രാജക്കാട് (ഇടുക്കി): രാജകുമാരി കുമ്പപ്പാറയിൽ വഴി ഉപയോഗവുമായി ബന്ധപ്പെട്ട തർക്കം കൂട്ടത്തല്ലിൽ കലാശിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം ഒൻപത് പേർക്ക് പരുക്കേറ്റു. സംഭവത്തിൽ പ്രാദേശിക കോൺഗ്രസ് നേതാവ് ഷാജി കൊച്ചുകരോട്ട് ഉൾപ്പെടെ ഇരുപക്ഷത്തുനിന്നുമായി എട്ട് പേർക്കെതിരെ രാജക്കാട് പോലീസ് കേസെടുത്തു.

To advertise here,

കുമ്പപ്പാറ മഠത്തിശേരി രാജു, മക്കളായ ടിൻസ്, ടിന്റോ, ഷാജി കൊച്ചുകരോട്ട് എന്നിവർ ചേർന്ന് അയൽവാസികളായ മണപ്പാടംമുറിയിൽ സുധ, മകൾ ശ്രുതി, സുധയുടെ സഹോദരി പൊന്നമ്മ, കണ്ണംകുന്നിൽ ബിന്ദു, ഇവരുടെ 16 വയസുള്ള മകൾ എന്നിവരെ ആക്രമിച്ചുവെന്നാണ് പരാതി. പൊന്നമ്മക്കും സുധക്കും മുഖത്തും ദേഹത്തും പരുക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയോടെ ആയിരുന്നു സംഭവം.

അക്രമം നടന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് രാജക്കാട് പോലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. രാജക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ പരാതിയിലാണ് കോൺഗ്രസ് രാജകുമാരി മുൻ മണ്ഡലം പ്രസിഡന്റ് ഷാജി കൊച്ചുകരോട്ട് ഉൾപ്പെടെ നാല് പേർക്കെതിരെ പോലീസ് കേസെടുത്തത്.

അതേസമയം, സുധ, ശ്രുതി, പൊന്നമ്മ, ബിന്ദു എന്നിവർ ചേർന്ന് തങ്ങളെ ആക്രമിച്ച് പരുക്കേൽപ്പിച്ചു എന്നാരോപിച്ച് മഠത്തിശേരി രാജു, ഭാര്യ ആലീസ്, ഷാജിയുടെ മകൾ ജാൻജന എന്നിവരും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഈ പരാതിയിലും കേസെടുത്തിട്ടുണ്ട്. രാജുവിന്റെ കൈയ്ക്ക് പൊട്ടലുണ്ടായതായി റിപ്പോർട്ടുണ്ട്.

കുറച്ചുനാളുകളായി ഇരുകൂട്ടരും തമ്മിൽ വഴിത്തർക്കം നിലനിന്നിരുന്നു. സുധയുടെ വീട്ടിലേക്ക് പോകുന്ന വഴി ഷാജിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തിലൂടെയാണ് കടന്നുപോകുന്നത്. മഠത്തിശേരി രാജുവും ഇതേ വഴിയാണ് ഉപയോഗിച്ചുവരുന്നത്. രാജുവിന്റെ വീട്ടിലേക്ക് വാഹനം കടത്താൻ ഷാജി അനുവദിച്ചിരുന്നുവെന്നും, സ്ഥലത്ത് സ്ഥാപിച്ചിരുന്ന ഗേറ്റ് ഇളക്കിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു.

ഇരുകൂട്ടരും തമ്മിലുണ്ടായ സംഘർഷത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികൾക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കുമെന്നും രാജാക്കാട് പോലീസ് പറഞ്ഞു.