കഴക്കൂട്ടം: കാര്യവട്ടം സർക്കാർ കോളേജിൽ ജൂനിയർ വിദ്യാർഥികൾക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂര മർദനം. ഒന്നാംവർഷ ബയോടെക്‌നോളജി വിദ്യാർഥി ബിൻസ് ജോസ്, ബയോകെമിസ്ട്രി വിദ്യാർഥി അഭിഷേക് എന്നിവർക്കാണ് മർദനമേറ്റത്. സംഭവത്തിൽ ഇരുവരും കഴക്കൂട്ടം പോലീസിൽ പരാതിനൽകിയെങ്കിലും അഭിഷേകിന്റെ പരാതിയിൽ മാത്രമാണ് കേസെടുത്തത്.

To advertise here,

വിദ്യാർഥികളായ അലൻ, ആനന്ദൻ, വേലു, സൽമാൻ, ശ്രാവൺ, പാർത്ഥൻ, ഇമ്മാനുവൽ എന്നിവർക്കെതിരേയാണ് കേസ്. ഇവരെ അറസ്റ്റുചെയ്തിട്ടില്ല. മർദനമേറ്റവർ റാഗിങ് പീഡനം ആരോപിച്ച് കോളേജ് പ്രിൻസിപ്പലിനും പരാതി നൽകിയിട്ടുണ്ട്. റാഗിങ് നടന്നോയെന്നതു സംബന്ധിച്ച്‌ പ്രിൻസിപ്പലിൽനിന്നു വിവരം തേടുമെന്ന് കഴക്കൂട്ടം പോലീസ് അറിയിച്ചു.

മൂന്നാം വർഷ വിദ്യാർഥികളാണ് തങ്ങളെ മർദിച്ചതെന്ന്‌ അഭിഷേക് പറഞ്ഞു. ചൊവ്വാഴ്ച ആഹാരം കഴിച്ച ശേഷം താനും ബിൻസും കൈകഴുകി നിൽക്കവേ, സീനിയർ വിദ്യാർഥികളെത്തുകയും അവരെ ബഹുമാനമില്ലെന്നാരോപിച്ച് കാംപസിൽത്തന്നെയുള്ള യൂണിയൻ ഓഫീസിൽ കൊണ്ടുപോയി മർദിക്കുകയുമായിരുന്നുവെന്ന് അഭിഷേക് പറയുന്നു. ബിൻസിനെയും പ്രതികൾ മർദിച്ചു. കുപ്പിവെള്ളത്തിൽ തുപ്പിയ ശേഷം നിർബന്ധിപ്പിച്ച് ബിൻസിനെക്കൊണ്ട്‌ അതു കുടിപ്പിച്ചു. കോളേജിൽ െവച്ചിരുന്ന ബൈക്കും നശിപ്പിച്ചു- അഭിഷേക് പറയുന്നു.

പരാതി നൽകിയ ശേഷം ചികിത്സയ്ക്കായി പാങ്ങപ്പാറ ഹെൽത്ത് സെന്ററിലെത്തിയ തന്നെയും പിതാവിനെയും അവിടെയുമെത്തി പ്രതികൾ ജാതിയാക്ഷേപമുൾപ്പെടെ നടത്തിയെന്നും അഭിഷേക് പറഞ്ഞു. അതേസമയം, പാങ്ങപ്പാറ ഹെൽത്ത് സെന്ററിൽെവച്ച് അഭിഷേകും പിതാവും തന്നെ ആക്രമിച്ചതായി കാട്ടി അലൻ കഴക്കൂട്ടം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിൽ അഭിഷേകിനെയും പിതാവ് പ്രദീപിനെയും പ്രതികളാക്കി പോലീസ് കേസെടുത്തു.