കൊച്ചി: ഹരിതകർമസേനയിൽ പ്രവർത്തിക്കുന്ന ദമ്പതിമാർക്ക് യുവാവിന്റെ മർദനമേറ്റു. കലൂർ ഫ്രീഡം റോഡിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഹരിതകർമ സേനാംഗങ്ങളായ സിജോ വർഗീസിനും ഭാര്യയ്ക്കുമാണ് ഷാജഹാൻ എന്ന യുവാവിൽനിന്നും മർദനമേറ്റത്.

To advertise here,

മാലിന്യം എടുക്കുന്നതിന് ഹരിതകർമസേന വീടുകളിൽനിന്നും ഈടാക്കുന്ന തുകയായ ഇരുന്നൂറുരൂപ മുടങ്ങിയത് ചോദിച്ചെത്തിയ ഇവരോട് കലൂർ ഫ്രീഡം റോഡിൽ ഇരുനിലവീടിന്റെ താഴത്തെ നിലയിലുള്ള കുടുംബം യൂസർ ഫീ ഇല്ല എന്നുപഞ്ഞു. തുടർന്ന് ഈ കുടുംബം മുകൾ നിലയിൽ താമസിക്കുന്ന ഷാജഹാന്റെ കുടുംബത്തിൽനിന്നും 200 രൂപ വാങ്ങി നൽകി. ഇതുമായി തിരിച്ചു പോകുമ്പോഴാണ് മുകളിലെ നിലയിൽനിന്നും ഷാജഹാൻ ഇറങ്ങിവന്ന് ആക്രമിച്ചതെന്ന് സിജോ വർഗീസ് പറഞ്ഞു.

കഴുത്തിനും കൈയ്ക്കും പരിക്കേറ്റ സിജോ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സതേടി. സംഭവത്തിൽ കസബ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല. കേസ് ഒത്തുതീർക്കാൻ ശ്രമം നടക്കുന്നതായും ആക്ഷേപമുണ്ട്.

അതേസമയം, ആക്രമിക്കപ്പെട്ട സിജോയ്ക്കും ഭാര്യക്കുമെതിരേ, തങ്ങളുടെ വീട്ടിൽ അതിക്രമിച്ചുകയറിയെന്നാരോപിച്ച് താഴെ താമസിക്കുന്ന വീട്ടുകാരും പരാതി നൽകിയിട്ടുണ്ട്. ഹരിതകർമസേനാംഗങ്ങളെ മർദിച്ച സംഭവത്തിൽ നടപടി വേണമെന്നും അല്ലാത്തപക്ഷം പ്രതിഷേധവുമായി രംഗത്തുവരുമെന്നും കൗൺസിലർ പ്രജിത്ത് പറഞ്ഞു.