കണ്ണൂര്‍: ബലാത്സംഗ-കൊലപാതക കേസ് പ്രതിയായ ഗോവിന്ദച്ചാമി കണ്ണൂര്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ടത് കൃത്യമായ ആസൂത്രണം നടത്തിയശേഷമെന്ന് ജയില്‍ ഡിജിപി ബല്‍റാംകുമാര്‍ ഉപാധ്യായ. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ ആര്‍ക്കെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം സൂക്ഷ്മമായി പരിശോധിക്കുമെന്നും അങ്ങനെ കണ്ടെത്തിയാല്‍ നടപടിയുണ്ടാകുമെന്നും ജയില്‍ ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. 

To advertise here,

'കൃത്യമായ ആസൂത്രണം നടത്തിയാണ് ഗോവിന്ദച്ചാമി ജയിലില്‍നിന്ന് രക്ഷപ്പെട്ടത്. ഇത് എങ്ങനെ സംഭവിച്ചു, ആരുടെ ഭാഗത്തുനിന്നാണ് വീഴ്ച ഉണ്ടായത് എന്നീ കാര്യങ്ങള്‍ ജയില്‍ ഡിഐജി പരിശോധിക്കുന്നുണ്ട്. രാവിലെ റോള്‍ കോളിനായി വിളിച്ചപ്പോഴാണ് ഗോവിന്ദച്ചാമി ജയിലിലില്ല എന്ന് മനസിലായത്. ഉടന്‍തന്നെ അയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു,' ജയില്‍ ഡിജിപി പറഞ്ഞു. 

'ജില്ലയിലെ പോലീസ് സംഘത്തിന്റെ മികവ് മൂലമാണ് ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഗോവിന്ദച്ചാമിയെ പിടികൂടാനായത്. മാധ്യമങ്ങളിലൂടെ ഗോവിന്ദച്ചാമിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതും വലിയരീതിയില്‍ ഗുണംചെയ്തു. നല്ല പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായത്,' അദ്ദേഹം പറഞ്ഞു.