ചെറുതോണി: പൂപ്പാറ വ്യാജ വിദേശമദ്യവേട്ടയുമായി ബന്ധപ്പെട്ട് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് എക്‌സൈസ് സംഘം കഞ്ഞിക്കുഴി പുന്നയാറില്‍ തോട്ടുപുറത്ത് ബിനുവിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. ലഭിച്ച വസ്തുക്കള്‍ കണ്ട് എക്‌സൈസ് സംഘം ഞെട്ടി. ഒറിജിനലിനെ വെല്ലുന്ന വ്യാജ വിദേശമദ്യമാണ് കഞ്ഞിക്കുഴിയില്‍ നിര്‍മിച്ചിരുന്നത്.

To advertise here,

യഥാര്‍ഥ സ്റ്റിക്കറുകളില്‍നിന്നും ഹോളോഗ്രാമുകളില്‍നിന്നും വ്യത്യാസമില്ലാതെ തയ്യാറാക്കിയ സ്റ്റിക്കറുകളും ഹോളോഗ്രാമുകളും. യഥാര്‍ഥ കുപ്പികളോട് കിടപിടിക്കുന്ന രീതിയിലുള്ള പ്ലാസ്റ്റിക് കുപ്പികള്‍, കുപ്പികള്‍ സീല്‍ ചെയ്യുന്നതിനായി ഉപയോഗിച്ചിരുന്ന ആധുനിക ഉപകരണങ്ങള്‍ സ്പിരിറ്റ് കൊണ്ടുവരുന്ന കന്നാസുകള്‍ തുടങ്ങിയവയാണ് എക്‌സൈസ് സംഘം കണ്ടെടുത്തത്.

സ്വന്തമായി ഉണ്ടാക്കിയ മദ്യവില്‍പ്പന തകൃതി

ഉള്‍നാടന്‍ ഗ്രാമമായ പൊന്നയാറ്റിലുള്ള സ്വന്തം വീട്ടില്‍നിന്ന് ഒരു മാസം മുമ്പ് ബിനുവും കുടുംബവും തള്ളക്കാനത്ത് വാടക വീട്ടിലേക്ക് താമസം മാറിയിരുന്നു. സ്വന്തം വീട്ടില്‍ വ്യാജമദ്യനിര്‍മാണ യൂണിറ്റ് തുടങ്ങുന്നതിനുവേണ്ടിയാണ് ഇയാള്‍ വാടകയ്ക്ക് വീടെടുത്ത് താമസം മാറിയതെന്ന് എക്‌സൈസ് സംഘം പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച 35 ലിറ്റര്‍ വ്യാജ വിദേശമദ്യവുമായി പൂപ്പാറയില്‍നിന്ന് ബിനുവിനെയും മകനെയും ഇവരുടെ ബന്ധുക്കളായ രണ്ട് പേരെയും ശാന്തന്‍ പാറ പോലീസ് പിടികൂടിയിരുന്നു.

പൂപ്പാറ ബിവറേജസ് ഔട് ലെറ്റ് ജീവനക്കാരനായ തിരുവനന്തപുരം കോലിയക്കോട് താരകം ഉല്ലാസനഗറില്‍ ബിനു(50), പോത്തന്‍കോട് പുത്തന്‍വീട്ടില്‍ ബിജു(40), ഇടുക്കി കഞ്ഞിക്കുഴി തള്ളക്കാനം തോട്ടുപുറത്ത് ബിനു(53), മകന്‍ എബിന്‍(22) എന്നിവരെയാണ് ശാന്തന്‍പാറ പൂപ്പാറ തലക്കുളത്തിന് സമീപത്തുനിന്ന് ചൊവ്വാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ബന്ധുക്കളാണ്.

ബന്ധുവിന്റെ അമിത ബുദ്ധി കുടുക്കി

ബിവറേജസ് ഔട്ലെറ്റില്‍ വിദേശമദ്യം വാങ്ങാന്‍ എത്തിയവരോട് ഇതേ മദ്യം വിലകുറച്ചു നല്‍കാമെന്ന് ജീവനക്കാരനായ ബിനു പറഞ്ഞിരുന്നു. ഈ വിവരം പുറത്തായതോടെ ഇയാള്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. വ്യാജമദ്യം നിര്‍മിച്ചത് എവിടെയെന്ന് കണ്ടെത്താന്‍ എക്‌സൈസ് സംഘം പല സ്ഥലങ്ങളിലും പരിശോധന നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. അപ്പോഴാണ് പുന്നയാറില്‍ ഉള്ള വീട്ടില്‍നിന്ന് തോട്ടുപുറത്ത് ബിനു വാടകവീട്ടിലേക്ക് മാറി താമസിക്കുന്ന വിവരം എക്‌സൈസ് സംഘത്തിന് ലഭിച്ചത്. തുടര്‍ന്നാണ് ബിനുവിന്റെ വീട്ടില്‍ റെയ്ഡ് നടക്കുന്നത്. ആളുകള്‍ക്കും വാഹനങ്ങള്‍ക്കും എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള പ്രദേശത്താണ് ബിനുവിന്റെ വീട്. അതുകൊണ്ടുതന്നെ പെട്ടെന്നാരും ഇങ്ങോട്ട് കടന്നുവരില്ലെന്ന വിശ്വാസത്തിലാണ് ഇവര്‍ ഇവിടെ വ്യാജ മദ്യകേന്ദ്രം ആരംഭിച്ചത്.