തിരുവനന്തപുരം: ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിന് സസ്പെൻഷൻ. പണം വാങ്ങി തടവുകാർക്ക് അനധികൃതമായി സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുത്തെന്ന് ജയിൽ ഡിഐജിക്കെതിരേ ആരോപണമുയർന്നിരുന്നു. ഇതേത്തുടർന്ന് നടത്തിയ വിജിലൻസ് അന്വേഷണത്തിൽ തടവുകാരിൽ നിന്ന് ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തി. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി.

To advertise here,

കൈക്കൂലിവാങ്ങി, ടി.പി. വധക്കേസ് പ്രതികളായ കൊടിസുനി, അണ്ണൻ സിജിത്ത് അടക്കമുള്ളവർക്ക് വഴിവിട്ട പരോൾ ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകിയതായാണ് ആരോപണം. അനധികൃത സ്വത്തുസമ്പാദനത്തിനുപുറമേ അഴിമതിക്കേസിലും വിനോദ് കുമാറിന്‍റെ പേരിൽ അന്വേഷണം നടക്കുന്നുണ്ട്.

കൊടിസുനി 1.80 ലക്ഷം രൂപയും അണ്ണൻ സിജിത്ത് 45,000 രൂപയും ഗൂഗിൾപേവഴി ജയിൽ ഡിഐജിക്ക് കൈമാറിയെന്ന് കണ്ടെത്തിയിരുന്നു. നേരിട്ടുവാങ്ങുന്നതിനുപകരം തടവുകാരുടെ ബന്ധുക്കളിൽനിന്നാണ് വിനോദ്കുമാർ പണംവാങ്ങിയിരുന്നത്. അണ്ണൻ സിജിത്തിന്റെ ബന്ധു ഉപയോഗിക്കുന്ന ഫോൺനമ്പറിൽനിന്ന്‌ വിനോദ്കുമാറിന്‌ പണം കൈമാറിയിട്ടുണ്ട്. ഡിഐജിയുടെ ഭാര്യയുടെ അക്കൗണ്ടിലും കൈക്കൂലിപ്പണം സ്വീകരിച്ചിരുന്നു.

എട്ട്‌ തടവുകാരിൽനിന്ന്‌ പണം കൈപ്പറ്റിയതിന്‌ തെളിവുലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഭാര്യയുടെ അക്കൗണ്ടിൽ 40 ലക്ഷം രൂപയാണുള്ളത്. ഇത് അനധികൃതമായി സമ്പാദിച്ചതാണോയെന്നും പരിശോധിക്കുന്നുണ്ട്.