
റായ്പുര്‍: ഛത്തീസ്ഗഡിലെ മാധ്യമപ്രവര്ത്തകന് മുകേഷ് ചന്ദ്രാകറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ബന്ധുവും അറസ്റ്റില്‍. മുകേഷിന്റെ ബന്ധു റിതേഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെ മൂന്നു പേരേയാണ് പോലീസ് അറസ്റ്റ് ചെയ്തത്. റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് നടന്ന കോടിക്കണക്കിന് രൂപയുടെ അഴിമതി മുകേഷ് പുറത്തുകൊണ്ടുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മുകേഷിനെ കാണാതായതും സെപ്റ്റിക് ടാങ്കില്‍ മൃതദേഹം കണ്ടെത്തിയതും.
കേസിലെ പ്രധാന പ്രതിയായ കോണ്ട്രാക്ടര് സുരേഷ് ചന്ദ്രാകറുമായി മുകേഷിന്റെ കൂടിക്കാഴ്ച സംഘടിപ്പിച്ചത് റിതേഷായിരുന്നു. ജനുവരി ഒന്നിനായിരുന്നു കൂടിക്കാഴ്ച. അതിനുശേഷം മുകേഷിനെ കാണാതായി. ഫോണ്‍ സ്വിച്ച് ഓഫ് ആകുകയും ചെയ്തു. തുടര്‍ന്ന് മുകേഷിനെ കാണാനില്ലെന്ന് സഹോദരന് യുകേഷ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ രണ്ട് ദിവസത്തിനുശേഷം മുകേഷിന്റെ മൃതദേഹം കണ്ടെത്തി. സുരേഷിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ സെപ്റ്റിക് ടാങ്കിനുള്ളിലായിരുന്നു മൃതദേഹം. റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് ബസ്തര്‍ മേഖലയിലെ കോണ്‍ട്രാക്ടര്‍മാരാണ് ഈ കൊലപാതകത്തിന് പിന്നിലെന്ന് അനുമാനത്തില്‍ പോലീസെത്തി. തുടര്‍ന്ന് റിതേഷിനേയും റിതേഷിന്റെ മറ്റൊരു ബന്ധുവായ ദിനേശിനേയും അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ റിതേഷിന്റെ സഹോദരനും കൊലപാതകത്തിലെ പ്രധാന ആസൂത്രകനുമായ സുരേഷ് ഇപ്പോഴും ഒളിവിലാണ്.
അടുത്ത സുഹൃത്തുക്കള്‍ കൂടിയായിരുന്ന റിതേഷും മുകേഷും കൊലപാതകം നടന്ന സ്ഥലത്ത് പലപ്പോഴും ഒത്തുകൂടാറുണ്ടായിരുന്നു. എന്നാല്‍ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതിയുടെ വാര്‍ത്ത ഫ്രീലാന്‍സ് ജേണലിസ്റ്റായ മുകേഷ് തന്റെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടതോടെ ഇരുവരുടേയും ബന്ധത്തില്‍ വിള്ളല്‍ വീണു. ഇതുമായി ബന്ധപ്പെട്ട് മുകേഷും റിതേഷും തമ്മില്‍ തര്‍ക്കവുമുണ്ടായി.
ബസ്തര്‍ മേഖലയിലെ ഗംഗലൂര്‍ മുതല്‍ ഹിരോളി വരേയുള്ള 120 കോടിയുടെ റോഡ് നിര്‍മാണ പദ്ധതിയിലെ അഴിമതിയാണ് മുകേഷ് പുറത്തുകൊണ്ടുവന്നത്. പ്രാരംഭ ടെന്‍ഡര്‍ 50 കോടി രൂപയായിരുന്ന പദ്ധതി പിന്നീട് 120 കോടി രൂപയായി മാറുകയായിരുന്നു. 70 കോടി കൂടുതല്‍ വന്ന പദ്ധതിയില്‍ ആദ്യത്തേതില്‍നിന്ന് ഒരു മാറ്റവും വരുത്തിയിരുന്നില്ല. സുരേഷായിരുന്നു ഈ പദ്ധതിയുടെ പ്രധാന കരാറുകാരന്. തുടര്‍ന്ന് ഈ വാര്‍ത്ത വലിയ ചര്‍ച്ചയാവുകയും ബസ്തര്‍ മേഖലയിലെ കോണ്ട്രാക്ടര് ലോബിയെ കുറിച്ച് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മുകേഷ് കൊല്ലപ്പെട്ടത്.
മുകേഷിന്റെ മൊബൈലിലെ അവസാന ടവര്‍ ലൊക്കേഷന്‍ സുരേഷിന്റെ കെട്ടിടത്തിന്റെ പരിസരത്താണെന്ന് മനസിലാക്കിയ പോലീസ് ഇവിടെയെത്തി പരിശോധിക്കുകയായിരുന്നു. സുരേഷിന്റെ തൊഴിലാളികളാണ് ഈ കെട്ടിടത്തില്‍ താമസിച്ചിരുന്നത്. അവിടെ കോണ്‍ക്രീറ്റ് ഉപയോഗിച്ച് പുതുതായി അടച്ച സെപ്റ്റിക് ടാങ്കും പോലീസ് കണ്ടെത്തി. സംശയം തോന്നിയതിനെ തുടര്‍ന്ന് സെപ്റ്റിക് ടാങ്ക് തകര്‍ത്തുള്ള പരിശോധനിയില് മൃതദേഹം കണ്ടെത്തുകയായിരുന്നു. സെപ്റ്റിക് ടാങ്കിലെ വെള്ളത്തില്‍ കിടന്ന് ചീര്‍ത്ത നിലയിലായിരുന്നു മുകേഷിന്റെ മൃതദേഹം കണ്ടെത്തിയത്. തലയിലും മുതുകിലും ഒന്നിലധികം മുറിവുകളുണ്ടായിരുന്നു. ധരിച്ചിരുന്ന വസ്ത്രത്തിലൂടേയാണ് മുകേഷാണെന്ന് തിരിച്ചറിഞ്ഞത്. കുട്ടിക്കാലത്തുതന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട മുകേഷ് സഹോദരന് യുകേഷിനൊപ്പമാണ് താമസിച്ചിരുന്നത്.
സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായ മുകേഷ് 'ബസ്തര്‍ ജംഗ്ഷന്' എന്ന പേരിലുള്ള യുട്യൂബ് ചാനലിലൂടെയാണ് വാര്‍ത്തകള്‍ പങ്കുവെച്ചിരുന്നത്. 1.59 ലക്ഷം സബ്സ്ക്രൈബേഴ്സും ഈ ചാനലിനുണ്ട്. 2021 ഏപ്രിലില്‍ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ സിആര്‍പിഎഫ് കോബ്രാ കമാന്‍ഡോ രാകേശ്വര്‍ സിങ് മാന്‍ഹാസിനെ മോചിപ്പിക്കുന്നതില്‍ മുകേഷ് നിര്‍ണായക പങ്കുവഹിച്ചിരുന്നു. തുടര്‍ന്ന് സംസ്ഥാന പോലീസിന്റെ പ്രശംസയും ഏറ്റുവാങ്ങിയിരുന്നു.
Content Highlights: journalist mukesh chandrakars murder case
Published: 04 Jan 2025, 05:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented