
കണ്ണൂർ: ഇരിക്കൂർ സിദ്ദിഖ് നഗറിലെ മെരടൻ കുഞ്ഞാമിനയുടെ കൊലപാതക കേസിലെ പ്രതികളിലേക്ക് അന്വേഷണസംഘം എത്തിയത് പതിറ്റാണ്ട് നീണ്ടുനിന്ന നിരീക്ഷണത്തിനൊടുവിൽ. 2024-ൽ ഓൾ ഇന്ത്യാ ക്രൈം കോൺഫറൻസിലാണ് പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. പിന്നീട് ഫോട്ടോയും വിശദവിവരങ്ങളും ലഭിച്ചതോടെ പ്രതികൾ അമ്മയും മക്കളുമാണെന്നും ഡൽഹിയിൽ താമസിക്കുന്നുണ്ടെന്നും വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂർ ക്രൈംബ്രാഞ്ച് സംഘം ഡൽഹിയിലേക്ക് തിരിച്ചത്.
ഡൽഹിലെ ഫ്ലാറ്റിൽ താമസിക്കുന്ന ഇവർ പോലീസ് എത്തുന്നതിന്റെ തലേദിവസം മധ്യപ്രദേശിലേക്ക് പോയതായി അറിഞ്ഞു. തുടർന്ന് സംഘം മധ്യപ്രദേശിലെത്തി. പ്രതികളുടെ ലോക്കേഷൻ കണ്ടെത്താൻ ഏറെ പ്രയാസപ്പെട്ടു. പിന്നീട് മഹാകാൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ഉണ്ടെന്ന മൊബൈൽ ലോക്കേഷന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ബുദ്ധികേന്ദ്രം മാതാവ്; തെളിവുകൾ ബാക്കിവെക്കാത്ത തന്ത്രം
മാതാവും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ബുദ്ധികേന്ദ്രം മാതാവ് പർവീൺ ബാനുവാണ്. മകൾ സക്കീനാ ഫാത്തിമയും മകനും കവർച്ച നടത്താൻ കൂട്ടിനുമുണ്ട്. എട്ടാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള പർവീൺ ബാനു ഇംഗ്ലീഷ്, മലയാളം, തെലുഗു, കന്നഡ, തമിഴ്, ഗുജറാത്തി, ഹിന്ദി എന്നിവ ഉൾപ്പെടെ ഏഴ് ഭാഷകൾ സംസാരിക്കും. കണ്ണൂർ, കാസർകോട്, വയനാട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം എന്നീ ജില്ലകളിൽ താമസിച്ച് കളവ് നടത്തിയിട്ടുണ്ട്. തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട്, ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ കറങ്ങി കവർച്ച നടത്തി. പല സ്ഥലങ്ങളിലും വ്യാജ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്.
കണ്ണൂർ ഇരിക്കൂറിൽ എത്തിയപ്പോൾ സൗമ്യ രംഗാവാല, സമീറ രംഗാവാല, ഇല്യാസ് എന്നീ പേരുകളാണ് പറഞ്ഞത്. ഒരോ സ്ഥലത്തും എത്തുമ്പോൾ ഫോണും സിം കാർഡും കളഞ്ഞ് പുതിയത് വാങ്ങും. തട്ടിപ്പ് പിടിച്ചാൽ പഴയ ഫോണിലെ റെക്കോഡ് പോലീസിന് മനസ്സിലാകാതിരിക്കാനുള്ള തന്ത്രമായിരുന്നു.
പ്രലോഭനം, ഭീഷണി, ആഡംബര ജീവിതം
സൗഹൃദം സ്ഥാപിച്ച് പണം വാങ്ങിക്കുന്ന രീതിയാണ് ആദ്യകാലത്ത് പല സ്ഥലങ്ങളിലും പ്രയോഗിച്ചിരുന്നത്. പണം തിരിച്ച് ചോദിച്ചാൽ മകളെ കടന്നുപിടിച്ചെന്ന് ആരോപിച്ച് ആളുകളെ കൂട്ടും. അതോടെ ഭയപ്പെട്ട് ആരും പണം ചോദിക്കാതായി. പിന്നീട് തട്ടിപ്പിന്റെ രീതി മാറ്റി. വാടകവീടെടുത്ത് പ്രദേശം നിരീക്ഷിച്ചശേഷം മോഷണം തുടങ്ങി. ആറുമാസം കൂടുന്പോൾ താമസസ്ഥലം മാറുന്നതും ഇവരുടെ രീതിയാണ്. കവർച്ചചെയ്ത പണം കൊണ്ട് ആഡംബരജീവിതം നയിക്കുകയാണ് ചെയ്യുന്നത്.
വിലകൂടിയ ഫ്ലാറ്റുകൾ വാടകയ്ക്കെടുത്താണ് ഡൽഹിയിലും മറ്റും താമസിച്ചത്. മാത്രമല്ല വിമാനയാത്രയും ഇവരുടെ വിനോദമാണ്. തീവണ്ടികളിൽ എ.സി. കംപാർട്ട്മെന്റിലാണ് യാത്ര ചെയ്യുന്നത്. കുഞ്ഞാമിന വധക്കേസിലെ മറ്റൊരു പ്രതിയായ മകൻ ജമ്മു കശ്മീരിൽ ബൈക്ക് റൈഡറാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇരിക്കൂറിലെ കൊലപാതകത്തിന് മുൻപ് ആന്ധ്രാപ്രദേശിലെ ഓംഘോൾ പോലീസ് സ്റ്റേഷൻ പരിധിയിൽ സമാന കുറ്റകൃത്യം ചെയ്ത പ്രതികൾ അവിടെനിന്ന് ജാമ്യത്തിറങ്ങി മുങ്ങി കേരളത്തിലേക്കു കടക്കുകയായിരുന്നു. പ്രതികൾ ഒരു സ്ഥലത്തും സ്ഥിരമായി താമസിച്ചിരുന്നില്ല.
