ചവറ: കൊല്ലം ചവറയിൽ മുൻവൈരാഗ്യത്തെ തുടർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ചവറ സ്വദേശിയായ മുഹമ്മദ് ബിലാലാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കേസിൽ നേരിട്ട് പങ്കുള്ള ശിവരാജ് ഉൾപ്പെടെ അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകത്തിന് പിന്നിൽ മുൻവൈരാഗ്യമാണെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്

To advertise here,

സംഭവത്തെക്കുറിച്ച് പോലീസ് നൽകുന്ന വിശദാംശങ്ങൾ ഇങ്ങനെയാണ്: കൊല്ലപ്പെട്ട മുഹമ്മദ് ബിലാലും പ്രധാന പ്രതിയായ ശിവരാജും തമ്മിൽ കഴിഞ്ഞ ദിവസം രാവിലെ ഒരുമിച്ച് മദ്യപിച്ചിരുന്നു. ഈ സമയത്ത് ഇരുവരും തമ്മിൽ എന്തോ വിഷയത്തിൽ സംസാരിക്കുകയും തർക്കമുണ്ടാകുകയും ചെയ്തു. തുടർന്ന് വൈകുന്നേരത്തോടെ മുഹമ്മദ് ബിലാൽ മറ്റൊരു സുഹൃത്തിന്റെ വീട്ടിലിരുന്ന് മദ്യപിക്കുകയായിരുന്നു. ഈ സമയത്ത് അവിടേക്ക് എത്തിയ ശിവരാജ്, കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ബിലാലിനെ കുത്തുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ബിലാലിനെ ഉടൻതന്നെ നീണ്ടകര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കുത്തിന്റെ ആഴം കൂടുതലായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ബിലാലിന്റെ ജീവൻ നഷ്ടമായിരുന്നു.

ശിവരാജാണ് കൊലപാതകം നടത്തിയത് എന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. കസ്റ്റഡിയിലുള്ള അഞ്ചു പ്രതികളെയും പോലീസ് നിലവിൽ ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ കൂടുതൽ കാര്യങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്.