
കൊച്ചി: എറണാകുളം വൈപ്പിനിൽ വനിതാ ഓട്ടോ ഡ്രൈവർക്ക് ക്രൂര മർദ്ദനം. വൈപ്പിൻ സ്വദേശിനിയായ ജയ (47)യ്ക്കാണ് മർദ്ദനമേറ്റത്. യാത്രക്കാരായ മൂന്ന് പുരുഷന്മാർ ചേർന്ന് മർദിക്കുകയായിരുന്നു. വാരിയെല്ലിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റു. ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ച് ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളതായും ബന്ധുക്കൾ പറഞ്ഞു.
തിങ്കളാഴ്ച രാത്രിയാണ് യുവതിക്ക് മർദ്ദനമേറ്റത്. കടപ്പുറം ബദരിയ പള്ളിയുടെ വടക്കുവശത്തുവച്ചാണ് അക്രമമുണ്ടായത്. ഒരു യുവാവ് ആശുപത്രിയിലേക്ക് ഓട്ടം വിളിക്കുകയായിരുന്നു. കുറച്ച് ദൂരം പിന്നിട്ട് ചെറായിയിൽ എത്തിയപ്പോൾ രണ്ട് സുഹൃത്തുക്കളെ കൂടി ഇയാൾ ഓട്ടോയിൽ കയറ്റി. തുടർന്ന് മറ്റൊരു ആശുപത്രിയലേക്ക് പോകണമെന്ന് പറഞ്ഞതോടെ ജയ അവിടേക്ക് വാഹനം തിരിച്ചു. പണം മറ്റൊരിടത്തു നിന്ന് വാങ്ങി ആശുപത്രിയിൽ കൊടുക്കണമെന്ന് പറഞ്ഞതോടെ അവിടേക്കും പോകുകയായിരുന്നു. ഒടുവിൽ ഇവരുടെ വാഹനം കുഴുപ്പിള്ളിക്ക് സമീപം ചാത്തങ്ങാട് ബീച്ചിലാണ് ഉള്ളതെന്നും അവിടേക്ക് എത്തിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് ഏകദേശം പത്ത് മണിയോടെ ബീച്ചിന്റെ ഭാഗത്തെത്തിയതോടെ ഇവർ മറ്റൊരു സ്ഥലത്തേക്ക് പോകണമെന്ന് ആവശ്യപ്പട്ടു. രാത്രി ഇനിയും ഓട്ടം തുടരാൻ കഴിയില്ലെന്നും മറ്റൊരു വാഹനം ഏർപ്പാടാക്കി തരാമെന്നും ജയ പറഞ്ഞതോടെ യുവാക്കള്‍ പ്രകോപിതരായി. തുടർന്ന് മൂവരും ചേർന്ന് യുവതിയെ ക്രൂരമായി മർദിക്കുകയായിരുന്നു.
ബഹളം കേട്ട് പരിസരത്തുണ്ടായിരുന്നു ഒരു യുവാവ് സംഭവം തിരക്കുകയും തുടർന്ന് ജയക്കൊപ്പം ഓട്ടോ ഒടിക്കുന്ന ഇല്യാസിനെ വിവരം അറിയിക്കുകയുമായിരുന്നു. ഓട്ടോ കടപ്പുറത്തെത്തിയപ്പോൾ വണ്ടിയിൽ നിന്നിറക്കി കുനിച്ചുനിർത്തി മുതുകിന് ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞതായി ഇല്യാസ് പറഞ്ഞു. യുവാക്കളുടെ വാഹനം ബീച്ചിലിരിക്കുകയാണെന്നാണ് പറഞ്ഞാണ് ജയയെ അവിടെയെത്തിച്ചതെന്നും ഇല്യാസ് പറഞ്ഞു. തുടർന്ന് പോലീസിൽ വിവരമറിയിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ആദ്യം സമീപത്തെ ആശുപത്രിയലെത്തിച്ചപ്പോൾ സ്കാനിങ്ങിൽ നെഞ്ചിലെ എല്ലിനുൾപ്പെടെ പൊട്ടലുള്ളതിനാൽ വിദഗ്ദ ചികിത്സക്കായി ലിസി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വർഷങ്ങളായി ഓട്ടോ ഓടിക്കുന്നയാളാണ് ജയയെന്നും ആരോ മനപ്പൂർവ്വം ചെയ്യിച്ചതാണോയെന്നാണ് സംശയമെന്നും ബന്ധുക്കൾ ആരോപിച്ചു. ജയയ്ക്ക് ഭീഷണിയുണ്ടായിരുന്നതായും സഹോദരിയും സുഹൃത്തും പറഞ്ഞു.
അതേസമയം ഓട്ടോയിൽ യാത്ര ചെയ്തവരെ ഇതിന് മുമ്പ് പരിചയമില്ലെന്നും ഇവരുടെ സംസാരത്തിൽ നിന്നും ഉദയ കോളനിയിലുള്ളവരാണെന്നാണ് സംശയിക്കുന്നതെന്നും യുവതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: Female auto driver brutally beaten up in Kochi
Published: 11 Jun 2024, 04:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented