കണ്ണൂർ: കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ കണ്ണൂർ സെൻട്രൽ ജയിലിലെ നാലു പേർക്കെതിരെ നടപടി. ഡപ്യൂട്ടി പ്രസൺ ഓഫിസർ, രജീഷ്, അസിസ്റ്റന്റ് പ്രിസൺ ഓഫിസർമാരായ സഞ്ജയ്, അഖിൽ, നൈറ്റ് ഓഫിസർ റിജോ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്നും കണ്ണൂർ റേഞ്ച് ഡിഐജി വി. ജയകുമാർ സംഭവം അന്വേഷിക്കുമെന്നും ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ വ്യക്തമാക്കി.

To advertise here,

ഗോവിന്ദച്ചാമി ജയിൽ ചാടിയ വിവരം അധികൃതർ അറിഞ്ഞത് അഞ്ച് മണിക്കൂർ കഴിഞ്ഞാണ്. രാവിലെ പരിശോധനയ്ക്കിടെയാണ് ഗോവിന്ദച്ചാമി സെല്ലിലില്ലെന്ന വിവരം മനസ്സിലായത്. അതീവസുരക്ഷയുള്ള ജയിലിൽനിന്നാണ് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഗോവിന്ദച്ചാമി രക്ഷപ്പെട്ടത് എന്നത് ആശങ്കയുളവാക്കുന്നു. അർധരാത്രി 1.10-നാണ് ഇയാൾ ജയിൽ ചാടിയതെന്നാണ് ലഭിക്കുന്ന വിവരം. ജയിൽക്കമ്പി മുറിച്ചാണ് ഇയാൾ രക്ഷപ്പെട്ടത്. ഏഴര മീറ്റർ ഉയരമുള്ള മതിൽ ചാടിക്കടകടന്നാണ് ജയിലിന് പുറത്തെത്തിയത്.  ഇലക്ട്രിക് ഫെൻസിങ് പ്രവർത്തിച്ചില്ല എന്നും കരുതപ്പെടുന്നു.

ജയിൽ ചാടി മണിക്കൂറുകൾ മാത്രമാണ് ഗോവിന്ദച്ചാമിക്ക് പുറത്തു കഴിയാനായത്. ചിലർ ഇയാളെ തിരിച്ചറിയുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. ജയിൽ സ്ഥിതി ചെയ്യുന്ന പള്ളിക്കുന്നിൽനിന്ന് രണ്ട് കിലോമീറ്റർ ദൂരത്തിലുള്ള തളാപ്പിൽ നിന്നാണ് പിടിയിലായത്. ആളൊഴിഞ്ഞ പുരയിടത്തിൽ ഒളിച്ച് നിൽക്കുകയായിരുന്നു. പോലീസ് വരുന്നുവെന്ന് മനസ്സിലായപ്പോൾ ഓടിയ ​ഗോവിന്ദച്ചാമി നാഷണൽ സ്റ്റാറ്റിസ്റ്റിക് ഓഫീസിന്റെ കിണറിൽ ചാടി. പിന്തുടർന്ന പോലീസ് ഇയാളെ കിണറ്റിൽനിന്ന് വലിച്ചെടുത്തു.