
ഹരിപ്പാട്: ഗവ. ആശുപത്രിയിൽ വയറുവേദനയ്ക്കു ചികിത്സതേടിയെത്തിയ അവിവാഹിതയായ പത്തൊൻപതുകാരി ശൗചാലയത്തിൽ പ്രസവിച്ചശേഷം കുഞ്ഞിനെ ജനലിലൂടെ പുറത്തേക്കിട്ടു. സംഭവത്തിൽ, കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചതിന് യുവതിയുടെ പേരിൽ വധശ്രമത്തിനു കേസെടുത്തു. യുവതി തന്നെ മറുപിള്ള വേർപെടുത്തിയെന്നാണു മനസ്സിലാക്കുന്നതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. അരുൺ ജേക്കബ് പറഞ്ഞു.
കരച്ചിൽകേട്ട് ആശുപത്രി ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ശൗചാലയത്തിന്റെ പിന്നിൽ ചോരക്കുഞ്ഞിനെ കണ്ടെത്തിയത്. അടിയന്തരചികിത്സയ്ക്കു ശേഷം അമ്മയെയും കുഞ്ഞിനെയും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. പൂർണവളർച്ചയെത്തിയ പെൺകുഞ്ഞാണ്.
തിങ്കളാഴ്ച രാത്രി ഒൻപതോടെയാണ് സംഭവങ്ങളുടെ തുടക്കം. കടുത്ത വയറുവേദനയും പുറംവേദനയും ഉണ്ടെന്നു പറഞ്ഞാണ് അച്ഛനും മാതൃസഹോദരിക്കുമൊപ്പം യുവതി അത്യാഹിതവിഭാഗത്തിലെത്തിയത്. വനിതാഡോക്ടറാണു പരിശോധിച്ചത്. ഗർഭിണിയാണെന്ന സംശയം തോന്നിയ ഡോക്ടർ ചോദിച്ചെങ്കിലും യുവതി നിഷേധിച്ചു.
നേരത്തേ സ്കാൻ ചെയ്തിരുന്നെന്നും വയറ്റിൽ മുഴയും കൊഴുപ്പുമുണ്ടെന്നും ഡോക്ടറോടു പറഞ്ഞു. നിലവിൽ ആർത്തവത്തിന്റെ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും പറഞ്ഞു. അതോടെ യുവതിയെ നിരീക്ഷണവിഭാഗത്തിലേക്കു മാറ്റി.
രാത്രി ഒരു മണിയോടെ അത്യാഹിതവിഭാഗത്തിലെ ശൗചാലയത്തിൽനിന്നു കരച്ചിൽ കേട്ടതായി തോന്നിയ ജീവനക്കാർ അവിടം പരിശോധിച്ചു. നിലത്തു രക്തം പടർന്നിരുന്നു. ഡോക്ടർ വീണ്ടും സംസാരിക്കാൻ ശ്രമിച്ചെങ്കിലും പെൺകുട്ടി പ്രതികരിച്ചില്ല.
അല്പം കഴിഞ്ഞപ്പോഴാണ് ശൗചാലയത്തിനു പുറത്തുനിന്ന് കുഞ്ഞിന്റെ കരച്ചിൽകേട്ടത്. നഴ്‌സിങ് അസിസ്റ്റന്റ് ടോർച്ചടിച്ചു നോക്കിയപ്പോൾ കുഞ്ഞിനെ കണ്ടു. ഉടനേ പ്രഥമശുശ്രൂഷ നൽകിയശേഷം പോലീസിൽ അറിയിച്ചു. പിന്നാലെ ആംബുലൻസിൽ അമ്മയെയും കുഞ്ഞിനെയും വണ്ടാനത്തേക്ക് അയച്ചു.
പ്ലസ് ടുവിനുശേഷം റേഡിയോഗ്രഫി പഠിച്ച പെൺകുട്ടി എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുകയാണ്. ഗർഭിണിയാണെന്ന് ബന്ധുക്കൾക്ക് അറിവില്ലായിരുന്നുവെന്നാണ് പോലീസിനു ലഭിച്ച വിവരം.
കുഞ്ഞിന്റെ ജീവൻ കഷ്ടിച്ച് രക്ഷപ്പെട്ടു
ശൗചാലയത്തിന്റെ മുകളിലെ ജനലിന്റെ കമ്പിയഴിയുടെ നടുക്കു വിടവുണ്ട്. ഇതിലൂടെയാണ് കുഞ്ഞിനെ പുറത്തേക്കിട്ടത്. താഴെ, കൂർത്ത കമ്പിയും കല്ലുമുണ്ടായിരുന്നു. ഇവയുടെ നടുവിൽ കുറ്റിച്ചെടികൾക്കിടയിലാണ് കുഞ്ഞു വീണത്. അല്പം മാറിയിരുന്നെങ്കിൽ കമ്പിയിൽ വീണേനേ.
ആശുപത്രി പരിസരത്ത് തെരുവുനായ്ക്കളുണ്ട്. കുഞ്ഞിനെ പെട്ടെന്നുതന്നെ കണ്ടെത്തിയതു രക്ഷയായി.
മെഡിക്കൽ കോളേജിൽ കുഞ്ഞിന്റെ എക്സ്-റേ പരിശോധന നടത്തി. പൂർണ ആരോഗ്യവതിയാണ്. ഡി.എം.ഒ.യുടെ ചുമതല വഹിക്കുന്ന ഡോ. ദിലീപും ആർ.സി.എച്ച്. ഓഫീസർ ഡോ. പാർവതിയും ഹരിപ്പാട് ആശുപത്രിയിലെത്തി യുവതിയുടെ ചികിത്സാവിവരം ശേഖരിച്ചു.
Content Highlights: 19-year-old woman gave birth in a hospital restroom in Haripad. The newborn was thrown through a window but survived. Police have registered a case for attempted murder against the mother. Both mother and child are currently under medical care at Vandanam Medical College. The pregnancy was hidden from the family until the incident occurred.
Published: 27 May 2026, 07:58 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented