
ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമമായ ഭാരതീയ ന്യായ് സംഹിത നിലവില്‍ വന്നശേഷമുള്ള ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ഡല്‍ഹി പോലീസ്. റോഡ് തടസപ്പെടുത്തിയതിന് തെരുവുകച്ചവടക്കാരനെതിരെയാണ് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസെടുത്തത്. ഭാരതീയ ന്യായ് സംഹിതയിലെ 285-ാം വകുപ്പ് പ്രകാരമാണ് കേസ്.
രാത്രിയില്‍ പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘമാണ് തെരുവുകച്ചവടക്കാരന്‍ കുപ്പിവെള്ളവും പുകയില ഉത്പന്നങ്ങളും വില്‍ക്കുന്നതായി കണ്ടത്. കച്ചവടക്കാരന്റെ താത്കാലിക സ്റ്റാള്‍ റോഡ് തടസമുണ്ടാക്കുമെന്നതിനാല്‍ അത് നീക്കാന്‍ പോലീസ് ആവശ്യപ്പെട്ടു. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വഴങ്ങാത്തതിനെ തുടര്‍ന്നാണ് പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതെന്ന് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു. ബിഹാര്‍ സ്വദേശി പങ്കജ് കുമാറാണ് രാജ്യത്തെ ഭാരതീയ ന്യായ് സംഹിത പ്രകാരം രജിസ്റ്റര്‍ചെയ്ത ആദ്യ കേസിലെ പ്രതി.
ഞായറാഴ്ച അര്‍ധരാത്രി മുതലാണ് ഇന്ത്യയില്‍ പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നത്. ഇതോടെ 164 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ ശിക്ഷാനിയമം (ഐ.പി.സി) ചരിത്രമായി. ഒപ്പം ക്രിമിനല്‍ നടപടിക്രമം (സിആര്‍.പി.സി), ഇന്ത്യന്‍ തെളിവുനിയമം എന്നിവയും അസാധുവായി.
ഐ.പി.സിക്ക് പകരം ഭാരതീയ ന്യായ് സംഹിത (ബി.എന്‍.എസ്), സിആര്‍.പി.സിക്ക് പകരം ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എന്‍.എസ്.എസ്), തെളിവുനിയമത്തിന് പകരമായി ഭാരതീയ സാക്ഷ്യ അധീനിയം (ബി.എസ്.എ) എന്നിവയാണ് രാജ്യത്ത് നിലവില്‍വന്നത്.
കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 12-നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ നിയമത്തിന്റെ കരട് അവതരിപ്പിച്ചത്. അപാകതകൾ പരിഹരിച്ച് ഡിസംബര്‍ 13-ന് പുതുക്കി അവതരിപ്പിച്ചു. ഡിസംബര്‍ 25-ന് രാഷ്ട്രപതി അംഗീകാരം നല്‍കി.
Content Highlights: First Case Under New Criminal Code Bharatiya Nyay Sanhita Filed Against Street Vendor In Delhi
Published: 01 Jul 2024, 10:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented