കൊച്ചി: സുഭദ്രയുടെ തിരോധാനത്തിൽ പോലീസ് അന്വേഷണത്തിലേക്ക് വഴിതെളിച്ചത് മകൻ രാജീവിന്റെ സംശയം. സുഭദ്ര പതിവായി യാത്രകൾ നടത്തുമെങ്കിലും അക്കാര്യം രാജീവിനോട് പറയുമായിരുന്നു. ഇക്കുറി ഒന്നും പറയാത്തതാണ് സംശയത്തിനിട നൽകിയത്.

To advertise here,

എല്ലാ ദിവസവും വൈകീട്ട് സുഭദ്രയ്ക്ക് ഭക്ഷണവുമായി രാജീവ് വീട്ടിലെത്താറുണ്ട്. ഓഗസ്റ്റ് 3-ന് വൈകീട്ട് 6-ന് ഭക്ഷണവുമായി എത്തിയപ്പോൾ വീട് അടഞ്ഞു കിടക്കുകയായിരുന്നു. രാജീവ് പിറ്റേന്നും ഭക്ഷണവുമായെത്തി. അപ്പോഴും വീട് അടഞ്ഞു തന്നെ. ഇതോടെ സുഭദ്രയുടെ കൂട്ടുകാരിയും അയൽവാസിയുമായ തേനാംപറമ്പിൽ ഡെയ്സിയുടെ അടുത്തെത്തി കാര്യം പറഞ്ഞിരുന്നു.

ഞെട്ടൽ മാറാതെ ഡെയ്സി

കരിത്തല റോഡിൽ ചായക്കട നടത്തുന്ന ഡെയ്സി ആ ദിവസത്തെ സംഭവങ്ങൾ ഇപ്പോഴും ഓർക്കുന്നുണ്ട്. സുഭദ്രയെ ആലപ്പുഴയിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ വിവരം അറിഞ്ഞ ഞെട്ടലിലായിരുന്നു ഡെയ്സി.

placeholder
സുഭദ്രയുടെ അയൽവാസി ഡെയ്സി

കാണാതാകുന്നതിന് തലേദിവസം ഓഗസ്റ്റ് മൂന്നിന് തന്റെ ചായക്കടയിൽ സുഭദ്ര വന്നിരുന്നുവെന്ന് ഡെയ്സി പറഞ്ഞു. കാഷ് കൗണ്ടറിലിരുന്ന തന്റെ അടുത്ത് കസേരയിട്ടിരുന്ന് സുഭദ്ര ഏറെ നേരം സംസാരിച്ചു. കൂടുതലും പറഞ്ഞത് ക്ഷേത്രങ്ങളെക്കുറിച്ചും അങ്ങോട്ടേയ്ക്കുള്ള യാത്രകളെക്കുറിച്ചുമായിരുന്നു.

ഡെയ്സിയുടെ മകൻ ഡിബിനും അന്ന് അവിടെയുണ്ടായിരുന്നു. സാധാരണ അമ്മയെ കാണാൻ സുഭദ്ര വൈകീട്ടാണ് വരാറുള്ളത്. അന്ന് പകൽ 11 ആയപ്പോൾ സുഭദ്ര വന്നിരുന്നുവെന്നും ഡിബിൻ ഒാർക്കുന്നു.

പരാതി നൽകിയത് ഏഴിന്

അമ്മയെക്കുറിച്ച് വിവരമില്ലാതായതോടെ 7-ാം തീയതി ചോറ്റാനിക്കരയിൽ താമസിക്കുന്ന മറ്റൊരു മകൻ രാധാകൃഷ്ണനാണ് കടവന്ത്ര പോലീസിൽ പരാതി നൽകിയത്. സുഭദ്രയുമായി അടുപ്പമുള്ളവരുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ആലപ്പുഴയിലെ ദമ്പതിമാരിലേക്ക് അന്വേഷണമെത്തിയത്. സുഭദ്രയെ കാണാതായ ദിവസം ശർമിളയ്ക്കൊപ്പം നടന്നുപോകുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും ലഭിച്ചു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

