കൊച്ചി/മരട്: മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്തും പെൺവാണിഭവും നടത്തിയ കേസിൽ മുഖ്യസൂത്രധാരനെ മരട് പോലീസ് അറസ്റ്റ് ചെയ്തു. മാവേലിക്കര സ്വദേശി ബിലാൽ എന്ന ശ്രീകുമാറാ(46)ണ് പിടിയിലായത്. കേസിലെ പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബിലാലിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. അതിനിടെ, കേസിൽ പിടിയിലായ ഒന്നാം പ്രതി ഗുരുവായൂർ സ്വദേശിനി സ്റ്റോയ്‌സി (സിന്ധു-56) ക്ക് അന്താരാഷ്ട്ര മനുഷ്യക്കടത്ത് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും പോലീസ് കണ്ടെത്തി.

To advertise here,

സംഘത്തിന്റെ വാഗ്ദാനങ്ങളിലും പരസ്യങ്ങളിലും വിശ്വസിച്ച് ദുബായിലേക്ക് പോകുന്നതിനായി സ്റ്റോയ്‌സിയുമായി ബന്ധപ്പെടുന്ന യുവതികളുടെ വീട്ടിലെത്തി അവരുടെ വീട്ടുകാരുമായി സംസാരിച്ച് സംഘത്തിന്റെ കൂട്ടത്തിലേക്ക് അവരെ എത്തിക്കുന്നതിൽ പ്രധാന കണ്ണിയായി പ്രവർത്തിച്ചിരുന്നത് ബിലാലാണെന്ന് പോലീസ് പറഞ്ഞു.

യുവതികളെ ദുബായിൽ എത്തിച്ച് സെക്‌സ് റാക്കറ്റിന് കൈമാറുന്ന ഇടപാട് 2022-ൽ തുടങ്ങിയതാണെന്ന് സ്റ്റോയ്‌സി മൊഴി നൽകിയിട്ടുണ്ട്. പരാതിക്കാരിയെ കൂട്ടബലാത്സംഘത്തിന് ഇരയാക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയത് ഇവരാണ്. ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടെന്നും പോലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. യുവതികളുടെ ചിത്രങ്ങൾ ആവശ്യക്കാർക്ക് അയച്ചുനൽകി ഡീൽ ഉറപ്പിക്കുകയായിരുന്നു ചെയ്തിരുന്നത്. പരാതിക്കാരിക്ക് കോളയിൽ മയക്കുമരുന്ന് നൽകിയശേഷമാണ് പീഡനത്തിനിരയാക്കിയതെന്നും യുവതിയുടെ ദൃശ്യങ്ങൾ വീട്ടുകാർക്ക് അയച്ചുനൽകിയത് സ്റ്റോയ്‌സിയാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ദുബായിൽ സെക്‌സ് റാക്കറ്റ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത് ഷംലയും റഹ്‌മത്തുമാണ്. ഇവരെ പിടികൂടിയിട്ടില്ല. കേസിൽ രണ്ടും അഞ്ചും പ്രതികളാണ് ഇവർ. മഞ്ജിമ മൂന്നാംപ്രതിയും അലീന എബ്രഹാം നാലാംപ്രതിയുമാണ്. അതിനിടെ പിടിയിലായ അലീനയുടെ സുഹൃത്തും ക്രിമിനൽ കേസുകളിൽ പ്രതിയുമായ ഔറംഗസീബിന് സ്റ്റോയ്‌സി പണം അയച്ചുനൽകിയതിന്റെ രേഖകളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.

സ്റ്റോയ്‌സിയുടെ കൈയിൽനിന്ന് ലഭിച്ച രണ്ട് മൊബൈൽഫോണുകൾ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിലെ ഫോൺവിളി വിവരങ്ങൾ പരിശോധിച്ചുവരുകയാണ്. ഇതിൽനിന്ന് സെക്‌സ് റാക്കറ്റിൽ ഉൾപ്പെടെ കൂടുതൽ ആളുകളെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന. ഇടപാടുകാരുമായി നടത്തിയ ചാറ്റുകൾ കണ്ടെത്തിയിട്ടുണ്ട്. ഇനി രണ്ടും അഞ്ചും പ്രതികളായ ഷംലയും റഹ്‌മത്തുമാണ് പിടിയിലാകാനുള്ളത്. ദുബായിലുള്ള ഇരുവരെയും നാട്ടിലെത്തിക്കാൻ പോലീസ് ശ്രമിക്കുന്നുണ്ട്.

സ്റ്റോയ്‌സിയെ എറണാകുളം ജഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എട്ടാം നമ്പർ കോടതിയിൽ ഹാജരാക്കി അടുത്തമാസം നാലുവരെ റിമാൻഡ് ചെയ്തു. കാക്കനാട് വനിതാജയിലിൽ നിന്ന് മരട് സ്റ്റേഷനിലെത്തിച്ചാണ് ഇവരെ ചോദ്യം ചെയ്തത്.

എറണാകുളം സൗത്ത് എ.സി. സുരേഷിന്റെ നേതൃത്വത്തിൽ രാവിലെ എട്ടുമണിയോടെ മരടിലെത്തിച്ച പ്രതിയെ, വൈകീട്ട് നാലുവരെ ചോദ്യം ചെയ്തു. കേസിലെ പ്രതികൾക്ക് സിനിമ-സീരിയൽ രംഗങ്ങളിൽപ്പെട്ടവരുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ആ മേഖലയിലേക്കും അന്വേഷണം വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ് പോലീസ്.