ഹരിപ്പാട്: കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായവർ കൊലപാതക ശേഷം ഞായറാഴ്ച പുലർച്ചെ ഏഴു കിലോമീറ്ററോളം അകലെയുള്ള ഹരിപ്പാടു നഗരത്തിലെത്തി കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിനടുത്തെ തട്ടുകടയിൽനിന്ന് ആഘോഷപൂർവം ഭക്ഷണം കഴിച്ചു. ആസൂത്രണം ചെയ്തപോലെ കൃത്യം നടത്തിയതിന്റെ ആവേശത്തിലായിരുന്നു അവർ. രാത്രി ആരും ആഹാരം കഴിച്ചിരുന്നില്ല. സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്നും കടയിലുണ്ടായിരുന്നവരുടെ മൊഴിയിൽനിന്നുമാണ് പോലീസിന് ഈ വിവരം ലഭിച്ചത്.

To advertise here,

ശനിയാഴ്ച രാത്രി ഏഴേമുക്കാലോടെ കൊല്ലത്തുനിന്നുള്ള ട്രെയിനിലാണ് കുറ്റാരോപിതർ ഹരിപ്പാട്ടിറങ്ങുന്നത്. റെയിൽവേ സ്റ്റേഷനിൽനിന്ന് ഓട്ടോറിക്ഷയിൽ കരുവാറ്റ കന്നുകാലിപ്പാലത്തിനു സമീപമെത്തി. അവിടെനിന്ന് ഒരു കിലോമീറ്ററോളം നാട്ടുവഴിയിലൂടെ നടന്ന് ഒൻപതരയോടെ ശിവൻകുട്ടിയുടെ വീട്ടിൽച്ചെന്നു. കൃത്യത്തിനുശേഷം ഇതേ വഴിയിലൂടെ ഹരിപ്പാട്ടെത്തി.

ഭക്ഷണശേഷം ബസിലാണ് കൊല്ലത്തേക്കു പോയത്. തിങ്കളാഴ്ച രാവിലെവരെ പിടിക്കപ്പെടില്ലെന്ന വിശ്വാസത്തിലായിരുന്നു. പെൺകുട്ടിയുടെ മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തതോടെ ഇവർ ആശങ്കയിലായെന്ന് പോലീസ് പറഞ്ഞു. പരസ്പരം ഫോൺ വിളിച്ചും നേരിട്ടും ബന്ധപ്പെട്ടിരുന്നു. ഇതിനിടെ തിങ്കളാഴ്ച രാത്രിയോടെ ഹരിപ്പാട്ടുനിന്നുള്ള പോലീസ് കുറ്റാരോപിതരുടെ വീടുകളിലെത്തുകയായിരുന്നു.

ആഴ്ചകൾ നീണ്ട മുന്നൊരുക്കം സംശയത്തിന് ഇടനൽകാതെ അരുംകൊല

ശിവൻകുട്ടിയെ കൊലപ്പെടുത്താൻ ബന്ധുവായ പെൺകുട്ടിയും സുഹൃത്തുക്കളും ആഴ്ചകളോളം ആസൂത്രണം നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ അമിത മൊബൈൽ ഫോൺ ഉപയോഗവും രാത്രി വൈകി പുറത്തുപോകുന്നതും ശിവൻകുട്ടി വിലക്കിയിരുന്നു. ഇതും കുടുംബത്തിലെ ചില പ്രശ്‌നങ്ങളും പെൺകുട്ടിയെ വീട്ടുകാരിൽനിന്നകറ്റി. തന്റെ ഇഷ്ടങ്ങൾക്കു തടസ്സമായ ശിവൻകുട്ടിയെ കൊലപ്പെടുത്താൻ തീരുമാനിച്ചതിനു പിന്നിലെ കാരണമിതാണെന്നാണ് പോലീസ് പറയുന്നത്.

എങ്ങനെ കൊല്ലണമെന്ന് സാമൂഹികമാധ്യമങ്ങളിലൂടെ കൃത്യം നടത്തിയതായി ആരോപിക്കപ്പെടുന്നവരും പെൺകുട്ടിയും നിരന്തരം ചർച്ചചെയ്തിരുന്നു. വിഷം കൊടുക്കുന്നതും വാഹനാപകടത്തിൽപ്പെടുത്തുന്നതും ഉൾപ്പെടെ പലവഴികളും ചർച്ചചെയ്തു. ഇതിനിടെയാണ് ശിവൻകുട്ടിയുടെ മകളെ പ്രസവശുശ്രൂഷയ്ക്ക് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. നാലുദിവസം മുൻപായിരുന്നു ഇത്. അന്നുമുതൽ ശിവൻകുട്ടി വീട്ടിലുണ്ടായിരുന്നു.

