ലഖ്നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വ്യാജ കൂട്ടബലാത്സംഗ പരാതി ഉന്നയിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഭർത്താവിന്റെ സുഹൃത്തുക്കൾക്കെതിരെയാണ് യുവതി വ്യാജ പരാതി ഉന്നയിച്ചത്. ഭർത്താവിൻ്റെ സുഹൃത്തുക്കൾ തന്നെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്‌തെന്നും സ്വകാര്യ ഭാഗങ്ങളിൽ കുപ്പി തിരുകിയെന്നുമായിരുന്നു പരാതി. എന്നാൽ പോലീസ് അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് വ്യക്തമായതോടെ യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.  

To advertise here,

യുവതി നിരവധി തവണ ഇത്തരത്തിൽ പീഡന പരാതികൾ നൽകുകയും പിന്നീട് മൊഴി മാറ്റി പറയുകയും ചെയ്തിട്ടുള്ളതായി അധികൃതരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുവതി മൂന്ന് തവണ പരാതികൾ നൽകിയിട്ടുണ്ട്. എന്നാൽ ഈ പരാതികളിലെല്ലാം നിരവധി തവണ മൊഴികൾ മാറ്റുകയും താൻ നൽകിയ പരാതികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷകൾ സമർപ്പിക്കുകയും ചെയ്തുവെന്ന് അധികൃതർ പറഞ്ഞു. യുവതി നൽകിയ ഒരു പരാതിയിൽ ഭർത്താവ് ഇപ്പോൾ ജയിലിലാണ്.

നിലവിലെ ഭർത്താവുമായി വിവാഹത്തിന് മുമ്പ് ലിവ് ഇൻ റിലേഷൻഷിപ്പിലായിരുന്നു. കഴിഞ്ഞ വർഷം ജൂണിൽ ഇയാൾ വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് യുവതി ആരോപണം ഉന്നയിച്ചിരുന്നു. താൻ ഗർഭിണിയായിരുന്നുവെന്നും ലൈംഗികാതിക്രമത്തിനിരയായതിനാലും യുവാവ് തന്റെ വയറ്റിൽ ചവിട്ടിയതിനാലുമാണ് കുട്ടി മരിച്ചതെന്നും യുവതി ആരോപിച്ചിരുന്നു. എന്നാൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുന്നിൽ യുവതി മൊഴി മാറ്റി പറഞ്ഞു. ബന്ധം ഉഭയകക്ഷി സമ്മതപ്രകാരമുള്ളതാണെന്നും ഡോക്‌ടറുടെ നിർദേശങ്ങൾ പാലിക്കാത്തതിനാലാണ് ഗർഭം അലസാൻ കാരണമെന്നും യുവതി മജിസ്‌ട്രേറ്റിന് മുന്നിൽ മൊഴിനൽകി.

ഓഗസ്റ്റിൽ, യുവതി വീണ്ടും പോലീസിനെ സമീപിച്ചു. ഭർത്താവും ഭർത്താവിന്റെ സഹോദരി ഭർത്താവും സുഹൃത്തുക്കളിലൊരാളും ചേർന്ന് മൊഴി മാറ്റിപറ‍ഞ്ഞില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് പരാതിയിലെ ആരോപണങ്ങൾ നിഷേധിച്ചതെന്ന് യുവതി പരാതിപ്പെട്ടു. എന്നൽ അതേമാസം തന്നെ ഇരുവരും വിവാഹിതരായെന്നും മുൻ പരാതിയിൽ നടപടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് യുവതി പിന്നെയും പോലീസിനെ സമീപിച്ചു.

നാല് മാസത്തിന് ശേഷം, ജനുവരിയിൽ യുവതി വീണ്ടും പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തി. യുവാവും അമ്മയും ചേർന്ന് അപൂർണ്ണമായിട്ടാണ് വിവാഹം നടത്തിയതെന്നും വിവാഹത്തിൻ്റെ പേരിൽ തന്നെ ബലാത്സംഗം ചെയ്തെന്നുമായിരുന്നു പരാതി. യുവാവ് മർദിക്കുകയും ശരീരത്തിൽ മദ്യം ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചെന്നും ഭർത്താവും രണ്ട് സുഹൃത്തുക്കളും ചേർന്ന് തന്നെ കൂട്ടബലാത്സംഗം ചെയ്തുവെന്നും യുവതി ആരോപിച്ചു. അന്വേഷണത്തിൽ കൂട്ടബലാത്സംഗ ആരോപണങ്ങൾ വ്യാജമാണെന്ന് തെളിഞ്ഞു. മെഡിക്കൽ റിപ്പോർട്ടിൽ പൊള്ളലേറ്റതിൻ്റെ തെളിവുകൾ ലഭിച്ചതിനാൽ യുവാവിനെ ഫെബ്രുവരി 17ന് പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ഇപ്പോൾ ജയിലിലാണ്.

ചൊവ്വാഴ്ച വീണ്ടും പരാതിയുമായി യുവതി പോലീസിനെ സമീപിക്കുകയായിരുന്നു. മാർക്കറ്റിലേക്ക് പോകുംവഴി ഭർത്താവിന്റെ മൂന്ന് സുഹൃത്തുക്കൾ തന്നെ തട്ടിക്കൊണ്ടുപോകുകയും മയക്കാനുള്ള മരുന്ന് കുത്തിവെച്ച് തന്നെ  മാറിമാറി ബലാത്സംഗം ചെയ്തുവെന്നുമായിരുന്നു പരാതി. കഴുത്തിൽ രാസവസ്തു പുരട്ടിയെന്നും സ്വകാര്യ ഭാഗങ്ങളിൽ കുപ്പി തിരുകിയെന്നും പരാതിയിലുണ്ട്. പീഡനശേഷം മാലിന്യക്കൂമ്പാരത്തിലേക്ക് വലിച്ചെറിഞ്ഞതായും യുവതി ആരോപിച്ചു.

തിങ്കളാഴ്ചയാണ് സംഭവം നടന്നതെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. രാത്രി 8.30 ന് വീട്ടിൽ നിന്നിറങ്ങിയ യുവതി ഒരു കാറിൽ കയറുന്നതും രാത്രി 10.19 ന് വീടിന് സമീപം വന്നിറങ്ങുന്നതും വീട്ടിലേക്ക് ഭാവവ്യത്യസങ്ങളൊന്നുമില്ലാതെ നടന്നുനീങ്ങുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. കുറ്റരോപിതരായ യുവാക്കളുടെ കോൾ റെക്കോർഡുകളും ലൊക്കേഷൻ വിവരങ്ങളും പോലീസ് പരിശോധിക്കുകയും ഇവർ കുറ്റകൃത്യം നടന്ന സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ബോധ്യമാകുകയും ചെയ്തു. മെഡിക്കൽ പരിശോധനയിൽ പരാതി വ്യാജമാണെന്ന് കണ്ടെത്തിയതായും യുവതിയെ അറസ്റ്റ് ചെയ്തതായും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ രാജേഷ് കുമാർ സിങ് പറഞ്ഞു.