കണ്ണൂര്‍: ജയില്‍ചാടാനുള്ള തീരുമാനം ശിക്ഷായിളവ് കിട്ടില്ലെന്ന് മനസ്സിലാക്കിയതോടെയാണെന്ന് ഗോവിന്ദച്ചാമി. സഹതടവുകാര്‍ക്ക് തന്നോട് സഹതാപം തോന്നി. തന്റെ കഴിവ് കാട്ടിക്കൊടുക്കണമെന്ന് അവര്‍ പറഞ്ഞതും  ജയില്‍ചാട്ടത്തിന് പ്രചോദനമായെന്നു പിടികൂടിയതിന് പിന്നാലെ പോലീസിന് നൽകിയ മൊഴിയിൽ ഗോവിന്ദച്ചാമി പറഞ്ഞു.

To advertise here,

ട്രെയിന്‍ മാര്‍ഗം രക്ഷപ്പെടാനായിരുന്നു പദ്ധതി. കയ്യില്‍ പണമില്ലാത്തത് തടസ്സമായി. കാല്‍നടക്കാരോട് ചോദിച്ചപ്പോള്‍ റെയിൽവെ സ്റ്റേഷനിലേക്ക്‌ അഞ്ച്‌ കിലോമീറ്റര്‍ ഉണ്ടെന്ന് പറഞ്ഞു. നടന്നു പോകുന്നതിനിടെ ഒരു ആശുപത്രിയുടെ ഭാഗത്തുവെച്ചു വഴിതെറ്റി. ഇടവഴിയിലൂടെ കറങ്ങി ഡിസിസി ഓഫിസിനു മുന്നില്‍ എത്തി. അപ്പോഴാണ് നാട്ടുകാര്‍ തന്നെ ശ്രദ്ധിക്കാന്‍ തുടങ്ങിയതെന്നും ചോദ്യം ചെയ്തപ്പോള്‍ ഓടി രക്ഷപ്പെടുകയുമായിരുന്നുവെന്ന് ഗോവിന്ദച്ചാമി പോലീസിനോട് പറഞ്ഞു.

എട്ടു മാസത്തെ ആസൂത്രിത നീക്കത്തിലൂടെയാണ് ജയില്‍ചാട്ടം നടപ്പാക്കിയത്. പകല്‍സമയം ഉറങ്ങി, രാത്രി ഉറങ്ങാതെ കമ്പി മുറിച്ചു. ബിസ്‌ക്കറ്റ് കവറുകള്‍ സൂക്ഷിച്ചുവെച്ചു. ജയില്‍ ചാടുമ്പോള്‍ ഇലക്ട്രിക് ഫെന്‍സിങ്ങില്‍ പിടിച്ചത് ബിസ്‌കറ്റിന്റെ കവര്‍ ഉപയോഗിച്ചായിരുന്നു. റിപ്പര്‍ ജയാനന്ദന്റെ ജയില്‍ചാട്ടം മാതൃകയാക്കിയെന്നും ഇയാള്‍ പറയുന്നു. ഒറ്റക്കയ്യും പല്ലും  ഉപയോഗിച്ചാണ് തുണിയിലൂടെ കയറി മതില്‍ ചാടിയത്. ഒരു കൈ ഉപയോഗിച്ച്  തുണിയില്‍ പിടിച്ച് കയറി. പിന്നീട് വായ ഉപയോഗിച്ച് തുണി കടിച്ചുപിടിച്ചു.

അഴിയറുക്കാന്‍ തുടങ്ങിയത് നാലു മാസം മുന്‍പാണെന്നും ഗോവിന്ദചാമി പറയുന്നു. വാര്‍ഡര്‍മാര്‍ മുഴുവന്‍ സമയവും ഫോണില്‍ കളിക്കുന്നു. തൊട്ടു മുന്നിലെ മുറിയില്‍ ഉണ്ടായിട്ടും ശ്രദ്ധിക്കാറില്ല. ശ്രദ്ധ പരിശോധിക്കാന്‍ ഗ്ലാസും പ്ലേറ്റും പുറത്തെറിഞ്ഞ് പരീക്ഷിക്കും, വാര്‍ഡര്‍മാര്‍ ശബ്ദം കേള്‍ക്കാറില്ല. കമ്പി നൂല്‍വണ്ണം ആയിട്ടും വാര്‍ഡര്‍മാര്‍ നോക്കിയില്ലെന്നും ഗോവിന്ദചാമി മൊഴിയില്‍ പറയുന്നു.