തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കിലെ താത്കാലിക ജീവനക്കാരി വ്യാജരേഖ ചമച്ച് തന്റെ അക്കൗണ്ടില്‍നിന്ന് പലപ്പോഴായി 16 ലക്ഷം രൂപ തട്ടിയെന്ന് മുന്‍ മാനേജരുടെ ആരോപണം. 2021 മേയ് 31-ന് ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷന്‍ ശാഖയില്‍നിന്ന് മാനേജരായി വിരമിച്ച കരുവന്നൂര്‍ മഴുവന്‍ചേരി പറമ്പില്‍ വീട്ടില്‍ എം.കെ. മുരളിയാണ് പരാതിക്കാരന്‍. തട്ടിപ്പു സംബന്ധിച്ച് ആദ്യം ശ്രദ്ധിച്ചിരുന്നില്ലെന്ന് മുരളി തൃശ്ശൂരില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
സഹകരണ ബാങ്കിലെ കംപ്യൂട്ടറുകളില്‍ ജീവനക്കാരുടെ അക്കൗണ്ടിന്റെ പാസ്വേഡ് സഹിതം ലഭിക്കുമെന്നും ഇതിലൂടെയാണ് പലപ്പോഴായി തുക തട്ടിച്ചതെന്നുമാണ് മുരളിയുടെ ആരോപണം. കംപ്യൂട്ടര്‍ പരിജ്ഞാനം ഉള്ള ആളെന്ന നിലയില്‍ ബാങ്കിന്റെ എല്ലാവിധ സാമ്പത്തിക ഇടപാടുകളും ജീവനക്കാരുടെ ശമ്പളം ഉള്‍പ്പെടെയുള്ള അക്കൗണ്ടുകളും കൈകാര്യം ചെയ്യാന്‍ ഭരണസമിതി താത്കാലിക ജീവനക്കാരിയെ ചുമതലപ്പെടുത്തിയിരുന്നു.
2005-മുതല്‍ അക്കൗണ്ടില്‍നിന്ന് പണം നഷ്ടപ്പെട്ടിട്ടുണ്ട്. 2007-ല്‍ സ്വന്തം അക്കൗണ്ടിലെ തുക അനധികൃതമായി പിന്‍വലിച്ചതായി കണ്ട് ജീവനക്കാരിയെ ചോദ്യംചെയ്തപ്പോള്‍ അറിയാതെ പിന്‍വലിച്ചതാണെന്നു പറഞ്ഞ് തുക മടക്കിനല്‍കിയിരുന്നു. തുടര്‍ന്നും പലപ്പോഴും സമാന അനുഭവമുണ്ടായി. ജീവനക്കാരിയുടെയും ഭര്‍ത്താവിന്റെയും പേരില്‍ ബാങ്കിന്റെ വിവിധ ബ്രാഞ്ചുകളിലുള്ള കുറികളിലേക്കും തന്റെ അക്കൗണ്ടിലെ പണം മോഷ്ടിച്ച് പണമടച്ചിട്ടുണ്ടെന്നും മുരളി ആരോപിച്ചു.
ജീവനക്കാരിയുടെ ഭര്‍ത്താവ് സിപിഎമ്മുമായും കര്‍ഷകസംഘവുമായും നല്ല അടുപ്പമുള്ള ആളായിരുന്നു. പാര്‍ട്ടിയാണ് ബാങ്കിന്റെ എല്ലാ കാര്യങ്ങളിലും തീരുമാനമെടുത്തിരുന്നതെന്നും സിപിഎം തേലപ്പിള്ളി ബ്രാഞ്ച് മുന്‍ സെക്രട്ടറി കൂടിയായ മുരളി പറഞ്ഞു. 2024 സെപ്റ്റംബറിലാണ് തട്ടിപ്പിന്റെ വ്യാപ്തി മനസ്സിലായതെന്നും ചില പ്രശ്നങ്ങള്‍ കാരണം അക്കൗണ്ട് പരിശോധിച്ചിരുന്നില്ലെന്നും മുരളി പറഞ്ഞു. ഈ വിഷയത്തില്‍ പരാതിപ്പെട്ടാല്‍ കൊന്നുകളയുമെന്ന് വനിതാ ജീവനക്കാരിയുടെ ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയിരുന്നു. തട്ടിപ്പു നടത്തിയശേഷവും മെയിന്‍ ബ്രാഞ്ചില്‍ ഇവര്‍ ജോലിചെയ്യുകയാണ്. ജീവനക്കാരിയെ രക്ഷിക്കാനാണ് ബാങ്ക് അധികൃതര്‍ ശ്രമിക്കുന്നതെന്നും മുരളി കുറ്റപ്പെടുത്തി. പാര്‍ട്ടി നേതൃത്വത്തിനും പോലീസിനും പരാതി നല്‍കിയിട്ടും പരിഹാരമാകാത്തതിനാല്‍ നിയമനടപടികളിലേക്കു കടക്കും. എസ്സി-എസ്ടി അതിക്രമം തടയുന്നതിനായുള്ള കോടതിയില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി കേസ് നല്‍കുമെന്ന് കൂടെയുണ്ടായിരുന്ന അഡ്വ. പി.കെ. പ്രദീപ്കുമാര്‍ പറഞ്ഞു. ബാങ്ക് ഭരണസമിതി, വനിതാ ജീവനക്കാരി എന്നിവരെ പ്രതിചേര്‍ത്ത് അടുത്തദിവസം ഹര്‍ജി നല്‍കും.
Content Highlights: Former Karuvannur Bank manager alleges a temporary staff member defrauded his account of Rs 16 lakhs using forged documents and password access. Legal action is pending
Published: 11 Oct 2025, 08:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented