ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഹോളി ആഘോഷത്തിനിടെ ജാപ്പനീസ് യുവതിയെ ആക്രമിച്ച സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പടെ മൂന്നു പേര്‍ പിടിയില്‍. യുവതിയുടെ വിവരങ്ങള്‍ ലഭ്യമാകാന്‍ ജപ്പാന്‍ എംബസിയെ സമീപിച്ചുവെന്നും എന്നാല്‍ സംഭവത്തെ കുറിച്ചറിഞ്ഞില്ലെന്നും പരാതികളൊന്നും ലഭിച്ചിട്ടില്ല എന്നാണ് അവര്‍ അറിയിച്ചതെന്നും പോലീസ് പറയുന്നു. 

To advertise here,

 യുവതി ബംഗ്ലാദേശിലേക്കു പോയതായാണ് പോലീസിനു ലഭിച്ച വിവരം. യുവതി പരാതികളൊന്നും നല്‍കിയില്ലെന്നും പോലീസ് പറയുന്നു. അതേസമയം പിടിയിലായ മൂന്നു പേരും കുറ്റം സമ്മതിച്ചിട്ടുണ്ട്. 

കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയില്‍ ഹോളി ആഘോഷത്തിനിടെ ജപ്പാനില്‍നിന്നുള്ള യുവതിയെ ഒരുസംഘം അക്രമികള്‍ കടന്നുപിടിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നത്. 

 ഒരു സംഘം അക്രമികള്‍ യുവതിയെ കടന്നുപിടിച്ച് നിറങ്ങള്‍ വാരിപ്പൂശുന്നതും തലയിലേക്ക് മുട്ടയെറിയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ തന്നെ കടന്നു പിടിക്കുന്ന വ്യക്തിയെ യുവതി അടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

സംഭവത്തില്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ ഇടപെട്ടിരുന്നു.