ഒപ്പമുണ്ടായിരുന്ന പെൺകുട്ടി അന്നുമുതൽ കൂട്ടുകാരുടെ വീടുകളിലാണു താമസിച്ചത്. ശനിയാഴ്ച വൈകീട്ട് ട്യൂഷൻ കഴിഞ്ഞു വന്നപ്പോൾ വീട് അടഞ്ഞുകിടക്കുകയാണെന്നും ശിവൻകുട്ടി സ്ഥലത്തില്ലെന്നുമാണ് മറ്റു ബന്ധുക്കളെ അറിയിച്ചത്. ശനിയാഴ്ച രാത്രി ഒൻപതരയ്ക്കും പുലർച്ചെ മൂന്നിനും മധ്യേയായിരുന്നു കൊലപാതകം.

ഞായറാഴ്ച രാവിലെ പെൺകുട്ടി സുഹൃത്തിനൊപ്പം വീട്ടിലെത്തിയിരുന്നു. കതകിൽ തട്ടിവിളിച്ചതിനൊപ്പം അടുത്ത താമസക്കാരോടും അന്വേഷിച്ചു. വൈകുന്നേരം വീണ്ടുമെത്തി. ഈ സമയം അയൽവാസികളുടെ സാന്നിധ്യത്തിൽ ശിവൻകുട്ടിയുടെ മൊബൈൽ ഫോണിൽ വിളിച്ചു. ഫോൺ സ്വിച്ച് ഓഫായിരുന്നു.

തിങ്കളാഴ്ച രാവിലെ വീണ്ടുമെത്തി അയൽവാസികളുടെ സഹായത്തോടെ പിൻവാതിൽ തുറന്ന് അകത്തുകയറി. ശിവൻകുട്ടി മരിച്ചുകിടക്കുന്നതു കണ്ട് അലമുറയിട്ടു. പോലീസെത്തിയപ്പോൾ താൻ ശനിയാഴ്ച രാവിലെയാണ് അവസാനമായി ശിവൻകുട്ടിയെ കണ്ടതെന്നും പിന്നീട് വീട് അടഞ്ഞുകിടക്കുകയായിരുന്നെന്നുമാണ് മൊഴികൊടുത്തത്.

മദ്യപിക്കുന്ന ശീലമുള്ള ശിവൻകുട്ടിയുടെ സുഹൃത്തുക്കളെ സംശയമുണ്ടെന്ന് പെൺകുട്ടി പറഞ്ഞിരുന്നു. പ്രാഥമികാന്വേഷണത്തിൽ ഇതെല്ലാം ശരിയായിരുന്നു.

പിന്നീട് വനിതാ പോലീസ് ഉദ്യോഗസ്ഥർ മണിക്കൂറുകളോളം ചോദ്യംചെയ്തു. ഒടുവിൽ തിങ്കളാഴ്ച രാത്രി കുറ്റം സമ്മതിച്ചു. കുറ്റംചെയ്തവരെപ്പറ്റി സൂചന ലഭിച്ചിരുന്നതിനാൽ പോലീസ് കൊല്ലം പറവൂരിലെത്തിയിരുന്നു. മണിക്കൂറുകൾക്കകം മൂന്നുപേരെയും വീടുകളിൽനിന്നു പിടികൂടി.

 

കൊലപാതകം; എട്ടാം ക്ലാസുകാരിയുടെ ക്വട്ടേഷൻ

ഹരിപ്പാട്: കരുവാറ്റയിൽ വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയതിനു പിന്നിൽ ബന്ധുവായ എട്ടാംക്ളാസുകാരിയുടെ ക്വട്ടേഷൻ. പെൺകുട്ടിയെയും കുറ്റാരോപിതരായ കാമുകൻ ഉൾപ്പെടെയുള്ള മൂന്നുപേരെയും പോലീസ് കരുതൽ തടങ്കലിലാക്കി.

കരുവാറ്റ മാടപ്പുരയ്ക്കൽ പടീറ്റതിൽ ശിവൻകുട്ടിചെട്ടിയാരെ(67)യാണ് കാമുകനായ പ്ലസ്ടു വിദ്യാർഥിയും രണ്ടു കൂട്ടുകാരും ചേർന്ന് കൊലപ്പെടുത്തിയത്. ഇവരിലൊരാൾ പ്ളസ് വൺ വിദ്യാർഥിയാണ്. മറ്റൊരാൾ പ്ളസ് വണിൽ പഠിത്തം നിർത്തിയയാളും.

നാലരപ്പവന്റെ ആഭരണങ്ങൾ മോഷ്ടിച്ചാണ് കുറ്റാരോപിതർ കടന്നത്. ഇതിൽ ഒരു മോതിരം 16,000 രൂപയ്ക്കു വിറ്റിരുന്നു. ഇതും പ്രതികൾ വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പോലീസ് കണ്ടെടുത്തു. പെൺകുട്ടിക്ക് ഐ ഫോണും കാമുകനു ബൈക്കും വാങ്ങാനായിരുന്നു പദ്ധതി.

കുറ്റാരോപിതയായ പതിമ്മൂന്നുകാരി കരുവാറ്റയിലാണ്. മറ്റുള്ളവർ കൊല്ലം പരവൂർ സ്വദേശികളും. ശനിയാഴ്ച രാത്രിയിലായിരുന്നു കൊലപാതകം. തിങ്കളാഴ്ച രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്.

ബന്ധുവായ വയോധികനെ കാണാനില്ലെന്ന് പെൺകുട്ടി അയൽവാസികളോടു പറഞ്ഞിരുന്നു. അവരുടെ സഹായത്തോടെ വീടു തുറന്നു പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്.

പ്രതികൾ ശൗചാലയത്തിന്റെ അസ്ബസ്‌റ്റോസ് ഷീറ്റ് മരത്തടി ഉപയോഗിച്ചു തിക്കി പൊക്കിയശേഷം എയർ ഹോളിലൂടെ വീട്ടിൽ കയറിയാണ് കൊല നടത്തിയത്. ശിവൻകുട്ടിയെ നഗ്നനാക്കി കിടക്കവിരികൊണ്ട് കൈകാലുകൾ കൂട്ടിക്കെട്ടിയശേഷം അതേ കിടക്കവിരി കൊണ്ട് കഴുത്തുഞെരിച്ചു ശ്വാസംമുട്ടിച്ചാണു കൊന്നത്. ശിവൻകുട്ടിയുടെ മകൾ ശ്രീകലയെ പ്രസവത്തിനായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭാര്യ സരസ്വതി അവിടെയായിരുന്നു.

ശിവൻകുട്ടിയും ബന്ധുവായ പെൺകുട്ടിയുമാണ് വീട്ടിലുണ്ടായിരുന്നത്. ഈ സമയം ശിവൻകുട്ടി തന്നെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചതായി പെൺകുട്ടി കാമുകനെ ഫോണിൽ അറിയിച്ചിരുന്നതായി ജില്ല പോലീസ് മേധാവി വിഷ്ണു പ്രദീപ് പറഞ്ഞു.

പെൺകുട്ടിയും കാമുകനും ശിവൻകുട്ടിയുടെ കൈവശമുള്ള സ്വർണവും പണവും അപഹരിക്കാൻ നേരത്തേ പദ്ധതിയിട്ടിരുന്നു. വീട്ടിൽ ആരുമില്ലാത്തപ്പോൾ മോഷണം നടത്താനായിരുന്നു തീരുമാനം. പെൺകുട്ടി മുൻപ് പലപ്രാവശ്യം വീടുവിട്ടു പോയിട്ടുണ്ട്.

മൊബൈൽ ഫോണിന്റെ അമിതോപയോഗവും ആൺകുട്ടികളുമായുള്ള സൗഹൃദങ്ങളും ശിവൻകുട്ടി വിലക്കിയിരുന്നു. ഇതിലുള്ള പക തീർക്കുന്നതിനും ബൈക്കു വാങ്ങാൻ പണംകിട്ടുമെന്ന് വിശ്വസിപ്പിച്ചും പെൺകുട്ടി കാമുകന് കൊലപാതകത്തിന് ക്വട്ടേഷൻ നൽകുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

കൊലപാതകം നടത്തുമ്പോൾ കുറ്റാരോപിതർ വീഡിയോ കോളിലൂടെ ദൃശ്യങ്ങൾ പെൺകുട്ടിയെ കാട്ടിയിരുന്നു. തിങ്കളാഴ്ച രാവിലെ കൊലപാതകമറിഞ്ഞ് പോലീസെത്തിയപ്പോൾ പരീക്ഷയ്ക്കു പോകണമെന്നു പറഞ്ഞ് പെൺകുട്ടി തിടുക്കപ്പെട്ടു.

പോലീസ് ഉദ്യോഗസ്ഥയ്ക്ക് ഇതിൽ തോന്നിയ സംശയമാണ് കേസ് തെളിയിക്കുന്നതിൽ നിർണായകമായത്. ശ്വാസംമുട്ടിയാണ് മരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിട്ടുണ്ട്.