നിർണായകമായത് സി.സി.ടി.വി. ദൃശ്യം

പോലീസ് അന്വേഷണത്തിൽ നിർണായകമായത് ഓഗസ്റ്റ് 4-ന് ശർമിളയ്ക്കൊപ്പം സുഭദ്ര നടന്നുപോകുന്നതിന്റെ സി.സി.ടി.വി. ദൃശ്യമാണ്. ഇൗ ദൃശ്യവുമായാണ് കരിത്തലയിലെ സമീപ വീടുകളിൽ കഴിഞ്ഞ ദിവസം കടവന്ത്ര പോലീസെത്തിയത്. അവർക്ക് പലർക്കും സുഭദ്രയുടെ സുഹൃത്ത് ശർമിളയെ അറിയാമായിരുന്നു. ശർമിളയ്ക്കൊപ്പം സുഭദ്ര നടന്നുപോകുന്നത് താൻ കണ്ടിരുന്നെന്ന് സമീപവാസിയായ നാരായണൻ മാധ്യമങ്ങളോട് പറഞ്ഞു.

placeholder
സുഭദ്രയും ശർമിളയും നടന്നുപോകുന്നതിന്റെ സി.സി.ടി.വി. ദൃശ്യം

പ്രതിയെന്ന് സംശയിക്കുന്ന ശർമിള ഏറെനാൾ സുഭദ്രയ്ക്കൊപ്പം താമസിച്ചിരുന്നുവെന്നും നാട്ടുകാരിയായ ബീന പറയുന്നു. ശർമിളയുടെ കല്യാണത്തിനു മുൻപായിരുന്നു ഇത്‌. വിവാഹത്തിനു ശേഷം ഇവർ രണ്ടുതവണ ഭർത്താവുമായി ഇവിടെ വന്നിരുന്നുവെന്നും നാട്ടുകാർ പറയുന്നു.

സുഭദ്രയുടെ പണമിടപാടുകളിൽ ദുരൂഹത

ആലപ്പുഴയിൽ ദമ്പതിമാരുടെ വീടിനു സമീപം കൊല്ലപ്പെട്ട സുഭദ്രയുടെ പണമിടപാടുകളിൽ ദുരൂഹത. സുഭദ്ര അമ്പലങ്ങളിലേക്ക് പതിവായി തീർഥയാത്ര നടത്താറുള്ളതിനാൽ വീട്ടിൽനിന്ന് മാറി നിന്നത് നാട്ടുകാരിലും സംശയമുയർത്തിയില്ല. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനു സമീപം കർഷക റോഡിൽ കരിത്തല 'ശിവകൃപ' എന്ന വീട്ടിൽ 15 വർഷത്തോളമായി ഒറ്റയ്ക്കായിരുന്നു ഇവരുടെ താമസം.

തീർഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്കുശേഷം അതിന്റെ വിശേഷങ്ങൾ നാട്ടുകാരോടും പരിചയക്കാരോടും പങ്കുവയ്ക്കുന്ന ശീലവുമുണ്ടായിരുന്നു. അതിനാൽത്തന്നെ സുഭദ്രയെക്കുറിച്ച് വിവരമൊന്നുമില്ലാതിരുന്നപ്പോൾ എല്ലാവരും കരുതിയത് യാത്രയിലായിരിക്കുമെന്നാണ്.

placeholder

ഇത്തരമൊരു തീർഥാടന യാത്രയ്ക്കിടെയാണ് ശർമിളയെ സുഭദ്ര പരിചയപ്പെട്ടതെന്നാണ് വിവരം. പിന്നീട് ആ സുഹൃദ് ബന്ധം ദൃഢമായി. ശർമിള ഇടയ്ക്ക് സുഭദ്രയുടെ വീട്ടിൽ വരുകയും താമസിക്കുകയും ചെയ്യും. തിരിച്ച് സുഭദ്രയും ആലപ്പുഴയിലെ ശർമിളയുടെ വീട്ടിലേക്ക് പോയിരുന്നു.

