വാഷിങ്ടണ്‍: ഹോളിവുഡ് നടന്‍ മാത്യു പെറിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായവരില്‍ 'കെറ്റമിന്‍ ക്വീന്‍' എന്ന പേരിലറിയപ്പെടുന്ന കുപ്രസിദ്ധ മയക്കുമരുന്ന് വില്‍പ്പനക്കാരിയും. ഉന്നതരുമായി മയക്കുമരുന്ന് ഇടപാടുകള്‍ നടത്തിയിരുന്ന 'സെലിബ്രറ്റി ഡ്രഗ് ഡീലര്‍' ആയ ജസ്വീന്‍ സങ്ക(41)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ യുവതിക്ക് പുറമേ രണ്ട് ഡോക്ടമാര്‍ അടക്കം ആകെ അഞ്ച് പ്രതികളാണ് പിടിയിലായത്. 

To advertise here,

കഴിഞ്ഞ ഒക്ടോബറിലാണ് നടന്‍ മാത്യു പെറിയെ ലോസ് ആഞ്ജലീസിലെ വീട്ടില്‍ ഹോട്ട് ടബ്ബില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം അപകട മരണമെന്നായിരുന്നു പ്രാഥമിക നിഗമനം. വിഷാദരോഗത്തിന് കെറ്റമിന്‍ മരുന്ന് ഉപയോഗിച്ചിരുന്ന നടന്റെ മരണത്തില്‍ ആദ്യഘട്ടത്തിലൊന്നും സംശയമുണ്ടായില്ല. എന്നാല്‍, പിന്നീട് നടത്തിയ അന്വേഷണത്തിലാണ് അമിതമായ അളവിലുള്ള കെറ്റമിന്‍ ഉപയോഗമാണ് മരണത്തിന് കാരണമായതെന്നും നടനെ മയക്കുമരുന്നിന് അടിമയാക്കിയതിന് പിന്നില്‍ അഞ്ച് പേര്‍ക്ക്‌ പങ്കുണ്ടെന്നും കണ്ടെത്തിയത്. 

മെത്താഫെറ്റമിന്‍, കൊക്കെയ്ന്‍ തുടങ്ങിയ മയക്കുമരുന്നുകള്‍ വന്‍തോതില്‍ വില്പന നടത്തിയിരുന്ന ഡീലറായിരുന്നു ജസ്വീന്‍ സങ്ക. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ചികിത്സിക്കുന്നതിന് ഉപയോഗിക്കുന്ന കെറ്റമിന്‍ മരുന്ന് വില്‍പ്പന നടത്തുന്നതിലാണ് യുവതി കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. അതിനാലാണ് കെറ്റമിന്‍ റാണി എന്ന പേരിലറിയപ്പെട്ടിരുന്നത്.

ബ്രിട്ടീഷ്, അമേരിക്കന്‍ പൗരത്വമുള്ള യുവതിയുടെ ഹോളിവുഡിലെ വീട് ഒരു മയക്കുമരുന്ന് കച്ചവടകേന്ദ്രമാണെന്നായിരുന്നു അന്വേഷണ ഏജന്‍സികളുടെ വിശേഷണം. കഴിഞ്ഞ മാര്‍ച്ചില്‍ യുവതിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 70 കുപ്പി കെറ്റമിന്‍, രണ്ടായിരത്തോളം മെത്തഫെറ്റമിന്‍ ഗുളികകള്‍, 80 വയല്‍ കെറ്റമിന്‍ തുടങ്ങിയവ കണ്ടെടുത്തിരുന്നു. 

ആഡംബരജീവിതം നയിക്കാനായാണ് ജസ്വീന്‍ സങ്ക മയക്കുമരുന്ന് വ്യാപാരത്തിലേക്ക് കടന്നതെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ മാത്രം നിരവധി വിദേശരാജ്യങ്ങളാണ് യുവതി സന്ദര്‍ശിച്ചത്. സ്വകാര്യ വിമാനത്തില്‍ സ്‌പെയിന്‍, ഇറ്റലി, ഗ്രീസ്, ജപ്പാന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലേക്ക് യുവതി യാത്രചെയ്തിരുന്നതായാണ് വിവരം. ആഡംബര കാറുകളും യുവതിക്ക് സ്വന്തമായിട്ടുണ്ടായിരുന്നു. 

