ഒരുകാറും ലോറിയും ഇവരെ പിന്തുടര്‍ന്നു. എട്ടിമട ബൈപ്പാസിന് സമീപമെത്തിയപ്പോള്‍ വ്യവസായികളുടെ കാറിന് മുന്നില്‍ ലോറി കുറുകെനിര്‍ത്തി കവര്‍ച്ചക്കാര്‍ ചാടിയിറങ്ങി. മുഹമ്മദ് റിന്‍സിനെയും സുഹൃത്തുക്കളെയും കാറില്‍നിന്ന് പുറത്തിറക്കി മര്‍ദിച്ചശേഷം റോഡില്‍ ഉപേക്ഷിച്ച് കാര്‍ തട്ടിയെടുത്തു. പിറ്റേദിവസം കൊഴിഞ്ഞാമ്പാറ പോലീസ്സ്റ്റേഷന്‍ പരിധിയിലെ ആളൊഴിഞ്ഞ പറമ്പില്‍ കാര്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. കാറിന്റെ ഗ്ലാസ് തകര്‍ത്ത് സീറ്റും ഉള്‍വശവുമെല്ലാം കുത്തിപ്പൊളിച്ച നിലയിലായിരുന്നു. കാറില്‍ പണമുണ്ടെന്ന് കരുതിയായിരുന്നു കവര്‍ച്ച. കൊഴിഞ്ഞാമ്പാറ, ചിറ്റൂര്‍ സ്വദേശികളായ പത്തുപേരാണ് സംഘത്തിലുണ്ടായിരുന്നത്.

മേയ് 22-ന് രാത്രി 11.30-ഓടെ ദേശീയപാത നവക്കരയില്‍ ധര്‍മപുരി പുതുപ്പട്ടി സ്വദേശിയായ ട്രക്ക് ഡ്രൈവര്‍ കവര്‍ച്ചയ്ക്കിരയായത് പോലീസിനെപ്പോലും ഞെട്ടിച്ച സംഭവമായിരുന്നു. ചുരിദാര്‍ധരിച്ച് മുഖംമറച്ച ഒരാള്‍ ടോര്‍ച്ചടിച്ച് ഡ്രൈവറെ ആകര്‍ഷിച്ചു. താഴെയിറങ്ങിയ ഡ്രൈവറെ ഒളിഞ്ഞിരുന്ന അക്രമികള്‍ മര്‍ദിക്കുകയും കൈയിലുണ്ടായിരുന്ന 2,500 രൂപ തട്ടിയെടുക്കുകയും ചെയ്തു. മേയ് 23-ന് വെളുപ്പിന് മൂന്നരയോടെ മേട്ടുപ്പാളയം സ്വദേശിയായ ഡ്രൈവറും സമാനരീതിയില്‍ കവര്‍ച്ചയ്ക്കിരയായി. നഷ്ടമായത് 30,000 രൂപയാണ്. കോയമ്പത്തൂര്‍ജില്ലാ പോലീസ് മേധാവി വി. ബദ്രി നാരായണന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചുള്ള കവര്‍ച്ചസംഘമാണ് രണ്ടുസംഭവത്തിനും പിന്നിലെന്ന് കണ്ടെത്തി. സംഘത്തില്‍ പാലക്കാട് സ്വദേശിയും ഉള്‍പ്പെട്ടിരുന്നു.

ഇതിനു പുറകെയാണ് ജൂണ്‍ 14-ന് പുലര്‍ച്ചെ എറണാകുളം പട്ടിമറ്റം സ്വദേശിയായ അസ്ലം സിദ്ദിഖും കൂട്ടുകാരും ആക്രമിക്കപ്പെടുന്നത്. മൂന്നു കാറുകളിലെത്തിയ, പട്ടാളക്കാരന്‍ ഉള്‍പ്പെടുന്ന കവര്‍ച്ചസംഘം പുലച്ചെ രണ്ടരയോടെ മധുക്കരയില്‍വെച്ച് അസ്ലമിന്റെ കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കയായിരുന്നു. മുഖംമൂടിധരിച്ച അക്രമികള്‍ കാറിന്റെ ഗ്ലാസ് തകര്‍ത്ത് അപായപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഭാഗ്യംകൊണ്ടാണ് അസ്ലമും സുഹൃത്തുക്കളും രക്ഷപ്പെട്ടത്. സംഭവത്തില്‍ ചിറ്റുൂര്‍, കൊഴിഞ്ഞാമ്പാറ സ്വദേശികളായ പട്ടാളക്കാരന്‍ വിഷ്ണു, രമേഷ്ബാബു, ശിവദാസ്, അജയകുമാര്‍ എന്നിങ്ങനെ നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു. കവര്‍ച്ചസംഘത്തിലെ മറ്റുള്ളവര്‍ക്കായി പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

വാളയാര്‍മുതല്‍ നീലാമ്പൂര്‍വരെയുള്ള ദേശീയപാത പൊതുവേ വിജനമാണ്. രാത്രിയില്‍ വാഹനങ്ങളല്ലാതെ മറ്റൊന്നുമില്ല. ഇതില്‍ത്തന്നെ മധുക്കരമുതല്‍ നീലാമ്പൂര്‍വരെയുള്ള എല്‍ ആന്‍ഡ് ടി പൈപ്പാസിലെ 27 കിലോമീറ്ററിലാണ് കവര്‍ച്ചയും ആക്രമണങ്ങളും കൂടുതലും നടക്കുന്നത്. ടോള്‍കേന്ദ്രങ്ങളല്ലാതെ ഇവിടെ മറ്റൊന്നുമില്ല. പോലീസിന്റെ സാന്നിധ്യവും കുറവാണ്. രണ്ടുവരിപ്പാതയാണ് ഇവിടെയുള്ളത്. റോഡിനിരുവശത്തെയും വിജനമായ വഴികളില്‍നിന്ന് ഏതുസയമത്തും വണ്ടികള്‍ക്ക് റോഡിലേക്ക് കയറിവരാം. കവര്‍ച്ചക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം. കുഴല്‍പ്പണ-സ്വര്‍ണക്കടത്ത് സംഘങ്ങളെ ലക്ഷ്യംവെച്ചാണ് കവര്‍ച്ചസംഘങ്ങളുടെ പ്രവര്‍ത്തനം.

ഒറ്റുകാരുടെ കളിക്കളം...

സേലം-കൊച്ചി ദേശീയപാതയില്‍ നീലാമ്പൂര്‍മുതല്‍ വാളയാര്‍വരെയുള്ള ഭാഗത്ത് കവര്‍ച്ചയും കൊള്ളയും നടത്തുന്നവര്‍ മുഖ്യമായും ലക്ഷ്യമിടുന്നത് കുഴല്‍പ്പണക്കാരെയും സ്വര്‍ണവ്യാപാരികളെയുമാണ്. രണ്ട് വിഭാഗക്കാരും അനധികൃതമായി പണം കടത്തുന്നതിനാല്‍ പരാതികള്‍ കുറവായിരിക്കും. കേസുണ്ടായാല്‍ത്തന്നെ ഏതുസമയത്തും ഒത്തുതീര്‍പ്പിലെത്തിക്കാനും സാധിക്കും. ഈ പഴുതുപയോഗിച്ചാണ് കവര്‍ച്ചസംഘം വിലസുന്നത്.

2023 മാര്‍ച്ച് 29-ന് പാലക്കാട് കൂറ്റനാട് സ്വദേശികളായ രണ്ടുപേര്‍ 600 ഗ്രാം സ്വര്‍ണാഭരണം കോയമ്പത്തൂര്‍ രാജാവീഥിയിലെ സ്വര്‍ണവ്യാപാരിക്ക് വില്‍ക്കാന്‍ വന്നതായിരുന്നു. അന്നുരാത്രി വ്യാപാരിയുടെവീട്ടില്‍ താമസിച്ച ഇരുവരും പിറ്റേന്ന് വെളുപ്പിന് ആഭരണത്തിന്റെ വിലയായ 43.5 ലക്ഷം രൂപയുമായി മോട്ടോര്‍സൈക്കിളില്‍ നാട്ടിലേക്ക് പോവുകയായിരുന്നു. ദേശീയപാതയില്‍ വേലന്താവളംറോഡിലെ സ്വകാര്യ സ്റ്റീല്‍ കമ്പനിക്കുസമീപം എത്തിയപ്പോള്‍ രണ്ടുപേര്‍ ബൈക്കിലും നാലുപേര്‍ കാറിലുമായി പിന്തുടര്‍ന്നു.

പിന്നീട് മോട്ടോര്‍സൈക്കിള്‍ തടഞ്ഞുനിര്‍ത്തിയ കവര്‍ച്ചക്കാര്‍ ഇരുവരെയും മര്‍ദിക്കയും കത്തികാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയും ചെയ്തു. കോയമ്പത്തൂര്‍ ഡി.ഐ.ജി.യുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശികളായ നാലുപേരെ മേയ് മാസത്തില്‍ അറസ്റ്റ് ചെയ്തു.

കൊഴിഞ്ഞാമ്പാറ പോലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്. 43.5 ലക്ഷം രൂപയാണ് നഷ്ടമായതെന്ന് പറഞ്ഞിരുന്നെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്ത വേളയില്‍ നാലുലക്ഷം രൂപയാണ് നഷ്ടയമായതെന്നാണ് കേസന്വേഷിച്ച മധുക്കര പോലീസ് പറഞ്ഞത്. നഷ്ടമായ പണത്തെക്കുറിച്ച് പരാതിക്കാരനുപോലും ആശങ്കയില്ലാതായപ്പോള്‍ കേസ് അവിടംകൊണ്ട് അവസാനിച്ചു.

ഈ കേസില്‍ ആഭരണംവിറ്റ പണവുമായി കൂറ്റനാട് സ്വദേശികള്‍ പോകുന്ന വിവരം അറിയുന്നത് സ്വര്‍ണംവാങ്ങിച്ച വ്യാപാരിക്ക് മാത്രമായിരുന്നു. അത് കൃത്യമായി മനസ്സിലാക്കി കൊഴിഞ്ഞാമ്പാറ സ്വദേശികള്‍ കവര്‍ച്ച ആസൂത്രണം ചെയ്തത് ഏങ്ങനെയെന്നതാണ് വിചിത്രം. സ്വര്‍ണക്കടത്തിന് പിന്നിലെ ഒറ്റുകാരുടെ കളിയാണിത്.

ദക്ഷിണേന്ത്യയില്‍ ഏറ്റവുംകൂടുതല്‍ ആഭരണ നിര്‍മാണശാലകളുള്ള നഗരങ്ങളിലൊന്നാണ് കോയമ്പത്തൂര്‍. ഏതാണ്ട് 50,000-ത്തോളം സ്വര്‍ണാഭരണ നിര്‍മാണത്തൊഴിലാളികള്‍ ഇവിടെ ജോലിചെയ്യുന്നു. സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ വില്‍ക്കുന്ന നിരവധി വ്യാപാരികളുണ്ട്. നികുതിവെട്ടിച്ചുള്ള അനധികൃത വില്‍പ്പനയുമേറേ.

നഗരത്തിലെ ബിഗ് ബസാര്‍ തെരുവ് സ്വര്‍ണക്കച്ചവടത്തിന്റെ ഒരു കേന്ദ്രമാണ്. ഇവിടെ നിന്നും സ്വര്‍ണവും പണവുമായി കേരളത്തിലേക്കും തിരിച്ചും പോയിവരുന്ന നൂറുകണക്കിന് ഏജന്റുമാരുണ്ടെന്നാണ് പോലീസ് പറയുന്നത്. ഒറ്റുകാരിലൂടെ ഇവരുടെ നീക്കങ്ങള്‍ മനസ്സിലാക്കി അത് കവര്‍ച്ചസംഘത്തിന് കൈമാറി ദേശീയപാതയിലെ വിജനതയില്‍ ആക്രമം ആസൂത്രണംചെയ്യുകയാണ് പതിവ്.

സമാനരീതിയില്‍ത്തന്നെയാണ് ബെംഗളൂരുവില്‍നിന്നും മറ്റും വരുന്ന കുഴല്‍പ്പണ സംഘത്തെ പതിയിരുന്ന് ആക്രമിക്കുന്നതും. പലപ്പോഴും നിരപരാധികളാണ് കവര്‍ച്ചയ്ക്കും അക്രമത്തിനുമിരയാവുന്നത്. പാലക്കാട്, കോയമ്പത്തൂര്‍ മേഖലകള്‍ കേന്ദ്രീകരിച്ച് ഹൈവേ കവര്‍ച്ചനടത്തുന്ന നിരവധി സംഘങ്ങളുണ്ട്. എല്ലാം യുവാക്കളുടെ ഗാങ്ങുകള്‍. ഒരുവര്‍ഷം ചുരുങ്ങിയത് പത്ത് കവര്‍ച്ചക്കേസുകളെങ്കിലും ദേശീയപാതയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

(തുടരും)