നേരത്തേ ശർമിളയും സുഹൃത്തും ചേർന്ന് കരിത്തല റോഡിനു സമീപം ഹോസ്റ്റൽ നടത്തിയിരുന്നു. ഇതിനുള്ള സാമ്പത്തിക സഹായം ചെയ്തത് സുഭദ്രയായിരുന്നു.

placeholder

കാണാതായ ദിവസം ഉച്ചകഴിഞ്ഞ് 3-ന് എറണാകുളം സൗത്ത് കരിത്തല റോഡിലൂടെ ഇവർ സുഹൃത്ത് ശർമിളയ്ക്കൊപ്പം പോകുന്നതിന്റെ സി.സി.ടി.വി. ദൃശ്യം കിട്ടിയിരുന്നു. ഇതോടെയാണ് ശർമിളയ്ക്കൊപ്പമാണ് സുഭദ്ര പോയതെന്ന് പോലീസ് ഉറപ്പിച്ചത്. പതിവായി സാരി ഉപയോഗിക്കുന്ന ഇവർ കാണാതായ ദിവസം ചുരിദാറായിരുന്നു ധരിച്ചിരുന്നത്.

സാമ്പത്തിക ഇടപാടുകൾ ഒട്ടേറെ

ഭർത്താവ് മരിച്ച ശേഷം വീട്ടിൽ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന സുഭദ്ര സമീപത്തെ കടക്കാർക്കും മറ്റും പണം പലിശയ്ക്ക് കൊടുത്തിരുന്നു. 10,000 മുതൽ ലക്ഷം രൂപയിലധികം വരെ ഓരോരുത്തർക്ക് നൽകും. കടകളിലും മറ്റുമെത്തി അത് പിരിച്ചെടുക്കുമായിരുന്നു. ഇത്തരത്തിൽ സാമ്പത്തിക ഇടപാട് ശർമിളയും കുടുംബവുമായുള്ളതായാണ് പോലീസ് സംശയിക്കുന്നത്.

placeholder

ഗാന്ധിനഗറിലും ചോറ്റാനിക്കരയിലുമായി രണ്ട് മക്കൾ താമസിക്കുന്നുണ്ടെങ്കിലും ഇവരെ ആശ്രയിക്കാതെ സ്വന്തമായി പണം സമ്പാദിക്കുകയായിരുന്നു ഇവരുടെ രീതി. ആർക്കൊക്കെ പണം കടം നൽകിയിട്ടുണ്ടെന്നുള്ള വിവരം മറ്റാർക്കുമറിയില്ല.

സുഭദ്ര ഒടുവിൽ വിളിച്ചത് മാത്യൂസിനെ

ആലപ്പുഴ കലവൂർ കോർത്തുശ്ശേരി ക്ഷേത്രത്തിനുസമീപം പഴമ്പാശ്ശേരിയിൽ വിൽസന്റെ വീട്ടുവളപ്പിലാണ് എറണാകുളത്തുനിന്നു കാണാതായ സുഭദ്രയുടെ മൃതദേഹം കണ്ടത്. പ്രതികളെന്നു സംശയിക്കുന്ന മാത്യൂസ് (നിധിൻ)-ശർമിള ദമ്പതിമാർ ഇവിടെ വാടകയ്ക്കു താമസിക്കുകയായിരുന്നു. സുഭദ്രയെ കാണാനില്ലെന്നുകാട്ടി മകൻ രാധാകൃഷ്ണൻ ഓഗസ്റ്റ് നാലിന് കടവന്ത്ര പോലീസിൽ പരാതി നൽകിയിരുന്നു.

ഫോൺരേഖകൾ പരിശോധിച്ചപ്പോൾ സുഭദ്ര ഒടുവിൽ വിളിച്ചത് മാത്യൂസിനെയാണെന്നു വ്യക്തമായി. അവസാന ഫോൺ ലൊക്കേഷൻ കലവൂരിലാണെന്നതും സംശയത്തിനിടയാക്കി. ഇതു ചോദിച്ചറിയാൻ മാത്യൂസിനോട്‌ ആലപ്പുഴ മണ്ണ‍ഞ്ചേരി സ്റ്റേഷനിലെത്താൻ പോലീസ് ഓഗസ്റ്റ് 10-ന് ആവശ്യപ്പെട്ടു. അതോടെ മാത്യൂസും ശർമിളയും ഫോൺ ഓഫ് ചെയ്ത് മുങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

placeholder
മാത്യൂസ്, ശർമിള

മൃതദേഹം കണ്ടെത്തുന്നതിൽ മികവുള്ള കഡാവർ നായയെ തിങ്കളാഴ്ച വൈകീട്ട് പോലീസ് കലവൂരിലെ വീട്ടിൽ കൊണ്ടുവന്നു. അതു കുഴിക്കു സമീപമെത്തി. മുൻപൊരുദിവസം കുഴിയെടുക്കുന്നതു കണ്ടതായി അയൽവാസി പറഞ്ഞതോടെയാണ് കുഴിച്ചുനോക്കാൻ തീരുമാനിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൃതദേഹം കണ്ടെത്തി.

