കണ്ണൂർ: മഹാഭാരതത്തിൽ അർജുനന്റെ വില്ലാണ് ഗാണ്ഡീവം. ധർമരക്ഷയ്ക്കായി ബ്രഹ്മാവ് നിർമിച്ച വില്ല്. അർജുനനെപ്പോലെ അതിശക്തനായ വില്ലാളിക്ക് മാത്രം കൈകാര്യം ചെയ്യാവുന്ന ആയുധം. ഇന്ന് 'ഗാണ്ഡീവം' ഒരു പോർട്ടലിന്റെ പേരാണ്. ദേശസുരക്ഷ ലക്ഷ്യമിട്ട് നിർമിതബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന പോർട്ടൽ. ആധാർകാർഡ് ഉപയോഗിച്ച് പുതിയ സിം കാർഡുകൾ എടുക്കുന്നവരുടെ വിവരങ്ങളെല്ലാം ഗാണ്ഡീവം അറിയും. ഡ്യൂപ്ലിക്കേറ്റ് സിംകാർഡുകൾ ഉപയോഗിച്ചുള്ള സൈബർ തട്ടിപ്പുകൾക്ക് തടയിടാനും ഗാണ്ഡീവം കൊണ്ട് സർക്കാർ ലക്ഷ്യമിടുന്നുണ്ട്. ഇരിക്കൂർ കുഞ്ഞാമിന കൊലപാതകക്കേസിലെ രണ്ട് പ്രതികളെ 10 വർഷത്തിന് ശേഷം അറസ്റ്റ് ചെയ്യാൻ സംസ്ഥാന ക്രൈം ബ്രാഞ്ച് ആയുധമാക്കിയതും ഗാണ്ഡീവമാണ്-ശാസ്ത്രത്തിന്റെ സഹായത്തോടെ ദേശസുരക്ഷയ്ക്കായി തയ്യാറാക്കിയ നവയുഗ ഗാണ്ഡീവം.

To advertise here,

കേസിൽ ഡൽഹി നാങ്‌ലോയി സ്വദേശി പർവീൺ ബാനു (55), മകൾ സക്കീന ഫാത്തിമ (32) എന്നിവരെയാണ് ക്രൈംബ്രാഞ്ച് എസ്.പി. പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. പലതരം തട്ടിപ്പുകൾ നടത്തി ജീവിക്കുകയായിരുന്ന കുടുംബം പോലീസ് പിടിക്കപ്പെടുന്നത് ഒഴിവാക്കാൻ വ്യാജരേഖകൾ ഉപയോഗിച്ചാണ് താമസ്ഥലം കണ്ടെത്തിയിരുന്നത്. കർണാടക സ്വദേശിക്ക് സൗജന്യമായി വസ്ത്രം വാഗ്ദാനം ചെയ്ത് സിം കാർഡും സംഘടിപ്പിച്ചു. എന്നാൽ, ബാങ്കിൽനിന്ന് വൻതുക വായ്പയെടുത്ത് മുങ്ങാനായി ഒരുക്കിയ പദ്ധതിയിൽ പ്രതികൾ സ്വയം വീഴുകയായിരുന്നു. ആധാറുമായി ബന്ധിപ്പിച്ച സിം കാർഡുള്ളവർക്ക് മാത്രമേ വായ്പ ലഭ്യമാവുകയുള്ളൂവെന്ന ചട്ടമൊരുക്കിയ കുഴിയിലാണ് പ്രതികൾ വീണത്. സിംകാർഡിനായി എടുത്ത ഫോട്ടോയും കുഞ്ഞാമിന കൊലക്കേസിലെ പ്രതിയുടെ ഫോട്ടോയും തമ്മിലുള്ള സാമ്യം കണ്ടെത്താൻ ഗാണ്ഡീവത്തിന്റെ നിർമിതബുദ്ധിക്ക് സെക്കൻഡുകൾ മതിയായിരുന്നു.

2016 ഏപ്രിൽ 30-ന് രാവിലെ കുഞ്ഞാമിനയെ ക്രൂരമായി കൊലപ്പെടുത്തി 10 പവന്റെ ആഭരണങ്ങളും പണവുമായി മുങ്ങി സംസ്ഥാനത്തിനകത്തും പുറത്തുമായി മാറിമാറി 10 വർഷം താമസിച്ച പ്രതികളെ മധ്യപ്രദേശ് പോലീസിന്റെ സഹായത്തോടെ ഉജ്ജയിനിയിൽനിന്നാണ് സംസ്ഥാന ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ആന്ധ്രാപ്രദേശിലെ ഓങ്കോൾ പോലീസ് സ്റ്റേഷൻ പരിധിയിൽ സമാന കുറ്റകൃത്യം ചെയ്ത പ്രതികൾ അവിടെനിന്ന്‌ ജാമ്യത്തിറങ്ങി മുങ്ങി കേരളത്തിലേക്ക്‌ കടക്കുകയായിരുന്നു. കേസിൽ പർവീൺ ബാനുവിന്റെ മകനെ അറസ്റ്റ് ചെയ്യാനുള്ള നടപടി ക്രൈംബ്രാഞ്ച് സംഘം തുടങ്ങിക്കഴിഞ്ഞു. അതിനായി പർവീൺ ബാനുവിനെയും മകൾ സക്കീന ഫാത്തിമയെയും തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങും.

തെളിയിക്കാനാകില്ലെന്ന് പലരും കരുതിയ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്ത വിവരമറിഞ്ഞെത്തിയ കുഞ്ഞാമിനയുടെ മക്കളുടെ സ്നേഹപൂർവമായ പ്രതികരണം മറക്കാനാകില്ലെന്ന് എസ്.പി. പി. ബാലകൃഷ്ണൻ നായർ പറഞ്ഞു.