വിലകൂടിയ വസ്ത്രങ്ങളും പാദരക്ഷകളുമാണ് ജസ്വീന്‍ ഉപയോഗിച്ചിരുന്നത്. ലഹരി ഉപയോഗത്തിലൂടെ വിവാദത്തിലായ പല ഹോളിവുഡ് താരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങളും ഇവര്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. സ്ഥിരമായി പാര്‍ട്ടികളില്‍ പങ്കെടുക്കുകയും ഒട്ടേറെ പണം ചെലവാക്കി ഷോപ്പിങ് നടത്തുന്നതുമാണ് യുവതിയുടെ ജീവിതരീതിയെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. സൗന്ദര്യസംരക്ഷണത്തിനായി പലരീതിയിലുള്ള ചികിത്സകളും തേടിയിരുന്നു. 

അമിത അളവില്‍ കെറ്റമിന്‍ ഉപയോഗം, സമ്പാദിച്ചത് ലക്ഷങ്ങള്‍...

വിഷാദത്തിനും ഉത്കണ്ഠയ്ക്കും ചികിത്സ തേടിയ നടന്‍ മാത്യു പെറിയെ ഡോക്ടറും നടന്റെ സഹായിയും അടക്കമുള്ളവര്‍ കെറ്റമിന്‍ മയക്കുമരുന്നിന് അടിമയാക്കിയെന്നാണ് റിപ്പോര്‍ട്ട്. മരണസമയത്ത് ഒരു ജനറല്‍ അനസ്‌തേഷ്യക്ക് തുല്യമായ അളവിലാണ് നടന്റെ ശരീരത്തില്‍ കെറ്റമിന്‍ ഉണ്ടായിരുന്നത്. നേരത്തെ സ്ഥിരമായി ചികിത്സ തേടിയിരുന്ന ക്ലിനിക്ക് അധികൃതര്‍ കെറ്റമിന്‍ ഡോസ് ഉയര്‍ത്തിനല്‍കാന്‍ വിസമ്മതിച്ചതോടെയാണ് ഡോ. സാല്‍വദോര്‍ പ്ലാസെന്‍സിയ അടക്കമുള്ളവരെ നടന്‍ സമീപിക്കുന്നത്. തുടര്‍ന്ന് ഉയര്‍ന്നവില ഈടാക്കി പ്രതികള്‍ നടന് കെറ്റമിന്‍ നല്‍കിവന്നു. 12 ഡോളര്‍(ഏകദേശം ആയിരം രൂപയോളം) വിലയുള്ള മയക്കുമരുന്ന് രണ്ടായിരം ഡോളര്‍(ഏകദേശം 1.67 ലക്ഷം രൂപ) വരെ ഈടാക്കിയാണ് പ്രതികള്‍ നടന് വില്‍പ്പന നടത്തിയിരുന്നത്. എങ്ങനെയാണ് മയക്കുമരുന്ന് കുത്തിവെയ്‌ക്കേണ്ടതെന്നും പ്രതികളിലൊരാളായ ഡോക്ടര്‍ നടന്റെ സഹായിക്ക് പറഞ്ഞുനല്‍കിയിരുന്നു. 

കെറ്റമിന്‍ ഉപയോഗം അതിരുവിട്ടതോടെ അത് പരമാവധി ചൂഷണംചെയ്യാനായിരുന്നു പ്രതികളുടെ ശ്രമം. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള ഒരുമാസത്തിനിടെ 55000 ഡോളറിന്റെ (ഏകദേശം 46 ലക്ഷത്തോളം രൂപ) മയക്കുമരുന്നാണ് നടന്‍ പ്രതികളില്‍നിന്ന് വാങ്ങിയതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 

തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമം...

നടന്റെ മരണത്തിന് പിന്നാലെ പ്രതികളെല്ലാം തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. മാത്യു പെറിയുടെ മരണത്തിന് പിന്നാലെ ഫോണില്‍നിന്ന് എല്ലാസന്ദേശങ്ങളും നീക്കംചെയ്യാന്‍ പ്രതികളിലൊരാളായ ജസ്വീന്‍ സങ്ക കൂട്ടുപ്രതിയോട് ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല, നടനുമായി നേരിട്ട് ഇടപാട് നടത്തിയിട്ടില്ലെന്നും അദ്ദേഹത്തിന്റെ സഹായിയുമായാണ് ഇടപാട് നടത്തിയിരുന്നതെന്നും അതിനാല്‍ പിടിക്കപ്പെടില്ലെന്നുമായിരുന്നു കെറ്റമിന്‍ റാണിയുടെ ആത്മവിശ്വാസം.