തിരുവനന്തപുരം: രണ്ടു മാസത്തിലേറെ ഒളിവിൽക്കഴിഞ്ഞ് ഒടുവിൽ കീഴടങ്ങിയ പ്രതി സുകാന്തിനെ നേരിൽക്കണ്ടപ്പോൾ പൊട്ടിത്തെറിച്ച്, മരിച്ച ഐബി ഉദ്യോഗസ്ഥയുടെ ബന്ധുക്കൾ. വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയ്ക്കുപിന്നാലെ പ്രതിചേർക്കപ്പെട്ട സഹപ്രവർത്തകൻ സുകാന്ത് സുരേഷിനെ തിരിച്ചറിയാനായി പേട്ട പോലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് ബന്ധുക്കളുടെ രോഷം അണപൊട്ടിയത്.

To advertise here,

‘നീയിപ്പോഴും ജീവിച്ചിരിക്കുന്നല്ലോ...നിനക്കു പോയി ചത്തുകൂടായിരുന്നോ...’ബന്ധുക്കളിലൊരാൾ സുകാന്തിന്റെ മുഖത്തുനോക്കി ചോദിച്ചു. ചൊവ്വാഴ്ച രാവിലെ ഇയാളെ തിരിച്ചറിയാനായി പെൺകുട്ടിയുടെ ബന്ധുക്കളെ പോലീസ് വിളിച്ചുവരുത്തുകയായിരുന്നു. സ്റ്റേഷനിൽ പ്രതിയെക്കണ്ട് പെൺകുട്ടിയുടെ അമ്മാവൻ ഉൾപ്പെടെയുള്ളവർ പൊട്ടിത്തെറിച്ചു. പക്ഷേ, സുകാന്ത് അക്ഷോഭ്യനായി തലതാഴ്ത്തി നിൽക്കുകയായിരുന്നു. ഏകമകൾ നഷ്ടപ്പെട്ടതിന്റെ വേദനയിൽക്കഴിയുന്ന ഐബി ഉദ്യോഗസ്ഥയുടെ അച്ഛൻ പോലീസ് സ്റ്റേഷനിൽ കയറിയില്ല.

ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് തിങ്കളാഴ്ചയാണ് സുകാന്ത് കൊച്ചി സെൻട്രൽ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. പിന്നാലെ പേട്ട സ്റ്റേഷനിൽനിന്നുള്ള പോലീസ് സംഘം രാത്രിയോടെ പ്രതിയെ കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കൾ തിരിച്ചറിഞ്ഞതിനു പിന്നാലെ കോടതിയിൽ ഹാജരാക്കിയ ഇയാളെ ജൂൺ 10 വരെ റിമാൻഡ് ചെയ്തു.

മാർച്ച് 24-നാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ഐബി ഉദ്യോഗസ്ഥയായ പത്തനംതിട്ട സ്വദേശി യുവതിയെ പേട്ടയ്ക്കു സമീപം തീവണ്ടിതട്ടി മരിച്ചനിലയിൽ കണ്ടത്. സഹപ്രവർത്തകനായ മലപ്പുറം സ്വദേശി സുകാന്തിന്റെ ശാരീരിക മാനസിക പീഡനം കാരണം പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തുകയായിരുന്നു. സുകാന്തിൽനിന്ന് യുവതി ലൈംഗികചൂഷണം നേരിട്ടിരുന്നതായും ഇത് ആത്മഹത്യയിലേക്കു നയിച്ച കാരണങ്ങളിലൊന്നാണെന്നും പോലീസ് കണ്ടെത്തി. വിവാഹവാഗ്ദാനം നൽകിയായിരുന്നു നിരന്തര ലൈംഗികപീഡനം. ജൂലായിൽ പെൺകുട്ടി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഗർഭച്ഛിദ്രം നടത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു. യുവതിയുടെ മരണത്തിനു തൊട്ടടുത്ത ദിവസംതന്നെ ഇയാൾ ഫോൺ ഓഫാക്കി മുങ്ങി. ഇയാൾക്കായി പോലീസ് ലുക്ഔട്ട് സർക്കുലർ ഇറക്കുകയും കേരളത്തിനു പുറത്തേക്ക്‌ അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തിരുന്നു.