കുഞ്ഞാമിനയുടെ മരണം ഉറപ്പാക്കിയശേഷം നാടുവിട്ടു
2016 ഏപ്രിൽ 30-നാണ് വീടിന് സമീപത്തെ കുഞ്ഞാമിനയുടെ ഉടമസ്ഥതയിലുള്ള വാടക ക്വാർട്ടേഴ്സിൽ ഇരിക്കൂർ സിദ്ദിഖ് നഗറിലെ പരേതനായ നിട്ടൂർ മൊയ്തീന്റെ ഭാര്യയായ മെരടൻ കുഞ്ഞാമിനയെ കൊലപ്പെടുത്തിയത്. കസേരയിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ വയറിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുമായി 19 ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നു. വായയിൽ തുണി തിരുകി പ്ലാസ്റ്റർ ഒട്ടിച്ചിരുന്നു. കാൽമുട്ടുകളും തല്ലിത്തകർത്തിരുന്നു. മാലയും കമ്മലും ഉൾപ്പെടെ കുഞ്ഞാമിന ധരിച്ചിരുന്ന 10 പവൻ സ്വർണാഭരണങ്ങളും പണവും കവർന്നു. കൊലപാതകത്തിന് ശേഷം പ്രതികൾ വീട്ടിൽ തന്നെയിരുന്നു. മരണം ഉറപ്പായശേഷം മാത്രമാണ് പുറത്തേക്ക് പോയതെന്ന് പോലീസിനോട് പറഞ്ഞു. പാസ്പോർട്ട് ഓഫീസിൽ പോയ മക്കളായ അയ്യൂബ്, ഉമ്മർ എന്നിവർ വൈകീട്ട് തിരിച്ചെത്തിയശേഷമാണ് മൃതദേഹം കണ്ടെത്തിയത്.
ഭാവവ്യത്യാസമില്ലാതെ പ്രതികൾ
പോലീസ് പിടികൂടുമ്പോഴും ചോദ്യം ചെയ്യലിലും പ്രതികൾക്ക് യാതൊരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ല. അറുപത് വയസ്സുള്ള സ്ത്രീയെ കെട്ടിയിട്ട് കുത്തിക്കൊലപ്പെടുത്തിയ സംഭവം അന്വേഷണസംഘത്തോട് വിവരിക്കുമ്പോഴും കുറ്റബോധത്തിന്റെ കണികപോലും ഉണ്ടായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പല ചോദ്യങ്ങൾക്കും മാതാവാണ് മറുപടി പറഞ്ഞത്.
തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ 75 കവർച്ചക്കേസുകളിൽ പ്രതികളാണ് മൂവർ സംഘമെന്ന് കേരള പോലീസ് കണ്ടെത്തി. 2013 ജനുവരിയിൽ ആന്ധ്രാപ്രദേശിലെ ഓംഘോളിൽ വയോധികയെ കെട്ടിയിട്ട് സ്വർണവും പണവും തട്ടിയതാണ് ഇതിൽ ഏറ്റവും വലിയ കവർച്ച. തുടർന്ന് സംഘം ഹൈദരാബാദിലേക്ക് രക്ഷപ്പെട്ടു. കേരളത്തിലെത്തിയത് 2016-ൽ. ഷൊർണൂർ, മാനന്തവാടി, തിരുവനന്തപുരം, ചാവക്കാട് എന്നിവിടങ്ങളിലും സംഘം തട്ടിപ്പ് നടത്തിയിരുന്നു.
കേരളത്തിൽ നടത്തിയ തട്ടിപ്പുകൾ
ഭർത്താവ് വിദേശത്താണെന്നും അവിടെ തുണിവ്യവസായമാണെന്നും ചെറിയ വിലയ്ക്ക് കമ്പിളി ഇറക്കിത്തരാമെന്നും പറഞ്ഞ് ഷൊർണൂർ സ്വദേശിയിൽനിന്ന് രണ്ടരലക്ഷം രൂപയാണ് തട്ടിയത്. 65 ലക്ഷം, 45 ലക്ഷം എന്നിങ്ങനെ വില മതിക്കുന്ന തങ്ങളുടെ രണ്ട് വീടുകൾ വില്പന നടത്താനുണ്ടെന്ന് പറഞ്ഞ് മാനന്തവാടി സ്വദേശി അഷ്റഫിൽനിന്ന് 2.25 ലക്ഷം രൂപയും തട്ടി. ചെറിയ വിലയ്ക്ക് തുണി ഇറക്കിത്തരാമെന്ന് പറഞ്ഞ് തിരുവനന്തപുരം സ്വദേശിയിൽനിന്നും 65,000 രൂപ കവർന്നു.
ചാവക്കാട് സ്വദേശി ഇല്യാസിൽനിന്ന് തുണി ഇറക്കിത്തരാമെന്ന് പറഞ്ഞ് 55,000 രൂപയാണ് തട്ടിയത്. ഇയാളുടെ ബാങ്ക് പാസ് ബുക്കുമായി കടന്ന സംഘം ഇതിൽ കൃത്രിമം നടത്തിയാണ് ഉത്തരാഖണ്ഡിൽ ഹോട്ടലിൽ മുറിയെടുക്കാൻ ഉപയോഗിച്ചത്. ഇതിൽ ഷൊർണൂർ കവർച്ചയുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തിരുന്നെങ്കിലും സംഘത്തെ പിടികൂടാൻ കഴിഞ്ഞില്ല.
Content Highlights: kunjamina murder case arrest
Published: 15 Mar 2026, 09:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented