ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി. അർധരാത്രിയോടെയാണ് ക്രിമിനൽ പശ്ചാത്തലമുള്ളവർ തമ്മിൽത്തല്ലിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തെത്തിയിട്ടുണ്ട്.

To advertise here,

സംഘർഷത്തിനിടെ വിഷ്ണു എന്നൊരാൾ എതിർസംഘത്തിനു നേർക്ക് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. പിന്നാലെ കൂട്ടത്തല്ലുണ്ടായി. അതിനിടെ വിഷ്ണുവിന്റെ തല ഒരുകൂട്ടർ ചേർന്ന് പട്ടികകൊണ്ട് അടിച്ചുപൊട്ടിച്ചു. പത്തോളം പേർക്ക് സംഘർഷത്തിൽ പരിക്കേറ്റു. രണ്ടുപേരുടെ പരിക്ക് സാരമുള്ളതാണ്.

ആലപ്പുഴ വലിയകുളങ്ങര ക്ഷേത്രത്തിലെ അശ്വതി ഉത്സവത്തിൽ പങ്കെടുക്കാൻ ഹരിപ്പാടുനിന്ന് ക്രിമിനൽ പശ്ചാത്തലമുള്ള ഒരു സംഘം എത്തിയിരുന്നു. ഇവർ സമീപത്തെ കെടിഡിസി ബിയർ പാർലറിൽ എത്തി. അവിടെ വെച്ച് വിഷ്ണു അടക്കമുള്ള മറ്റൊരു കൂട്ടരുമായി വാക്കേറ്റമുണ്ടായി എന്നാണ് വിവരം. ആദ്യം ബിയർ പാർലറിന് മുന്നിൽവെച്ചും പിന്നീട് ഉത്സവത്തിന്റെ കെട്ടുകാഴ്ച ഒരുക്കുന്ന ജോലികൾ നടക്കുന്ന പരിസരത്തുവെച്ചുമാണ് സംഘർഷമുണ്ടായത്. 

സംഘർഷത്തിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി കുറച്ചുപേരെ കസ്റ്റഡിയിൽ എടുത്തു. ഇതിൽ രണ്ടുപേർ പോലീസ് ജീപ്പിൽനിന്ന് ചാടി രക്ഷപ്പെട്ടു. സംഘർഷത്തിൽ പരിക്കേറ്റവർ വണ്ടാനം മെഡിക്കൽ കോളേജിലും പരുമലയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും പോലീസിന്റെ പിടിയിൽനിന്ന് രക്ഷപ്പെട്ടു.