സുഭദ്രയുടെ സ്വർണാഭരണങ്ങൾ കൈക്കലാക്കാനാകാം കൊല നടത്തിയതെന്നു സംശയിക്കുന്നു. സ്വർണം വിറ്റത് മംഗളൂരുവിലും ആലപ്പുഴയിലുമുള്ള ജൂവലറികളിലാണ്. ആലപ്പുഴയിലെ ജൂവലറിയിൽനിന്ന് 27,000 രൂപ മാത്യൂസിന്റെ ഗൂഗിൾപേ നമ്പറിലേക്കു വന്നതായി പോലീസ് കണ്ടെത്തി.

അനാഥയായ ശർമിള എറണാകുളത്ത് ഒരു കോൺവെന്റിൽ താമസിച്ചിരുന്നു. അപ്പോഴാണ് അടുത്തുള്ള സുഭദ്രയുമായി ബന്ധമായതെന്നു പറയുന്നു.

സുഭദ്ര ഒടുവിൽ വിളിച്ചത് മാത്യൂസിനെ

കൊല്ലപ്പെട്ട സുഭദ്ര ഒപ്പംനിന്നാണ് കാണാതായ ദമ്പതിമാരുടെ വിവാഹം നടത്തിയത്. മാത്യൂസുമായുള്ള വിവാഹസമയത്ത് ഉഡുപ്പിക്കാരിയായ ശർമിളയുടെ ബന്ധുക്കൾ ഇല്ലാഞ്ഞതിനാൽ കാര്യങ്ങൾ നടത്തിയത് സുഭദ്രയായിരുന്നു. കെട്ടിടനിർമാണത്തൊഴിലാളിയായ മാത്യൂസിന്റെ രണ്ടാം വിവാഹമായിരുന്നു.

സുഭദ്ര വിവിധ ആരാധനാലയങ്ങൾ സന്ദർശിക്കുന്നതു പതിവായിരുന്നു. അപ്പോഴൊക്കെ ദമ്പതിമാർക്കൊപ്പം കലവൂരിലെ വാടകവീട്ടിൽ താമസിക്കുമായിരുന്നു. അമ്മയുടെ സഹോദരിയാണെന്നാണ് ചോദിച്ചവരോടൊക്കെ ശർമിള പറഞ്ഞത്. ദമ്പതിമാർക്ക് അയൽവാസികളുമായി വലിയ ബന്ധവുമില്ലായിരുന്നു.

placeholder

കടവന്ത്രയിൽ ഒറ്റയ്ക്കു താമസിച്ചിരുന്ന സുഭദ്ര മക്കളോടു പറയാതെയാണ് ഇത്തവണ പോന്നത്. ശർമിള എറണാകുളത്തെത്തി സുഭദ്രയെയും കൂട്ടിപ്പോരുകയായിരുന്നു. എന്നാൽ, ശർമിളയെ അറിയില്ലെന്ന് സുഭദ്രയുടെ മക്കൾ പറഞ്ഞു.

കഴിഞ്ഞ മാസം ഏഴിനോ എട്ടിനോ ആകാം കൊല നടന്നതെന്ന നിഗമനത്തിലാണ് പോലീസ്. കടവന്ത്ര പോലീസിൽ ലഭിച്ച പരാതി മണ്ണഞ്ചേരി പോലീസിനു കൈമാറുകയായിരുന്നു.

ആലപ്പുഴ എസ്.പി. എം.പി. മോഹനചന്ദ്രൻ, ഡിവൈ.എസ്.പി. എം.ആർ. മധുബാബു, മണ്ണഞ്ചേരി എസ്.എച്ച്.ഒ. എം.കെ. രാജേഷ് തുടങ്ങിയവർ അന്വേഷണത്തിനു നേതൃത്വം നൽകി.