കൊച്ചി: കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്ന് പരാതി. ബുധനാഴ്ച വൈകീട്ട് നെട്ടൂരിലാണ് സംഭവം. ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന കുട്ടികളെ മിഠായി നല്‍കി പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് പരാതി. സംഭവത്തില്‍ കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയില്‍ പനങ്ങാട് പോലീസ് കേസെടുത്തു. 

To advertise here,

വൈകീട്ട് ആറരയോടെ പത്തുവയസ്സ് പ്രായമുള്ള രണ്ട് കുട്ടികള്‍ ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സ്‌കൂട്ടറിലെത്തിയ ഒരാള്‍ മിഠായി നല്‍കി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് പരാതി. ഹെല്‍മെറ്റും റെയിന്‍കോട്ടും ധരിച്ച ഇയാള്‍ ആദ്യം കുട്ടികള്‍ക്ക് മിഠായി നല്‍കി. എന്നാല്‍, ഒരു കുട്ടി ഇനിയും മിഠായി വേണമെന്ന് ഇയാളോട് പറഞ്ഞു. ഇതോടെ ഇയാള്‍ തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന വാനിലേക്ക് മിഠായി എടുക്കാന്‍ പോയ തക്കത്തില്‍ കുട്ടികള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. 

സ്‌കൂട്ടറിലെത്തിയ ആളും റോഡില്‍ നിര്‍ത്തിയിട്ടിരുന്ന വാനിലുണ്ടായിരുന്നവരും ഒരേസംഘത്തില്‍പ്പെട്ടവരാണെന്നാണ് ആരോപണം. സംഭവത്തില്‍ കഴിഞ്ഞദിവസംതന്നെ പരാതി നല്‍കിയെങ്കിലും വ്യാഴാഴ്ചയാണ് പോലീസ് കേസെടുത്തതെന്നും സ്ഥലത്തെത്തി വിവരം ശേഖരിച്ചതെന്നും മാതാപിതാക്കള്‍ ആരോപിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

വ്യാഴാഴ്ച കോഴിക്കോട്ടും കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന പരാതി ഉയര്‍ന്നിരുന്നു. കോഴിക്കോട് പുതിയകടവ് ബീച്ചിന് സമീപം ഇതരസംസ്ഥാനക്കാരായ രണ്ടുപേരാണ് ഏഴുവയസ്സുകാരനെ ചാക്കില്‍ക്കയറ്റി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. സംഭവത്തില്‍ മംഗളൂരു സ്വദേശികളായ ലക്ഷ്മി, ശ്രീനിവാസന്‍ എന്നിവരെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസിന് കൈമാറി. പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു.