ഇടുക്കി: അടിമാലിയില്‍ ക്യാന്‍സര്‍ രോഗബാധിതയെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയതായി പരാതി. കട്ടിലില്‍ കെട്ടിയിട്ട ശേഷം വായില്‍ തുണി തിരുകിയാണ് കവര്‍ച്ച നടത്തിയതെന്നാണ് ഇരയായ ഉഷാ സന്തോഷ് പറയുന്നത്. ചികിത്സയ്ക്കായി വെച്ച 16000 രൂപയാണ് കവര്‍ന്നത്. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

To advertise here,

അടിമാലിയില്‍ വിവേകാനന്ദ നഗറില്‍ രാവിലെ ഏഴരയോടെയാണ് സംഭവം. മുമ്പ് വീട്ടില്‍ വന്ന ആളാണ് മോഷണം നടത്തിയതെന്നാണ് സംശയിക്കുന്നതെന്ന് ഉഷ പറയുന്നു. തന്നെ സഹായിക്കുന്നയാളാണെന്ന് പരിചയപ്പെടുത്തിയ ഇയാള്‍ ഇന്ന് പണം എവിടെയാണ് സൂക്ഷിക്കുന്നത് എന്നടക്കം ചോദിച്ച് മനസ്സിലാക്കിയിരുന്നുവെന്ന് ഉഷ പറഞ്ഞു.

ഒരു സന്നദ്ധ സംഘടന ലീസിന് എടുത്ത് നല്‍കിയ വീട്ടിലാണ് ഉഷയും കുടുംബവും കഴിയുന്നത്. ആറു വര്‍ഷത്തോളമായി ക്യാന്‍സര്‍ ബാധിതയായ ഉഷയ്ക്ക് നാട്ടുകാരും ജനപ്രതിനിധികളും പിരിവ് നടത്തിയാണ് ചികിത്സ നടത്തുന്നത്.

കഴിഞ്ഞ ദിവസം കീമോ കഴിഞ്ഞതിനാല്‍ ഞാന്‍ ക്ഷീണിതയായിരുന്നു. വായില്‍ തുണി തിരുകിയ ശേഷം മുഖംമറച്ചാണ് മോഷണം നടന്നത്. എന്നെ കട്ടില്‍ കെട്ടിയിടുകയും ചെയ്തു' ഉഷ പറഞ്ഞു.