ബെംഗളൂരു: തടിയന്‍റവിട നസീറിനെ കസ്റ്റഡിയിലെടുത്ത് കര്‍ണാടക സെന്‍ട്രല്‍ ക്രൈംബ്രാഞ്ച്(സി.സി.ബി). ബെംഗളൂരുവില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടതിന് പോലീസ് പിടിയിലായ അഞ്ചം​ഗ സംഘത്തെ തീവ്രവാദ ആശയങ്ങളിലേക്ക് നയിച്ചത് നസീറാണെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പത്ത് ദിവസത്തേക്കാണ് കസ്റ്റഡി.

To advertise here,

2008-ലെ ബെംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് പരപ്പന ആഗ്രഹാര ജയിലില്‍ കഴിയുകയായിരുന്നു നസീർ. പിടിയിലായ അഞ്ചുപേരും  2017-ല്‍ ആര്‍.ടി.നഗര്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത കൊലക്കേസിലെ പ്രതികളാണ്. ഈ കേസില്‍ ജയിലില്‍ കഴിയുന്നതിനിടെയാണ് ഇവർ തടിയന്റവിട നസീറുമായി പരിചയത്തിലാകുന്നത്. 

തുടര്‍ന്ന് തടിയന്റവിട നസീറാണ് ഇവരെ തീവ്രവാദ ആശയങ്ങളിലേക്ക് നയിച്ചതെന്നായിരുന്നു പ്രതികളുടെ മൊഴി. ബെംഗളൂരു നഗരത്തില്‍ ഭീകരാക്രമണം നടത്തുന്നതിനായി ഇവർ ഒരുക്കിയ പദ്ധതി നസീറിന്റെ അറിവോടെയാണോ എന്നും സി.സി.ബി പരിശോധിക്കുന്നുണ്ട്.

കൊലക്കേസില്‍ ജയിലിലായിരുന്ന പ്രതികളെല്ലാം 2019-ലാണ് പുറത്തിറങ്ങുന്നത്. നിലവില്‍ വിദേശത്താണെന്ന് കരുതുന്ന ആളാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ആയുധങ്ങളും മറ്റുസഹായങ്ങളും എത്തിച്ചുനല്‍കിയതും ഇയാളാണെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.

ജൂലായ് 19-നാണ് ബെംഗളൂരു നഗരത്തില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട സയ്യിദ് സുഹൈല്‍ ഖാന്‍(24), മുഹമ്മദ് ഒമര്‍(29), സാഹിദ് തബ്രാസ്(25), സയ്യിദ് മുദസ്സിര്‍ പാഷ(28), മുഹമ്മദ് ഫൈസല്‍(30) എന്നിവരെ സി.സി.ബി അറസ്റ്റ് ചെയ്യുന്നത്.