
തിരുവനന്തപുരം: മദ്യനയം മാറ്റാന്‍ ബാര്‍ ഹോട്ടലുടമകള്‍ പണം കൊടുക്കേണ്ടവര്‍ക്ക് കൊടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ബാറുടമകളുടെ സംഘടനാ നേതാവിന്റെ ശബ്ദ സന്ദേശം പുറത്തുവന്നതിന് പിന്നാലെ വിവാദം ഏറ്റുപിടിച്ച് പ്രതിപക്ഷം. കോടികളുടെ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും ഇത് സര്‍ക്കാരിന്റെ അറിവോടെയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം എല്ലാ സൗകര്യവും ചെയ്ത് കൊടുക്കാമെന്ന് സര്‍ക്കാര്‍ ബാര്‍ ഉടമകളെ അറിയിച്ചിരിക്കുകയാണ്. ഇനി നോട്ടെണ്ണല്‍ യന്ത്രം എക്‌സൈസ് മന്ത്രി എം.ബി രാജേഷിന്റെ കയ്യിലാണോ, അതല്ല മുഖ്യമന്ത്രിയുടെ കയ്യിലാണോ, എ.കെ.ജി സെന്ററിലാണോ എന്ന് മാത്രം അറിഞ്ഞാല്‍ മതിയെന്നും സതീശന്‍ പറഞ്ഞു.
അബ്കാരി നിയമത്തില്‍ മാറ്റം വരുത്തുന്ന കാര്യം നിയമസഭാ സമിതിയില്‍ വന്നപ്പോള്‍ പ്രതിപക്ഷം ശക്തമായി എതിര്‍ത്തതാണ്. ഒന്നാംതീയതിയടക്കം മദ്യശാലകളും ബാറുകളും തുറക്കാനുള്ള സൗകര്യമാണ് ചെയ്തു കൊടുക്കുന്നത്. ഇത് ആളുകളുടെ ശമ്പള ദിവസത്തെ ലക്ഷ്യം വെച്ചുകൊണ്ടാണ്. ഇതിനെല്ലാം ഒത്താശ ചെയ്യാനാണ് വന്‍ പണപ്പിരിവെന്നും സതീശന്‍ പറഞ്ഞു.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം പുതുതായി 130 ബാറുകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് നിലവില്‍ 801 ബാറുണ്ട്. ബാറുകളുടെ ടേണ്‍ ഓവര്‍ പിരിവ് പോലും നടത്തുന്നില്ല. ഇത് വഴി സര്‍ക്കാരിന് ജി.എസ്.ടി ഇനത്തില്‍ കോടികളാണ് നഷ്ടം. ഒരു പരിശോധനയും ബാറുകളില്‍ നടക്കുന്നില്ല. ഇതെല്ലാം ബാറുടമകളെ സഹായിക്കാനാണ്. 20 കോടി രൂപയുടെ അഴിമതിയാണ് പണപ്പിരിവ് വഴി ഉണ്ടായിരിക്കുന്നതെന്നും സതീശന്‍ ആരോപിച്ചു.
വിവാദമായ ശബ്ദസന്ദേശം ഇങ്ങനെ
''കഴിഞ്ഞ ജനറല്‍ബോഡി മീറ്റിങ്ങില്‍ത്തന്നെ കാര്യങ്ങള്‍ തീരുമാനിച്ചിരുന്നതാണ്. ഇലക്ഷന്‍ കഴിഞ്ഞാലുടന്‍ പുതിയ പോളിസി വരുന്നതാണ്. അതിനകത്ത് ഒന്നാംതീയതി ഡ്രൈ ഡേ എടുത്തുകളയും. സമയത്തിന്റെ കാര്യമൊക്കെയുണ്ട്. ഇതൊക്കെ ചെയ്തുതരണമെന്നുണ്ടെങ്കില്‍ നമ്മള്‍ കൊടുക്കേണ്ട കാര്യങ്ങള്‍ കൊടുക്കണം. ഇതുവരെ പിരിക്കേണ്ട തുകയുടെ മൂന്നിലൊന്നുമാത്രമേ സ്റ്റേറ്റ് ഓവര്‍ കിട്ടിയിട്ടുള്ളൂ. ഇത് നമ്മള്‍ കൊടുക്കാണ്ട് ആരും നമ്മളെ സഹായിക്കില്ല. ആരുമായിട്ടും ആര്‍ക്കും വേറെ ബന്ധങ്ങളും കാര്യങ്ങളുമൊന്നുമില്ല. അതുകൊണ്ട് രണ്ടരലക്ഷം രൂപവെച്ച് കൊടുക്കാന്‍ പറ്റുന്നവര്‍ രണ്ടുദിവസത്തിനകം ഗ്രൂപ്പിലിടുക. ആരുടെയും പത്തുപൈസ പോകില്ല. അതിനെല്ലാം കൃത്യമായ കണക്കുണ്ടാകും.'
Content Highlights: vd satheesan against liquor policy controversy
Published: 24 May 2024, 11:48 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented